Image

ഇള പറഞ്ഞ കഥകള്‍ 14: ഇളയുടെ ബാല്യം (ജിഷ യു.സി)

ജിഷ യു.സി Published on 16 November, 2021
 ഇള പറഞ്ഞ കഥകള്‍ 14: ഇളയുടെ ബാല്യം (ജിഷ യു.സി)
ഇളയുടെ ബാല്യം കുഞ്ച എന്നവള്‍ വിളിക്കുന്ന കുഞ്ചാണനെ ചുറ്റിപ്പറ്റിയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല

കുഞ്ചിരിയും സരസയും പുളവയും അവരവരുടെ തിരക്കുകളില്‍ തുടരുമ്പോള്‍ ഒരുവയസ്സന്‍ കുട്ടിയും ഒരുവയസ്സുകാരി കുട്ടിയും അവരുടെ ലോകം മെനഞ്ഞു. തൊടിയില്‍ മരുന്നു തിരയാന്‍ കുഞ്ചക്കൊപ്പം അവളും പോവും. തെച്ചിയും, കറുകയും, മുക്കുറ്റിയും, നിലംപരണ്ടയും പര്‍പ്പടകവും, കുറുന്തോട്ടിയുമെല്ലാം അവളും തിരിച്ചറിഞ്ഞു തുടങ്ങി.

'ഇളേ ആ കുറുന്തോട്ടിവേര് ങ്ങട്ട് ട്ക്ക്'

കുഞ്ച പറയേണ്ട താമസം അവള്‍ കെട്ടാക്കി വച്ച കുറുന്തോട്ടി നിലത്തു കൂടി വലിച്ച് അയാള്‍ക്കടുത്തേക്കെത്തും.
'മുടുക്കത്തി' ...

അയാള്‍ ഒരു കല്‍ക്കണ്ട ത്തുണ്ട്, അല്ലെങ്കില്‍ ഒരു ഉണക്കമുന്തിരി, അവളുടെ കുഞ്ഞിക്കൈ വെള്ളയില്‍ വച്ചു കൊടുക്കും.

'ഇളേ കുഞ്ചീനോട് ആട്ടും പാല് അരിച്ചു വച്ചോന്ന് ചോയ്ച്ച് ബാ'

അരിച്ച ആട്ടിന്‍ പാലുമായി വരുന്ന മുത്തശ്ശിക്കൊപ്പം വീണ്ടും അവള്‍ കുഞ്ചക്കടുത്ത് എത്തും.ഗുളികയുരുട്ടലിലും അവള്‍ അയാളുടെ സഹായിയായി അവള്‍ നില്‍ക്കും .മൂന്നു വയസ്സു തികഞ്ഞപ്പോള്‍ അവളെ എഴുത്തിനിരുത്തിയത് കുഞ്ചാണനായിരുന്നു.അവളുടെ ആദ്യ ഗുരുവും കുഞ്ച തന്നെ. പട്ടണത്തില്‍ നിന്നും പുളവകൊണ്ടുവന്ന കല്ലു സ്റ്റേറും പെന്‍സിലുമായി അവള്‍ മുത്തശ്ശനരികിലിരിക്കും
ആദ്യമാദ്യം കുഞ്ചാണന്‍ കൈ പിടിച്ച്എഴുതിച്ചിരുന്നു
പിന്നീട് അവള്‍ തനിയെ എഴുത്തു തുടങ്ങി.
സ്‌കൂളില്‍ പോക്കു തുടങ്ങും വരെ ഊണും ഉറക്കവും എന്നു വേണ്ട എല്ലാം അവള്‍ക്ക് മുത്തശ്ശനൊപ്പമായിരുന്നു.അന്നൊക്കെ
കുഞ്ചാണന്‍ താമരച്ചേര് അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ വിരലില്‍ തൂങ്ങി ഇളയും ഒപ്പമിറങ്ങും.കുട്ടപ്പന്റ പീടികയില്‍ പാല്‍ ചായയും പരിപ്പുവടയും തിന്ന് വിരലില്‍ തൂങ്ങി അവള്‍ നുണക്കുഴി തെളിയിച്ച് എല്ലാവരേയും നോക്കി ചിരിച്ചു കൊണ്ടങ്ങനെ നടക്കും. കിലുകിലെ സംസാരിക്കും .

അങ്ങനെ സ്വയം നടക്കാറായതു മുതല്‍ അവളുടെ പാദങ്ങള്‍ താമരച്ചേരിന്റെ പാതകളിലും ,താമരച്ചേരിക്കാരുടെ മനസ്സിലും പാദസരക്കിലുക്കങ്ങള്‍ തീര്‍ത്തിരുന്നു.



മുന്‍ ലക്കങ്ങള്‍ വായിക്കുവാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക