വള്ളസദ്യ (കഥ: രമണി അമ്മാൾ)

Published on 16 November, 2021
വള്ളസദ്യ (കഥ: രമണി അമ്മാൾ)
നാട്ടിൽ പോയിട്ടു തിരിച്ച് ആറന്മുള വഴി വരുമ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്
പാർത്ഥസാരഥി ക്ഷേത്ര ദർശനം..
ഭഗവാനെ കണ്ടു ദീപാരാധന തൊഴണമെങ്കിൽ രാവിലെയോ വൈകിട്ടോ ക്ഷേത്രത്തിലെത്തണം....
ഏതെങ്കിലും ഒരു സമയത്താവും ഇതുവഴി കടന്നുപോകുന്നത്...
രാവിലേതന്നെ കുളിച്ചു  വീട്ടിൽനിന്നിറങ്ങുമ്പോൾ
ഇന്നത്തെ ക്ഷേത്രദർശനം മനസ്സിലുണ്ടായിരുന്നു.. ഇടയ്ക്ക് ട്രാഫിക്ബ്ളോക്കിലൊന്നും
പെട്ടില്ലെങ്കിൽ നടയടയ്ക്കുംമുൻപ്
ക്ഷേത്രത്തിലെത്തും.. 
.ഭഗവാനെ തൊഴുതു വഴിപാടുകളും നടത്തി സഹോദരിയുടെ വീട്ടിലും ഒന്നു കയറിയിട്ട് ഇന്നുതന്നെ തൃശൂരെത്തണം. 
നാട്ടിലെ അയൽപക്ക സുഹൃത്തിന്റെ മകളുടെ കല്യാണം കൂടാനായിരുന്നു ഇപ്പോഴത്തെ  ഈ വരവ്.. ഇന്നലെയായിരുന്നു കല്യാണം.. 
വളളസദ്യയുടെ നാളുകളാണെന്നറിയില്ലായിരുന്നു
പൊന്നിൻകൊടിമരത്തിന്റെ മുന്നിൽനിന്ന് ഭഗവാനെ ഒന്നുകൂടി  തൊഴുതു  പിന്തിരിയുമ്പോൾ  
വളളസദ്യക്കു വിളമ്പാനുളള വിഭവങ്ങൾ ഓരോന്നോരോന്നായി
ഊട്ടുപുരയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന 
കാഴ്ച.. വിഭവങ്ങളുടെ സമ്മിശ്രഗന്ധം..
വലിയ 
ഓട്ടുരുളിയിൽ വാഴയിലകൊണ്ടുമൂടിക്കൊണ്ടുപോയ അവിയലിന്റെ കൊതിപ്പിക്കുന്ന ഗന്ധം വേറിട്ട് ചുറ്റിപ്പറ്റി നിന്നു..
വളളസദ്യയ്ക്കു വിളമ്പുന്ന വിഭവങ്ങളേക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്.  വഴിപാടായി സദ്യ നടത്തുന്നവരുടെ 
പണവും പ്രൗഢിയും  അനുസരിച്ച് ഇലയിൽ വിളമ്പുന്ന വിഭവങ്ങളുടെ ആഢംബരങ്ങളും കൂടും..
ക്ഷേത്രത്തിന്റെ പടിക്കെട്ടുകളിറങ്ങി കാറിനടുത്തേക്കു നടക്കുമ്പോൾ 
യൂണിവേഴ്സിറ്റി കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന ദിലീപ് 
തൊട്ടുമുന്നിൽ..! 
"അളിയാ...നീ... എത്രനാളുകൾക്കു ശേഷമാടാ  നമ്മളുതമ്മിൽ കാണുന്നത്.. നീ ആളാകെ മാറിയല്ലോ..കുടവയറും കഷണ്ടിയും..ഒരു ഗുമസ്ഥന്റെ സർവ്വ ലക്ഷണവും ഒത്തുവന്നിട്ടുണ്ട്.
നീയിപ്പോൾ തൃശൂരാണല്ലേ...?
കുറച്ചുനേരം
വെയിറ്റു ചെയ്യാമെങ്കിൽ നിങ്ങൾക്ക് വളളസദ്യ ഉണ്ടിട്ടുപോകാം.."
എന്റെ വീടിവിടെ തൊട്ടടുത്തുതന്നെയാണ്..
വാ..കയറിയിട്ടുപോരാം..
വരുമ്പോഴേക്കും സദ്യയ്ക്കുളള സമയവുമാകും.."
അവിയലിന്റെ കൊതിപ്പിക്കുന്ന മണം നാസികത്തുമ്പത്ത് തുടരുകയാണ്....
ആഗ്രഹ സാഫല്യം.
"ഇതൊരു  ആചാരവും ചടങ്ങുമാണ്...ചില നിഷ്ഠകളും, ചട്ടങ്ങളുമൊക്കെയുണ്ട്
നടത്തിപ്പിന്...
നിങ്ങളാദ്യമായിട്ടല്ലേ വളളസദ്യ കഴിക്കാൻ പോകുന്നത്..?"
"സദ്യക്ക് അഞ്ചുപേർക്കുകൂടി ഇലയിടണം..."
സദ്യ നടത്തിപ്പുകാരെ
 ഫോൺചെയ്ത്
ഉറപ്പാക്കാൻ  ദിലീപ് ശ്രദ്ധിച്ചു..
"ബേക്കറിയിൽ നിന്ന് എന്തെങ്കിലും വാങ്ങി വരൂ"..
ഡ്രൈവറോട് രഹസ്യമായി പറഞ്ഞു..
അവന്റെ വീട്ടിലേക്ക് കയ്യും വീശിയെങ്ങനെ..?
എടാ നിന്റെ കുട്ടികളുടെ പഠിത്തമൊക്കെ..സ്കൂളും കോളേജുമൊക്കെയായോ..എന്നേക്കാൾമുന്നെയായിരുന്നല്ലോ നിന്റെ കല്യാണം.."
എനിക്കു "കുഞ്ഞുങ്ങളൊന്നും ആയില്ലടാ..."
പ്രായമായ അച്ഛനും അമ്മയും ഭാര്യയും മാത്രമടങ്ങുന്ന ദിലീപിന്റെ
ഒച്ചയും ബഹളവുമില്ലാത്തവീട്..
പലഹാരക്കവർ ആരേയും ഏല്പിക്കാൻ തോന്നിയില്ല മേശപ്പുറത്തുവച്ചു..

ആചാരവെടിയുടെ മുഴക്കം....വാദ്യഘോഷ
ങ്ങളുടെ അകമ്പടിയോടെ വളളസദ്യയുടെ ചടങ്ങുകൾ ആരംഭിക്കുകയാണ്..
"ഊട്ടുപുരയിൽ നേരത്തെ എത്തിയാൽ ആദ്യപന്തിയിൽത്തന്നെ
ഇരിപ്പിടം ഉറപ്പാക്കാം..
വരൂ...."

ഇലനിറച്ചും വിഭവങ്ങൾ നിരന്നുകഴിഞ്ഞു.
പാളത്തൈരും ഇടിച്ചമ്മന്തിയും, മാമ്പഴപ്പൂളും, പഴുത്ത ചക്കച്ചുളയും...
വിചാരിച്ചിരിക്കാതെ കൈവന്ന ഭാഗ്യം...
മനസ്സും വയറും നിറഞ്ഞു..
ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിട്ടുളള
ആറന്മുള വളളസദ്യ 
അനുഭവവേദ്യമായ നിർവൃതി..
വീട്ടിൽ ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന സഹോദരിയോട് ക്ഷേത്രത്തിൽ കയറിയിട്ടേ വരൂ എന്നു പറഞ്ഞിരുന്നു..
വളളസദ്യയുടെ കാര്യം നേരിട്ടുപറയാം...
ആറന്മുള ഉത്രട്ടാതി വളളംകളിയും നേരിൽ കണ്ടിട്ടില്ല...
അടുത്തവർഷമാവട്ടെ...

കാറ് കോഴഞ്ചേരി പാലത്തിലേക്കു കയറുകയാണ്...
"പ്രസിദ്ധമായ മാരാമൺ കൺവൻഷൻ നടക്കുന്ന മണൽപ്പുറം"
തൃശൂരുകാരൻ ഡ്രൈവർക്ക് കാണിച്ചുകൊടുത്തു...
ഇതെല്ലാം എന്റെയാണ് ..
എവിടെപ്പോയാലും തിരികെ വിളിക്കുന്ന ഒച്ച എനിക്ക് കേൾക്കാം..
പിറുപിറുത്തത് തല തിരിച്ചൊന്നു നോക്കിയിട്ട് ഡ്രൈവർ വണ്ടി നേരേ വിട്ടു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക