മാന്യന്മാര്‍ (കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 16 November, 2021
മാന്യന്മാര്‍ (കവിത: ഇയാസ് ചൂരല്‍മല)
കാലങ്ങള്‍ക്ക് മുന്നേ
ഉയര്‍ന്നു നോക്കിയാല്‍
ഒരു വശം കടല്‍ പരന്നിരുന്നു
മറുവശം പച്ച വിരിച്ചിരുന്നു

അന്ന് കാലത്തിനൊത്ത്
ഋതുക്കള്‍ വിരുന്നുവരുമായിരുന്നു
വസന്തം വിരിയുമായിരുന്നു
കാലാവര്‍ഷം കൂട്ടുകൂടുമായിരുന്നു

പുഴ കരകവിഞ്ഞതും
മല ഇടിഞ്ഞമര്‍ന്നതും 
സൂര്യകിരണങ്ങള്‍ മേല്‍ പതിച്ചതും
അത്ഭുതമാലെ കേള്‍ക്കുമായിരുന്നു

പഴയ ഭൂപടം ചിതല്‍ തിന്നു
നീല വരകള്‍ വറ്റിവരണ്ടു
ചതുര ചിത്രങ്ങള്‍ ഉയര്‍ന്നു പൊന്തി
പുതുമ തേടി മനുജന്‍ അലഞ്ഞു

തിര തന്‍ തൊണ്ടയില്‍
മാലിന്യം കുരുങ്ങി
തീരത്തിന്‍ നെഞ്ചില്‍
കയ്യേറ്റം തുടര്‍ന്നു

ശ്വാസകോശങ്ങള്‍
ചുളിഞ്ഞു ചുരുങ്ങി
ദൈവമാഴ്ത്തിയ അണികള്‍
ചെത്തി ചുരുക്കി 

വര്‍ഷവും വസന്തവും
ശൈത്യവും ഉഷ്ണവും
കാലമേതെന്നറിയാതെ
വീടുവിട്ടിറങ്ങി തുടങ്ങി

മരണ വെപ്രാളത്താല്‍ പ്രകൃതി
വിരലൊന്നു കുടഞ്ഞു
തൊണ്ടപൊട്ടുമാര്‍ ഛര്‍ദ്ദിച്ചു 
കണ്ണീരു വാര്‍ത്തു ഉച്ചത്തിലലറി

കുടച്ചിലില്‍ എടുപ്പുകള്‍ പിളര്‍ന്നു
ഛര്‍ദ്ദിയില്‍ കടലൊന്നുയര്‍ന്നു
കണ്ണീരില്‍ പലതും പുതിര്‍ന്നു
ശബ്ദമാല്‍ പലരും വിറച്ചു 
പല ജീവനും ജീവിതവും ഓര്‍മ്മയായ്

കണ്ടു നിന്നവരൊക്കെയും
മാന്യരായടക്കം പറഞ്ഞു
പ്രകൃതി നാശം വിതച്ചു
ഒത്തിരി ജീവന്‍ അപഹരിച്ചു..!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക