വിലക്കപ്പെട്ട മഴ (കവിത: പ്രദീഷ്)

Published on 16 November, 2021
 വിലക്കപ്പെട്ട മഴ (കവിത: പ്രദീഷ്)
എത്ര വേനലുകളാണ്
എന്റെ ചില്ലകളിൽനിന്ന്
വസന്തത്തെ കരിയിച്ചത്.
വിലക്കപ്പെട്ട മഴയുടെ
ചീളുകൾ പതിക്കാതെ
ഊഷരമായിക്കൊണ്ടിരിക്കുന്ന
ഭൂമിയും, പച്ചപ്പും.
വരണ്ട തൊണ്ടകളിൽനിന്നും
പുലരിയുടെ സംഗീതം
പുറപ്പെടുവിക്കാനാകാതെ
പക്ഷികൾ ആകാശത്തേക്ക്
ചുണ്ടുകൾ തുറക്കുന്നു.

വരളുന്ന നിലങ്ങൾ!
വിളറുന്ന ബാല്യങ്ങൾ!
നിറംമങ്ങിയ തൂവലുകൾ!
വറ്റിവരണ്ട്‌ നഗ്നമാക്കപ്പെട്ട
കൈത്തോടുകൾ!
അന്ധമായ കാഴ്ചകൾ ചുറ്റിനും.

സൂര്യൻ ഉദിക്കുന്നതിനും മുൻപ്
നമുക്ക് കാടുകൾ വെട്ടിത്തെളിക്കാം,
കുന്നുകൾ ഇടിച്ചുനിരത്താം,
എന്നിട്ട് വറ്റിവരളുന്ന
അരുവികളും, പുഴകളും
അതിരുകെട്ടിത്തിരിച്ചെടുക്കാം.
എല്ലാമൊന്ന് ശാന്തമാകുമ്പോൾ
മൂർച്ചയുള്ള കാൽനഖങ്ങളുമായി
നമ്മെ റാഞ്ചാൻ വരുന്ന
കഴുകൻകാലുകൾനിറഞ്ഞ സ്വപ്നങ്ങളെ
കൈനീട്ടി സ്വീകരിക്കാം.
മരണമെത്തുവോളം
വിശപ്പുതിന്നു ജീവിക്കാം.
 വിലക്കപ്പെട്ട മഴ (കവിത: പ്രദീഷ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക