Image

ഒറ്റയാൻ മുറിയുള്ള വീട് (കവിത-സൂര്യഗായത്രി പി.വി)

Published on 16 November, 2021
ഒറ്റയാൻ മുറിയുള്ള വീട് (കവിത-സൂര്യഗായത്രി പി.വി)

അയാളുടെ കണ്ണുകൾ ഉപ്പിലിട്ട
ചുളുങ്ങിയ രണ്ടു
കണ്ണിമാങ്ങകൾ പോലെയാണ്.
അപരന്റെയും അങ്ങനെ തന്നെ.
അപരാഹ്‌നത്തിൽ
രണ്ടു പേരും എത്തിനോക്കുന്നു ,
കാത്തിരിപ്പിന്റെ കട്ടപ്പുറത്ത്.

ചാവുവെള്ളം വറ്റിയ
വെളുത്ത പ്രതലത്തിലെ
കറുത്ത സമുദ്രശിലകളിൽ
അയാൾ കൊത്തിയെടുക്കുന്നു
ഓർമ്മകളടർന്ന ശല്ക്കങ്ങളെ.
അയാളെന്നാൽ കട്ടപ്പുറത്ത്
സഡൻ ബ്രേക്കിട്ട
ഒറ്റബോഗിയുള്ളൊരു തീവണ്ടിയെന്നർത്ഥം .

അയാൾ മുതിർന്നൊരു
കായ്ക്കാ മരം.
പലവട്ടം കൊള്ളയുടെ മഴുവേറ്റ മുറിവുമായി കാറ്റിൽ മദം പൊട്ടി
ഇളകി മറിഞ്ഞോൻ.
അയാൾ,നാട്ടിലിറങ്ങിയ ഒറ്റയാനയെപ്പോലെ.
മഴയും വെയിലും തീർത്ത
മുൾക്കിരീടമണിഞ്ഞോൻ.
അപരനുമതുപോലെ തന്നെ.

കൺതടങ്ങളിലെ ചോരകപ്പിയ കരുവാളിപ്പിൽ കണ്ണീരിനു
കല്ലുപ്പിന്റെ ഉടലടയാളം.
അയാളെന്നാൽ തൊണ്ണൂറു വർഷം
ഉപ്പ് വെള്ളം കുടിച്ച്
പാതി മരിച്ചൊരു വീടിന്റെ പര്യായം.

സൂര്യനിറങ്ങുമ്പോൾ
 പട്ടടയിലേക്കയാൾ നടന്നു പോകുന്നു,
സായാഹ്നസവാരിയും ധ്യാനമെന്ന പോലെ.
രാവിലെ പിമ്പേനടന്നൊരപരൻ വൈകുന്നേരത്ത് മുമ്പേ നടക്കുന്നു.
രണ്ടു പേരും ഒരേ വെയിലും നിലാവുമേൽക്കുന്നു.
ഒരേ ടേബിളിനിരുപുറമിരുന്നു
കട്ടൻചായ കുടിക്കുന്നു.
രണ്ടുപേർക്കും ഒരേ പേര്.
ഒരേ ശബ്ദമുള്ള കരച്ചിൽ.
ഒറ്റയ്ക്കുള്ള നിൽപ്.
ഒരേ വേദി.
ഒരേ ഗർഭപാത്രം.
ഒരേ കുഴിമാടം.

രണ്ടു പേരും പരസ്പരം
'നിഴലേ'യെന്നു വിളിച്ചു.
അക്കങ്ങളിൽ നിന്നും അക്കങ്ങളിലേക്കുള്ള പടികയറ്റം.
ഒരു ദിവസം ഒരു അക്കത്തിൽ തന്നെ
അടുത്ത ജന്മത്തേക്കുള്ള
ഒരേ നിൽപ്.
മെലിഞ്ഞ ഗാന്ധിയുടെ ചെരിഞ്ഞ
പിന്തിരിഞ്ഞുനടപ്പുള്ള
നീളൻ ചിത്രം പോലെ.
അവർ പിരിയൻ ഗോവണിയിലിരുന്ന്
രണ്ട് നെടുനീളൻ കരിനിഴലുകളായി.

പോകുമ്പോൾ കൂടെ അയാൾ
എന്ത് കൊണ്ട് പോകുന്നു.
ഒരു നുള്ള് കനൽ,
ഒരു കീറത്തുണി,
ഒരു പിടിയരി,
ഒരു തുണ്ട് ഭൂമി,
ചിലപ്പോൾ,ചെവിയിൽ
ഒരു കൂട്ടം നിലവിളി,
ഒരു മാവിന്റെ ഗർജനം,
കൂടെ അപരനെയും.

വീട്ടിൽ നിന്നും പിണങ്ങി
ഇറങ്ങിപ്പോകും പോലെ പോകുന്നു.
ഒരു പക്ഷിയുടെ ദേശാടനം പോലെ.
മറ്റൊരിടത്ത് കുടിവെയ്പ്പിനെന്ന പോലെ.
മറ്റേതോ ജന്മത്തേക്ക്
ഈ ജന്മത്തെ കട്ടപ്പുറത്ത് നിന്ന്
ആക്രിക്കടയിലേക്ക്
കൊണ്ട് തള്ളും പോലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക