Image

ഹൃദയം ഓർമിക്കുന്ന ആശ്ലേഷങ്ങൾ (മൃദുമൊഴി 32: മൃദുല രാമചന്ദ്രൻ)

Published on 17 November, 2021
ഹൃദയം ഓർമിക്കുന്ന ആശ്ലേഷങ്ങൾ (മൃദുമൊഴി 32: മൃദുല രാമചന്ദ്രൻ)
ശോഭിത ധുലിപാലയും, ദുൽഖർ സൽമാനും പങ്കെടുത്ത ഒരു അഭിമുഖ സംഭാഷണത്തിൽ അവതാരകൻ ശോഭിതയോട് ചോദിച്ച ഒരു ചോദ്യവും, അതിന് ശോഭിത കൊടുത്ത മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്.

"ദുൽഖർ സൽമാന് ഒപ്പവും, നിവിൻ പോളിക്ക് ഒപ്പവും അഭിനയിച്ചല്ലോ, ഈ രണ്ടു പേരിൽ ആരാണ് കൂടുതൽ കെയറിങ് ?" എന്നായിരുന്നു അവതാരകന്റെ ചോദ്യം. സാധാരണ അവതാരകർ നടിമാരോട് ചോദിക്കുന്ന ഗണത്തിൽപെട്ട ഒരു ചോദ്യം. പക്ഷെ ഇതിന് സാധാരണ നടിമാർ പറയുന്നത് പോലെ പുഞ്ചിരിയും, ലഞ്ജയും, നിഷ്കളങ്കതയും സമാസമം ചേർത്ത്, വളരെ നയപരമായ ഒരു മറുപടിയല്ല ശോഭിത പറഞ്ഞത്.മറിച്ചു പുതു തലമുറ പെണ്കുട്ടികൾ പ്രകടിപ്പിക്കുന്ന സുന്ദരമായ ആർജവത്തോടെ, ആത്മവിശ്വാസത്തോടെ അവർ പറഞ്ഞു ,"എന്റെ സഹതാരങ്ങൾ എന്നെ കെയർ ചെയ്യേണ്ടത് ഉണ്ട് എന്ന് ഭാഗ്യവശാൽ ഞാൻ കരുതുന്നില്ല.അത്തരം ഒരു കരുതൽ എനിക്ക് ആവശ്യമില്ല".എന്ത് അന്തസ്സുള്ള ഉത്തരം...

തന്റെ കൂടെ അഭിനയിച്ച നടിമാരിൽ ആരാണ് കൂടുതൽ കെയർ ചെയ്തത് എന്ന ചോദ്യം കൂടെ ഇരിക്കുന്ന നടനോട് ചോദിക്കാതിരിക്കുകയും, അതേ സമയം അത്തരം ഒരു ചോദ്യം സ്ത്രീയോട് മാത്രം ചോദിക്കുകയും ചെയ്യുന്നിടത്ത് മറനീക്കി  അസമത്വം തെളിഞ്ഞു നിൽക്കുകയാണ്.

കെയർ അല്ലെങ്കിൽ  പരിഗണന അത് അല്ലെങ്കിൽ കരുതൽ  എപ്പോഴും സ്ത്രീ സ്വീകരിക്കേണ്ടതും, പുരുഷൻ നല്കേണ്ടതും ആയ ഒന്നല്ല.അത് ജീവിതത്തിലെ ഓരോ അവസ്ഥകൾക്കും, സാഹചര്യങ്ങൾക്കും അനുസരിച്ച് എല്ലാ മനുഷ്യർക്കും, ലിംഗഭേദങ്ങൾ ഇല്ലാതെ, കൊടുക്കുവാനും, സ്വീകരിക്കാനും സാധിക്കേണ്ട ഒന്നാണ്.

കരുതൽ എന്നത് വളരെ ഊഷ്മളമായ ഒരു വാക്കാണ്. അതിന് ഒരു ചേർത്തു നിർത്തലിന്റെ ആർദ്രതയുണ്ട്.എല്ലാ മനുഷ്യരുടെയും ഒരു വൈകാരിക ആവശ്യമാണ് കരുതൽ അനുഭവിക്കുക എന്നത്.അത് വേണ്ടപ്പോൾ, വേണ്ടവർക്ക്, വേണ്ടത് പോലെ കൊടുക്കുക എന്നത് നല്ല മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.

തീവണ്ടിയിൽ കയറുന്നതിന് ഇടയ്ക്ക് തന്റെ ഒരു ഷൂസ് പ്ലാറ്റ്ഫോമിൽ ഊരി വീണപ്പോൾ, ഒരു നിമിഷം പോലും ചിന്തിക്കാതെ ഓടിത്തുടങ്ങിയ തീവണ്ടിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് മറ്റേ ഷൂ കൂടി പ്ലാറ്ഫോമിലേക്ക് ഊരിയെറിഞ്ഞ ഗാന്ധിജിയെപ്പറ്റി നാം കേട്ടിട്ടുണ്ട്.രണ്ട് ഷൂവും ഒരുമിച്ചു കിട്ടിയാൽ അത് കിട്ടുന്ന ആൾക്ക് ഒരു ഉപയോഗത്തിന് ആകുമല്ലോ എന്ന് ഒരു നിമിഷ നേരം കൊണ്ട് ചിന്തിക്കാൻ സാധിച്ച കരുതൽ ഹൃദയത്തിൽ സദാ നിറഞ്ഞു കിടന്നത് കൊണ്ടാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധി " മഹാത്മ" ആയത്.സഹജീവികളോട് ഉള്ള പരിഗണന അത്രമേൽ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരാൾക്ക് മാത്രമേ, അത്ര പൊടുന്നനെ അങ്ങനെ ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിയൂ.

ലോകത്തിലെ ഏറ്റവും വലിയ അധികാര ദുർഗങ്ങളിൽ ഒന്നായ വൈറ്റ് ഹൗസിൽ, അമേരിക്കൻ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവൽ ഓഫീസിൽ , തന്നെ സന്ദർശിക്കാൻ എത്തിയ വൈറ്റ് ഹൗസ് ജീവനക്കാരന്റെ അഞ്ചോ,ആറോ വയസുള്ള കൊച്ചുമകന് തന്റെ തലമുടി തൊട്ടു നോക്കാൻ വേണ്ടി കുനിഞ്ഞു നിൽക്കുന്ന ബരാക് ഒബാമയുടെ ഒരു ചിത്രം , അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ്‌ സൂസ പകർത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും ശക്തിയുള്ള നേതാക്കന്മാരിൽ ഒരാൾ എന്ന ഭാവമില്ലാതെ, ഒരു കൊച്ചുകുഞ്ഞിന്റെ ആഗ്രഹത്തിന് മുൻപിൽ ഒരു മടിയും ഇല്ലാതെ ശിരസ് കുനിക്കാൻ ബാരക്ക് ഒബാമക്ക് സാധിച്ചത് അദ്ദേഹത്തിന്റെ ഉള്ളിൽ കരുതൽ എന്ന വികാരം ഉള്ളത് കൊണ്ടാണ്.

സ്നേഹം, കരുതൽ ഇതൊന്നും അഭിനയിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല. കുറച്ചു നേരത്തേക്ക് വേണം എങ്കിൽ വളരെ പണിപ്പെട്ട്, ശ്രദ്ധയോടെ അങ്ങനെ പ്രകടിപ്പിച്ചാലും, ആ മുഖംമൂടി വേഗം തന്നെ ഊർന്നു വീഴും.

കൂടെ ഉള്ള ഒരാളോട് കാണിക്കുന്ന പരിഗണന അമൂല്യമാണ് എന്നത് പോലെ തന്നെ അവഗണന വേദനിപ്പിക്കുന്നതും ആണ്.വളരെ ചെറിയ,ചെറിയ കുറെ കാര്യങ്ങൾ കൂടിച്ചേർന്ന് ആണ് പരിഗണിക്കപ്പെട്ടു എന്ന തോന്നൽ ഒരാളിൽ ഉണ്ടാകുന്നത്.അത് ഒരു ചിരിയാകാം, ഒരു വാക്ക് ആകാം, ഒരു തൊടൽ ആകാം....

തള്ളി തുറന്ന വാതിൽ തനിയെ അടയാൻ വിടുന്നതിന് മുൻപ് തൊട്ട് പിന്നാലെ ആരെങ്കിലും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് കരുതൽ ആണ്.ഏതെങ്കിലും ഒരു പൊതുസ്ഥലത്തോ, ഓഫീസിലോ ഒക്കെ ചെല്ലുമ്പോൾ അവിടെ തറ തുടച്ചിട്ടിരിക്കുകയാണെങ്കിൽ , ഒരു രണ്ടു നിമിഷം അത് ഒന്ന് ഉണങ്ങി വൃത്തിയാക്കാൻ കാത്തു നിൽക്കുന്നത് ആ നിലം തുടച്ച ആളോട് ഉള്ള പരിഗണനയാണ്.

ഹോട്ടലിൽ ഭക്ഷണം വിളമ്പി തന്ന സപ്ലെയറോടും,വൈകുന്നേരം വീട്ടിൽ കൊണ്ട് വിട്ട അപരിചിതനായ ഓട്ടോക്കാരനോടും ഒരു നന്ദി പറയുന്നത് പരിഗണനയാണ്.അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്, അവരുടെ സേവനത്തിന് നമ്മൾ പണം കൊടുക്കുന്നുണ്ട് എന്നൊക്കെ ആണെങ്കിലും ആ ഒരു നന്ദി വാക്കിനും, ചിരിക്കും നൽകാൻ കഴിയുന്ന ഒരു ആഹ്ലാദമുണ്ട്.

പലപ്പോഴും ഹൈ പ്രൊഫൈൽ ജോലികൾ ചെയ്യുന്നവരോട് വളരെ സ്വാഭാവികമായി നമ്മൾ നന്ദി പറയാറുണ്ട്.കൺസൾട്ടിങ്‌ ഫീസ് കൊടുത്താലും, ഡോക്ടറോടും, വക്കീലിനോടും, എൻജിനീയറോടും ഒക്കെ നമ്മൾ നന്ദി പറയുന്നു. ആ നന്ദി അവരുടെ അവകാശവും, നമ്മുടെ കടമയും ആണെന്ന് നിഷ്പ്രയാസം നമ്മൾ കരുതുന്നു.പക്ഷെ ഒരു ഓട്ടോക്കാരനോട്‌, തൂപ്പുകാരനോട്, വീട്ട് സഹായിയോട് നന്ദി പറയുമ്പോൾ അത് അവർക്ക് ലഭിക്കേണ്ട ഒന്നായിട്ടല്ല, നമ്മുടെ ഔദാര്യവും, ദയയും ആയിട്ടാണ് നമ്മൾ  വിചാരിക്കുന്നത്.എത്ര നനുത്ത, നേർത്ത ഇടങ്ങളിൽ ഒക്കെയാണ് ചില വിചാരങ്ങൾ ചെന്ന് തൊടുന്നത്...

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയ ഒരു വീഡിയോ ഉണ്ട്.ഉത്സവപ്പറമ്പിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയുടെ കുട്ടി, തന്റെ ശരീരത്തേക്കാൾ വളരെ വലുതായ, ഒരു അയഞ്ഞ ബനിയൻ മാത്രം ഇട്ട കുട്ടി,ആ കുട്ടിയുടെ മുന്നിൽ നിന്ന് വളരെ ആവേശത്തോടെ കയ്യും, കലാശവും കാട്ടി കളിക്കാനോ മറ്റോ ക്ഷണിക്കുകയാണ് ഉത്സവം കാണാൻ വന്ന മറ്റൊരു കുട്ടി.രണ്ടു കുട്ടികൾ, രണ്ട് ജീവിതം ജീവിക്കുന്നവർ.ഒരൽപ്പ സമയം കഴിഞ്ഞു, കളിപ്പാട്ട വില്പനക്കാരിയുടെ കുട്ടി, സങ്കോചത്തോടെ പതിയെ മുന്നിലേക്ക് ചുവട് വച്ച് മറ്റേ കുട്ടിയെ കെട്ടി പിടിക്കുകയാണ്.ഇങ്ങനെ ഒരു ആലിംഗനം പ്രതീക്ഷിക്കാത്തത് കൊണ്ടാകണം മറ്റേ ആൾ ഒന്ന് പതറി.പക്ഷെ അധികം താമസിക്കാതെ രണ്ടു കയ്യും ഉയർത്തി തിരിച്ചും കെട്ടി പിടിച്ചു.രണ്ട് കുട്ടികൾ, അവരുടെ സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും ജ്വലിച്ച ഒരു നിമിഷം. ആ നിമിഷം കഴിഞ്ഞാൽ അവർ രണ്ടു പേരും തീർത്തും വ്യത്യസ്തമായ തങ്ങളുടെ ജീവിതങ്ങളിലേക്ക് തിരിച്ചു നടക്കും.ഒരു പക്ഷെ ജീവിതത്തിൽ ഇനി അവർ കാണുക കൂടി ഉണ്ടാകില്ല.പക്ഷെ കരുണയും, കരുതലും നിറഞ്ഞ ഒരു ആശ്ലേഷത്തിന്റെ ചൂട് അവരുടെ ഹൃദയങ്ങൾ എല്ലാ കാലവും ഓർക്കും.

ആര്, ആരിൽ ആണെത്രെ കരുതൽ ആയത് ???
ഹൃദയം ഓർമിക്കുന്ന ആശ്ലേഷങ്ങൾ (മൃദുമൊഴി 32: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക