ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ശന്പളം ലഭിച്ചേക്കില്ല

Published on 17 November, 2021
 ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ശന്പളം ലഭിച്ചേക്കില്ല

ബെര്‍ലിന്‍: ജര്‍മനിയിലെ കൊറോണ സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിലേയ്ക്കു കയറുന്ന ട്രാഫിക്ക് ലൈറ്റ് മുന്നണി കൊറോണ പ്രവര്‍ത്തന പദ്ധതികള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നാലാം തരംഗത്തില്‍ ശീതകാലത്തിലെ വരും ദിവസങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളും മാര്‍ക്കറ്റുകളും എങ്ങനെയാവണമെന്ന് ഈയാഴ്ച നിര്‍ണയിക്കും.

വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ നാലാമത്തെ തരംഗത്തെ തകര്‍ക്കാന്‍ ഏകീകൃത നിയമങ്ങള്‍ സ്ഥാപിക്കാന്‍ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഇതില്‍ ബൂസ്റ്റര്‍ വാക്‌സിനേഷന്‍, രാജ്യവ്യാപകമായി 2 ജി നിയമങ്ങള്‍ സാധ്യമായ ക്ലിനിക്കല്‍ പരിധികള്‍, കുത്തിവയ്പ് എടുക്കാത്ത ആളുകള്‍ക്ക് സാധ്യമായ ലോക്ക്ഡൗണ്‍ നടപടികള്‍, സെന്‍സിറ്റീവ് പ്രൊഫഷനുകളില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍, ജോലിസ്ഥലത്തും പൊതുഗതാഗതത്തിലും 3 ജി നിയമങ്ങള്‍, ഹോം ഓഫീസ്, തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാവും.

രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു തിങ്കളാഴ്ച ഇന്‍സിഡെന്‍സ് റേറ്റ് 303.0 ആയി ഉയര്‍ന്നു.

കോവിഡ് വ്യാപനം സകല പരിധികളും വിട്ട് കുതിച്ചുയരുന്ന ജര്‍മനിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ക്ക് ഫ്രം ഹോം വീണ്ടും നിര്‍ബന്ധിതമാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഇതുകൂടാതെ, വാക്‌സിനെടുക്കുകയോ രോഗം വന്നു മാറുകയോ ചെയ്യാത്തവര്‍ക്ക് ട്രെയിനുളില്‍ പ്രവേശനം അനുവദിക്കരുതെന്നും മന്ത്രിമാര്‍ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഇതല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യം. ഒക്ടോബര്‍ പകുതി മുതല്‍ രാജ്യത്ത് കോവിഡ് കണക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വാക്‌സിനേഷനിലെ അപര്യാപ്തതയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 67 ശതമാനം പേര്‍ മാത്രമാണ് രാജ്യത്ത് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചിട്ടുള്ളത്.


ജര്‍മനിയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നതിന്റെ വെളിച്ചത്തില്‍ വാക്‌സിനേഷനും പരിശോധനയും വിസമ്മതിക്കുന്നവര്‍ക്ക് ശന്പളം നല്‍കില്ലെന്ന് എംപ്ലോയര്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. ഇത്തരക്കാരുടെ വേതനം മരവിപ്പിക്കണമെന്നാണ് തൊഴിലുടമ പ്രസിഡന്റ് റെയ്‌നര്‍ ദുല്‍ഗര്‍ ആവശ്യപ്പെടുന്നത്. 3 ജി നിയമം നിലവില്‍ വന്നതിന് ശേഷം, വാക്‌സിനേഷന്‍ എടുക്കാനും പരിശോധന നടത്താന്‍ വിസമ്മതിക്കുന്നവര്‍ക്ക് ജോലിക്ക് ഹാജരായില്ലെങ്കില്‍ ഇനി വേതനം ലഭിക്കില്ല എന്ന നിര്‍ദ്ദേശവും ഇപ്പോള്‍ പരിഗണനയിലാണ്.

ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് റെയ്‌നര്‍ ദുല്‍ഗറാണ് ഇക്കാര്യം ട്രാഫിക് ലൈറ്റ് മുന്നണിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്തമുള്ള കാരണങ്ങളാല്‍ ജോലിക്ക് ഹാജരാകാത്ത ആര്‍ക്കും നഷ്ടപ്പെട്ട ജോലിക്ക് കൂലി ക്ലെയിം് ചെയ്യാന്‍ കഴിയില്ലന്നും, ഈ നിയന്ത്രണമില്ലാതെ, പരിശോധനകളും വാക്‌സിനേഷനും വിസമ്മതിക്കുന്ന ആളുകള്‍ക്ക് ശന്പളത്തോടുകൂടിയ അവധി നല്‍കാനും പാടില്ലന്നുമാണ് ദുല്‍ഗര്‍ ആവശ്യപ്പെടുന്നത്. അതേസമയം വര്‍ക്ക് ഫ്രം ഹോം സംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച നിര്‍ദേശത്തിന്റെ കരട് തൊഴില്‍ മന്ത്രി ഹ്യുബെര്‍ട്ടസ് ഹെയ്ല്‍ തയാറാക്കിക്കഴിഞ്ഞു.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക