മീൻകറി (കവിത: ദത്തു)

Published on 19 November, 2021
മീൻകറി (കവിത: ദത്തു)
എത്ര ചിരണ്ടിയിട്ടും
നീരൊട്ടുമില്ലാത്ത
വറ്റിയ മനസിന്റെയര
മുറി തേങ്ങകൊണ്ടാണ്
കണ്ണ് തുറന്ന മീനിന്റെ
കറി തുടിക്കാറ്..

അവളുടെയശ്രു വർഷിച്ച
ഉപ്പ്കിണറിൽ നിന്ന്
ഒരു പാളത്തളിക
വസിരം അരിച്ചൂറ്റും..
ഹൃദയത്തിന്റെയങ്ങേ
തലയ്ക്കലെ നീറ്റലെടുത്തു
നൂറായി ഭാഗിച്ചതിലൊന്നിട്ട്
എരിവ് കൃത്യമാക്കും...

അപഹാസ്യയാക്കപ്പെട്ട്
ചുളുങ്ങിയ ചുണ്ടിന്റെ
പുളിപ്പെടുത്തു
പിന്നെയും ഞെക്കി പിഴിഞ്ഞ്
ഒരിറ്റു ബാക്കി വയ്ക്കാതെ
കറിക്കൂട്ടിനൊരു
കണ്ണിറുമൽ നൽകും..

തോറ്റുപോയൊരു
ചിന്തയുടെയുള്ളിയും
അവളുടെ മോഹങ്ങൾ
പൊടിച്ച പൊടിക്കൂട്ടും
സമാസമം ചേർത്ത്
അവളുടെ സ്വപ്‌നങ്ങളെ
വലം കൈയാൽ കലക്കും...

എന്നിട്ടോ..
തന്നെ പോൽ തുറന്നകണ്ണും
കരഞ്ഞാലൊട്ടറിയാത്ത
പുറം മേനിയും കനിഞ്ഞ
മത്സ്യപെണ്ണിന്റെ
തുണിയുരിഞ്ഞു പള്ളകീറി അവസാനനീന്തലിനൊരുക്കും..

നല്ലൊരു തിളയിൽ
വറ്റി വറ്റി രുചികൂട്ടു
പകർന്നാലും
പിന്നെയും ഒരു നോവ്
ആഴത്തിൽ പകരാൻ
താളിച്ചു പൊള്ളിച്ചു
അവളിങ്ങനെ ബാക്കിയാകും...


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക