ചെറിയ ലോകവും നീണ്ട വഴിയും (ചെറുകഥ: സാംജീവ്)

Published on 20 November, 2021
 ചെറിയ ലോകവും നീണ്ട വഴിയും (ചെറുകഥ: സാംജീവ്)
 “മിസ്റ്റർ മത്തായി,
നിങ്ങൾ നാളെ ഒരു ജോലിയിൽ പ്രവേശിക്കുകയാണ്. ഒരു വീടാണ് നിങ്ങളുടെ ജോലിസ്ഥലം. അവിടെ താമസിക്കുന്ന ഒരു മുതിർന്ന പ൱രന് ആവശ്യമായ സഹായം ചെയ്തുകൊടുക്കുന്നതാണ് നിങ്ങളുടെ ജോലി. ആ വീട്ടിൽ താമസിക്കുന്നവർ നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരാണ്. ഒരുപക്ഷേ നിങ്ങളുടെ സാംസ്ക്കാരിക പശ്ചാത്തലം ഉള്ളവരാണവർ. അതുതന്നെയാണ് ഞങ്ങൾ നിങ്ങളെ ഈ ജോലിക്ക് തെരഞ്ഞെടുക്കാനുള്ള കാരണവും. പക്ഷേ ആ ഭവനം നിങ്ങളുടെ ബന്ധുഗൃഹമല്ല. അതിനാൽ ഒരു ബന്ധുഗൃഹത്തിലെ സ്വാതന്ത്ര്യവും പെരുമാറ്റവും നിങ്ങൾ പ്രതീക്ഷിക്കരുത്. നിങ്ങൾ പരിചരിക്കുന്ന മുതിർന്ന പ൱രൻ ഒരു രോഗിയല്ല. നിങ്ങൾ ഒരു നേഴ്സുമല്ല. എന്നാൽ എൺപതു കഴിഞ്ഞ ഒരു മുതിർന്ന പ൱രന് ശാരീരികവും മാനസികവുമായ പരിമിതികളുണ്ട്. ആ പരിമിതികൾ അതിജീവിക്കാൻ കായികവും മാനസികവുമായ സപ്പോർട്ടാണ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. നിങ്ങൾ ഒരു വേലക്കാരനല്ല, ഒരു പ്രൊഫഷനൽ ആണ്. ഒരു പ്രൊഫഷലിന് ആവശ്യമായ അന്തസ്സും പെരുമാറ്റവും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.”
‘സീനിയർ സിറ്റിസൺസ് വെൽഫെയർ ഏജൻസി’ എന്ന കമ്പനിയുടെ മാനേജർ അയാളുടെ പ്രഭാഷണം തുടർന്നു.
“നിങ്ങൾക്ക് എന്തെങ്കിലും പരാതിയോ പരിഹരിക്കപ്പെടേണ്ടതായ വിഷയങ്ങളോ ഉണ്ടാവുകയാണെങ്കിൽ ആ ഭവനത്തിലുള്ളവരുമായി സംസാരിച്ച് പരിഹാരത്തിന് ശ്രമിക്കരുത്. നിങ്ങൾ കമ്പനിയിൽ അറിയിക്കണം. ഞങ്ങളാണ് നിങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. നിങ്ങൾക്ക് ശമ്പളം തരുന്നത് കമ്പനിയാണ്. മണിക്കൂറിന് പത്ത് ഡോളറാണ് നിങ്ങളുടെ ശമ്പളം. ഒരുകാരണവശാലും നിങ്ങളുടെ ശമ്പളത്തുക ആ വീട്ടുകാരറിയരുത്. നിങ്ങൾ പോകുന്നതിനുമുമ്പ് ചില കടലാസുകൾ ഒപ്പിട്ട് നല്കണം.”
കമ്പനിമാനേജർ പറഞ്ഞുനിർത്തി.
അങ്ങനെ അറുപതാം വയസ്സിൽ വഴിതെറ്റിവന്നതുപോലെ അമേരിക്കാ എന്ന സ്വർഗ്ഗഭൂമിയിൽ വന്നിറങ്ങിയ മാത്തുണ്ണിമാഷിന് ഒരു ജോലി തരപ്പെട്ടിരിക്കുന്നു. നാട്ടുകാർ അദ്ദേഹത്തെ വിളിക്കുന്നത് മാത്തുണ്ണിമാഷ് എന്നാണ്. പ്രൊഫസർ ജോൺ മത്തായി എന്നാണ് ഔദ്യോഗിക നാമധേയം.

മുതിർന്ന പ൱രന്റെ രമ്യഹർമ്മത്തിൽ കമ്പനി പറഞ്ഞ സമയത്തുതന്നെ മാത്തുണ്ണിമാഷ് ഹാജരായി. രണ്ടോമൂന്നോ പേർക്ക് തായസിക്കാൻ ഇത്രവലിയ വീടെന്തിനാണ്? വളരെ വിശാലമായ പൂന്തോട്ടവും ആഡംബരപൂർണ്ണമായ നീന്തൽക്കുളവുമൊക്കെ ആ വീടിനുണ്ട്. തടിച്ച ഒരു മദ്ധ്യവയസ്ക്കയാണ് കതക് തുറന്നത്. യ൱വ്വനം വിടപറയുന്ന ശരീരവും കഷായം കുടിച്ച കുട്ടിയുടെ മുഖഭാവവും ആ സ്ത്രീക്കുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയ പ്രതിയെ വീക്ഷിക്കുന്ന മട്ടിൽ അവർ മാത്തുണ്ണിമാഷിനെ അടിമുതൽ മുടിവരെ നിരീക്ഷിച്ചു. അനന്തരം ചാട്ടുളിപോലെ ഒരു ചോദ്യം അദ്ദേഹത്തിന്റെ നേരെ എറിഞ്ഞു.
“നിങ്ങൾ സീനിയർ വെൽഫയർ ഏജൻസി പറഞ്ഞുവിട്ട മനുഷ്യനാണല്ലേ? എന്താ നിങ്ങളുടെ പേര്?”
“മാത്തുണ്ണി.”
“ങ്ഹാ, മാത്തുണ്ണി, ഇവിടെ നിങ്ങൾ പരിചരിക്കേണ്ടത് എന്റെ അച്ചായനെയാണ്. അച്ചായനെന്ന് പറഞ്ഞാൽ അപ്പൻ.”
കഷായം കുടിച്ച കുട്ടിയുടെ മുഖഭാവമുള്ള സ്ത്രീ വിശദീകരിച്ചു.
“യെസ്, മാഡം.” മാത്തുണ്ണിമാഷ് തലയാട്ടിക്കൊണ്ട് പറഞ്ഞു.
“അച്ചായന് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വയസ്സ് എൺപത് കഴിഞ്ഞു. ഈ രാജ്യത്ത് വന്നതിനുശേഷം മിണ്ടാൻ ആളില്ല. ഞങ്ങൾക്കാണെങ്കിൽ മണ്ണാന് അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലെന്ന് പറഞ്ഞതുപോലാ.”
“നിങ്ങളുടെ ജോലി എന്താണെന്ന് ഏജൻസിക്കാർ പറഞ്ഞിട്ടുണ്ടാവുമല്ലോ. അച്ചായന് തക്കസമയത്ത് ഭക്ഷണം എടുത്തുകൊടുക്കണം. ദിവസവും ധന്വന്തരംകുഴമ്പ് തേപ്പിക്കണം. കുളിക്കാൻ സഹായിക്കണം. ബെഡ് വിരിച്ചുകുടഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കണം. അത്രയൊക്കെ തന്നെ.”
ധന്വന്തരംകുഴമ്പ് തേപ്പിച്ച് കുളിപ്പിക്കണമെന്നൊന്നും കമ്പനിക്കാർ പറഞ്ഞിട്ടില്ലല്ലോയെന്ന് മാത്തുണ്ണിമാഷ് മനസ്സിലോർത്തു. പക്ഷേ പുത്തരിയിൽ കല്ല് കടിക്കരുതല്ലോ. അമേരിക്കാ എന്ന സ്വപ്നഭൂമിയിൽ വന്നതിനുശേഷം ആദ്യം കിട്ടിയ ജോലി ഉപേക്ഷിക്കാൻ മാത്തുണ്ണിമാഷ് തയ്യാറല്ലായിരുന്നു.
“നനച്ചിറങ്ങി. ഇനി കുളിച്ചുകയറുക തന്നെ.” മാത്തുണ്ണിമാഷ് മനസ്സിലോർത്തു.

അച്ചായന്റെ മുറിയിലേക്ക് ചെന്ന മാത്തുണ്ണിമാഷ് ഞെട്ടി.
വൃത്തിഹീനമായ ഒരു മുറിയായിരുന്നത്. ബെഡ് ഷീറ്റുകൾ കഴുകിയിട്ട് മാസങ്ങൾ കഴിഞ്ഞുകാണും.
ഉണങ്ങിയ എച്ചിൽപാത്രങ്ങൾ ചിതറിക്കിടക്കുന്നു. ഏതോ എണ്ണയുടെ മനം മടുപ്പിക്കുന്ന ഗന്ധം ആ മുറിയിൽ നിറഞ്ഞുനിന്നിരുന്നു.
“കമ്പനിക്കാർ പറഞ്ഞതിൽ കൂടുതൽ ജോലി ഇവിടെ ചെയ്യേണ്ടിവരും.” മാത്തുണ്ണിമാഷ് പിറുപിറുത്തു.
“എന്താ നിങ്ങൾ പറഞ്ഞത്?” മാഡം ഗൃഹനാഥ ശബ്ദമുയർത്തി ചോദിച്ചു. അവരുടെ മുഖം കഷായം കുടിച്ച കുട്ടിയുടെ മുഖം പോലെ വക്രിച്ചിരുന്നു.
“ഓ, ഒന്നും പറഞ്ഞില്ല മാഡം.” മാത്തുണ്ണിമാഷ് വിനയത്തോടെ മൊഴിഞ്ഞു.
“ങ്ഹാ, പറയാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. നിങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ഫിലിപ്പിനോകളെയും മെക്സിക്കൻസിനെയും ഞങ്ങൾക്ക് കിട്ടും. പക്ഷേ നിങ്ങളാവുമ്പം അച്ചായന് മലയാളത്തിൽ മിണ്ടാമല്ലോ എന്നോർത്താ. എന്റെ പിള്ളാർക്കാണേ മലയാളികളെ പുച്ഛവുമാ. മല്ലൂസ് എന്നാ അവര് വിളിക്കുന്നത്. ഞങ്ങടെ ഫ്രണ്ട്സെല്ലാം വെള്ളക്കാരാ.”
മാത്തുണ്ണിമാഷ് മ൱നം പാലിച്ചു.
“പിന്നൊരുകാര്യം പറയാം. അച്ചായനെക്കൊണ്ട് അധികമൊന്നും സംസാരിപ്പിക്കരുത്. പ്രായമായതിനുശേഷം അച്ചായന്റെ നാക്കിന് എല്ലില്ല. അതുമിതുമൊക്കെ പറയും. നിങ്ങളതൊന്നും കേൾക്കരുത്, വിശ്വസിക്കരുത്.”
“യേസ്, മാഡം.”
“പറയുന്നത് കേട്ടാൽ നിങ്ങൾക്ക് നല്ലത്.”
“യേസ് മാഡം.”

പക്ഷേ അച്ചായൻ നാവടക്കിയില്ല. അയാൾ സംസാരിച്ചുകൊണ്ടേയിരുന്നു. കേൾക്കാൻ ഒരാൾ വേണം. അത്രമാത്രം. മാത്തുണ്ണിമാഷ് ചിലതൊക്കെ മനസ്സിലാക്കി.
മാഡത്തിന്റെ ഭർത്താവ് മുഴുക്കുടിയനാണ്.
അയാൾ മദ്യപിച്ച് ലക്കുകെട്ടേ വീട്ടിൽ എത്താറുള്ളു.
അയാളും മാഡവും ‘കീരിയും പാമ്പും’ പോലെയാണ്.
സന്ധ്യാ നമസ്ക്കാരമില്ല.
കുടുംബ പ്രാർത്ഥനയില്ല. നോയ്മ്പില്ല.
പള്ളി വേണ്ട. പട്ടക്കാരൻ വേണ്ടാ.
ഒരിക്കൽ അച്ചായൻ പറഞ്ഞു.
“സന്ധ്യാനമസ്ക്കാരമില്ലാത്ത ഭവനം നശിക്കും. എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കുമെന്ന് വേദപുസ്തകത്തിലുള്ളതാ.”
അച്ചായൻ തലയിണക്കീഴിൽ സൂക്ഷിച്ചിരുന്ന വേദപുസ്തകം തപ്പിയെടുത്തു. ഭക്തിപൂർവം ചുംബിക്കുന്നതുപോലെ മുഖത്തോട് ചേർത്തുപിടിച്ച് കുരിശുവരച്ചു.
“ആ പറങ്കിത്തോമാ ഇത്ര നീചനാണെന്നറിഞ്ഞിരുന്നുവെങ്കിൽ എന്റെ മോളെ അവന് കെട്ടിച്ച് കൊടുക്കുമായിരുന്നില്ല. അവൾ ആറെൻ പരീക്ഷ ജയിച്ചപ്പം എത്ര നല്ല കല്യാണാലോചനകൾ വന്നതാ.”
പറങ്കിത്തോമാ.
ആ പേര് കേട്ടിട്ടുള്ളതുപോലെ മാത്തുണ്ണിമാഷ്ക്ക് തോന്നി. അദ്ദേഹം ഓർമ്മകളിൽ ചികഞ്ഞു. പക്ഷേ ആ നാമധേയം വീണ്ടെടുക്കാനായില്ല.

ഒരിക്കൽ അച്ചായന്റെ ചെറുമക്കളെപ്പറ്റി മാത്തുണ്ണിമാഷ് അന്വേഷിച്ചു. അവർ രണ്ടുപേരുണ്ടെന്നാണ് കേട്ടത്, ഒരാണും ഒരു പെണ്ണും. എവിടെയോ ദൂരെ കോളേജിൽ പഠിക്കുകയാണെന്നാണറിഞ്ഞത്. അച്ചായൻ കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം ദീർഘമായി നെടുവീർപ്പിട്ടു. പിന്നീട് ഒരു പഴയ നാടൻ പഴമൊഴി ആ നാവിൽ നിന്നും അടർന്നുവീണു.
“തന്ത പരക്കിഴി
തള്ള പരക്കിഴി
അക്കുടി മക്കളെല്ലാം പരക്കിഴി.”
മാത്തുണ്ണിമാഷ് കൂടുതലൊന്നും ചോദിച്ചില്ല. അച്ചായൻ കൂടുതലൊന്നും പറഞ്ഞതുമില്ല. ഏതായാലും പേരക്കിടാങ്ങളെപ്പറ്റി അച്ചായന് അത്ര നല്ലതല്ല പറയാനുള്ളതെന്ന് മാത്തുണ്ണിമാഷ് ഊഹിച്ചു.

ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. മാഡം ഗൃഹനാഥയുടെ ഡിമാന്റുകൾ കൂടിക്കൂടി വന്നു.
“അച്ചായന്റെ തുണി കഴുകിയുണക്കി ഇസ്തിരിയിടണം.”
“അച്ചായന് മെഴുകുപുരട്ടി വയ്ക്കാൻ കായ നുറുക്കിവയ്ക്കണം.”
“തേങ്ങാ തിരുമ്മിവയ്ക്കണം. അച്ചായന് കറിയുണ്ടാക്കാനാണ്.”
“അച്ചായന്റെ ശുചിമുറി കഴുകി വൃത്തിയാക്കണം.”
“ഗാർഡനിൽ ചെടിക്ക് വെള്ളമൊഴിക്കണം. അച്ചായൻ കാറ്റുകൊള്ളാൻ അവിടെയാണ് ചെന്നിരിക്കുന്നത.”

ഏത് ഡിമാന്റിനും എക്സ്ക്യൂസ് ഒന്നുതന്നെ.
“അച്ചായന് വേണ്ടിയാണ്. അച്ചായന്റെ കാര്യങ്ങൾ നോക്കാനാണ് നിങ്ങളെ ജോലിക്കെടുത്തിരിക്കുന്നത്.”
“ഇതൊന്നും സീനിയർ സിറ്റിസൺസ് വെൽഫയർ ഏജൻസി പറഞ്ഞിട്ടുള്ളതല്ലല്ലോ.” മാത്തുണ്ണിമാഷ് മനസ്സിലോർത്തു. പക്ഷേ പറഞ്ഞില്ല.
മണിക്കൂറിന് പത്ത് ഡോളർ ശമ്പളം കിട്ടുന്ന ജോലിയാണ്. അത് കളഞ്ഞുകുളിക്കണ്ട.
ആ വരുമാനമില്ലാതായാൽ ഭാര്യയുടെയും മക്കളുടെയും നാട്ടുകാരുടെയും നിന്ദ സഹിക്കണം.
മാത്തുണ്ണിമാഷിന് ഒരേ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു.
“യേസ്, മാഡം.”
“യേസ്, മാഡം.”
മണിക്കൂറിന് പത്ത് ഡോളർ. ഏകദേശം 750 രൂപാ. അത് വലിയ തുകയാണ്. ഇവിടെ അഭിമാനമല്ല, ഡോളറാണ് വലുത്. അമേരിക്കയിൽ ബന്ധങ്ങൾ നിലനില്ക്കുന്നത് ഡോളറിന്റെ ബലത്തിലാണ്.

ആഡംബരനിബിഡമായ ലിവിങ്റൂമിൽ നിന്നും തട്ടും മുട്ടും കേട്ടു. ആരോ അടക്കിപ്പിടിച്ച് സംസാരിക്കുന്നതുപോലെ തോന്നി. ആ വീട്ടിൽ അത് അസാധാരണമായിരുന്നു. വല്ല കള്ളന്മാരുമായിരിക്കുമോ? പണവും പണ്ടവുമുള്ള വലിയ വീടാണ്. ഏതായാലും ചെന്നു നോക്കിക്കളയാമെന്ന് മാത്തുണ്ണിമാഷ് കരുതി.

കാണാൻ പാടില്ലാത്തതാണ് കണ്ടത്.
മാഡം ഗൃഹനാഥയും പരിചയമില്ലാത്ത ഒരാളും സോഫയിൽ ആലിംഗനബദ്ധരായിരിക്കുന്നു. അയാൾ അവരുടെ ഭർത്താവല്ലെന്ന് തീർച്ച. പെട്ടെന്ന് കണ്ണും കാലും പിൻവലിച്ച് മാത്തുണ്ണിമാഷ് അച്ചായന്റെ മുറിയിലേക്ക് മടങ്ങി; അല്ല ഓടി. മാത്തുണ്ണിമാഷിന്റെ കിതപ്പ് കണ്ട് അച്ചായൻ ചോദിച്ചു.
“എന്തുപറ്റി സാറേ? എന്തുപറ്റി?”
അച്ചായൻ മാത്തുണ്ണിമാഷെ ചിലപ്പോൾ സാറെന്നും ചിലപ്പോൾ കുഞ്ഞെന്നും വിളിക്കും.
“ങ്ഹാ, ഓ ഒന്നുമില്ല, ഒന്നുമില്ല.” മാത്തുണ്ണിമാഷ് ഒറ്റ ശ്വാസത്തിൽ പ്രതിവചിച്ചു.
“ങ്ഹൂം..” അച്ചായൻ ദീർഘമായി മൂളി.
ആ മൂളൽ അർത്ഥഗംഭീരമായിരുന്നു.
“അവർ എന്നെ കണ്ടോ?”
മാത്തുണ്ണിമാഷ് സ്വയം ചോദിച്ചു.
“ഇല്ല, കണ്ടിരിക്കാൻ വഴിയില്ല.”
മാത്തുണ്ണിമാഷ് തന്നെ ഉത്തരവും കണ്ടെത്തി.

ഏകദേശം അരമണിക്കൂർ കഴിഞ്ഞുകാണും. മാഡം ഗൃഹനാഥ അച്ചായന്റെ മുറിയിലേക്ക് കടന്നുവന്നു. അപ്പോൾ അവരുടെ മുഖത്തിന് ക്രുദ്ധയായ ഒരു പെൺകരടിയുടെ രൂപസാദൃശ്യം ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ ചുവന്നിരുന്നു. അവരുടെ മുടിക്കെട്ട് അഴിഞ്ഞുകിടന്നിരുന്നു.
അച്ചായന്റെ മുറിയിൽ മദ്യത്തിന്റെ ഗന്ധം വ്യാപിച്ചതുപോലെ തോന്നി.
ഇവർ മദ്യപിക്കുമോ?
കേരളസ്ത്രീകൾ മദ്യപിക്കുമോ?
അവർ മാത്തുണ്ണിമാഷിന്റെ മുഖത്തേക്ക് നോക്കി. കൈകൾ അദ്ദേഹത്തിന്റെ നേരെ ചൂണ്ടി. അവർ ആക്രോശിച്ചു.

“നിങ്ങളെ പിഴിച്ചുവിട്ടിരിക്കുന്നു.”
ലഹരി തലച്ചോറിനെ ബാധിച്ചാൽ നാവ് കുഴയുമല്ലോ.
മാത്തുണ്ണിമാഷ് കാരണമൊന്നും ചോദിച്ചില്ല. അത് അദ്ദേഹത്തിന് ഊഹിക്കാൻ കഴിഞ്ഞു.
അല്പസമയം മുമ്പ് ലിവിംഗ് റൂമിലെ അനർഘനിമിഷങ്ങൾ മാത്തുണ്ണിമാഷ് കണ്ടെന്ന് മാഡം മനസ്സിലാക്കിയിരിക്കുന്നു.
“എന്ത്? ഈ സാറിനെ പിരിച്ചുവിടാനോ? എന്താ കാര്യം?” അച്ചായൻ അസ്വസ്ഥനായി ചോദിച്ചു. മകളുടെ പെരുമാറ്റം കിളവന് ഇഷ്ടപ്പെട്ടില്ല.
“അച്ചായൻ ഇതിൽ ഇടപെടേണ്ട. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും.”
“പിന്നെ അച്ചായനോടായിട്ടൊരു കാര്യം പറയാം. വേലക്കാരനെ സാറെന്നും മറ്റും വിളിക്കേണ്ട.”
മാഡം ഗൃഹനാഥയുടെ വാക്കുകൾ പരുഷമായിരുന്നു.

മാത്തുണ്ണിമാഷ് ബാഗുമെടുത്ത് വിശാലമായ വീടിന്റെ കോണിപ്പടികളിറങ്ങി. മനസ്സ് ഘനീഭവിച്ചിരുന്നു. മണിക്കൂറിന് പത്ത് ഡോളർ ലഭിക്കുന്ന ജോലിയാണ് കളഞ്ഞുകുളിച്ചത്.
ഇനിയെന്ത്? ആ ചോദ്യം മാത്തുണ്ണി മാഷിന്റെ മനസ്സിലുയർന്നു.
ഇനി നാട്ടുകാരുടെയും വീട്ടുകാരുടെയും നിന്ദാവാക്കുകൾ കേൾക്കണം.

ന്യൂയോർക്കിൽ നവംബർ മാസം ഇലകൊഴിയും കാലമാണ്. അപരാഹ്നമായപ്പോഴേക്കും ദക്ഷിണായനസന്ധ്യയുടെ ഇരുൾ വ്യാപിച്ചു തുടങ്ങി. ഒരുകിലോമീറ്റർ നടക്കണം ബസ്സ്റ്റോപ്പിലേക്ക്. ചില്ലിട്ട ഒരു കിളിക്കൂട് പോലെയാണ് ബസ്സ്റ്റോപ്പ്. അവിടെ നിന്ന് റൂട്ട് നമ്പർ 60 എന്ന് അടയാളപ്പെടുത്തിയ ബസ്സിൽ കയറി അടുത്ത മെട്രോസ്റ്റേഷനിൽ ഇറങ്ങണം. അവിടെ നിന്ന് സബ്-വേ ട്രയിനിൽ കയറി യാത്ര തുടരണം. നീണ്ട യാത്രയാണ് അപ്പാർട്ട്മെന്റിലേക്ക്. ചീറിയടിക്കുന്ന ശീതക്കാറ്റിനെ അഭിമുഖീകരിച്ച് നടക്കുക ദുഷ്ക്കരമാണ്.

“മാത്തുണ്ണിമാഷ് ഭാഗ്യവാനാണ്.”
രണ്ടുകൊല്ലം മുമ്പ് ഒരു സായംസന്ധ്യയിൽ രാമൻമാഷ് മണികണ്ഠനാൽത്തറയിലിരുന്ന് തട്ടിവിട്ടു. പെൻഷകാരായ സുഹൃത്തുക്കൾ സായാഹ്നങ്ങളിൽ സമ്മേളിക്കുന്ന സ്ഥലമാണ് മണികണ്ഠനാൽത്തറ. സൊറപറഞ്ഞും ഗതകാലസ്മരണകൾ അയവിട്ടും മുതിർന്ന പ൱രന്മാർ സമയം തള്ളിവിടും.
ഋതുഭേദമില്ലാത്ത സന്ധ്യകളാണവിടെ.
ജീവിതം ലളിതവും സുന്ദരവുമാണ്.
“അതെന്താ?” തോമസ് മാഷ് ചോദിച്ചു.
“അമേരിക്കായിൽ പോയി മക്കളോടുകൂടെ താമസിക്കുന്നത് ഭാഗ്യമല്ലേ?” രാമൻമാഷ് പ്രതിവചിച്ചു.
“ആ രാജ്യം പോയിക്കാണുന്നത് തന്നെ ഭാഗ്യമല്ലേ?” മറ്റൊരാൾ പറഞ്ഞു.
“പോകരുത് മാത്തുണ്ണി.” ശങ്കുണ്ണിമാഷ് പറഞ്ഞു.
“ജനിച്ചുവളർന്ന നാടാണ് സ്വർഗ്ഗം. ആ മണ്ണിൽ അലിഞ്ഞുചേരുന്നതാണ് പുണ്യം.”
ശങ്കുണ്ണിമാഷിന്റെ വാക്കുകൾ പ്രവാചകസൂക്തം പോലെ മാത്തുണ്ണിമാഷിന്റെ മനസ്സിൽ മുഴങ്ങുവാൻ തുടങ്ങി.

വലിയ വീടിന്റെ വലിയ വളപ്പ് മാത്തുണ്ണിമാഷ് താണ്ടിക്കഴിഞ്ഞില്ല. പെട്ടെന്ന് ഒരു വലിയ കാർ ചീറിപ്പാഞ്ഞുവന്നു. അത് വീടിന്റെ ഡ്രൈവ് വേയിൽ നിർത്തി. കാറിൽ നിന്നും ഒരു മദ്ധ്യവയസ്ക്കൻ ഇറങ്ങിവന്നു.
“അയാൾ ആരാണ്?” അറിയാൻ മാത്തുണ്ണിമാഷിന് ജിജ്ഞാസയായി.
വിശാലമായ പൂന്തോട്ടത്തിലെ റോസാന്തിയാ മുൾച്ചെടിയുടെ മറ പറ്റി മാത്തുണ്ണിമാഷ് ആഗതനെ നിരീക്ഷിച്ചു.
ഞെട്ടി.
പറങ്കിത്തോമാ. ഈ ലോകമെത്ര ചെറുതാണ്.
സ്വിച്ചിട്ടതുപോലെ മനസ്സിന്റെ ഉള്ളറകളിൽ പ്രകാശം പരന്നു. മാത്തുണ്ണി മാഷിന്റെ ഹൃദയത്തിൽ സ്മരണകൾ പൊന്തിവന്നു.
പറങ്കിത്തോമായുടെ നെറ്റിയിൽ വാളൻപുളിയുടെ ആകൃതിയിലുള്ള കറുത്ത മറുക് മുൻകഷണ്ടി മൂലം ഇപ്പോൾ കൂടുതൽ സ്പഷ്ടമായിരിക്കുന്നു. അതയാളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചു.
അയാളാണ് മാഡം ഗൃഹനാഥയുടെ ഭർത്താവെന്ന് തിരിച്ചറിയാൻ മാത്തുണ്ണിമാഷിന് വലിയ ഗവേഷണമൊന്നും വേണ്ടിവന്നില്ല.

പറങ്കിത്തോമാ. ഓർമ്മകൾ മാത്തുണ്ണിമാഷെ ഭൂതകാലത്തേക്ക് കൈപിടിച്ച് നടത്തി.
പണ്ട് മാത്തുണ്ണിയുടെ വീട്ടുവളപ്പിൽ കൂലിപ്പണി ചെയ്തിരുന്ന ചാണ്ടിച്ചേട്ടന്റെ മകനാണയാൾ.
മാത്തുണ്ണിയുടെ അമ്മ കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം ചാണ്ടിച്ചേട്ടൻ മാറ്റി വയ്ക്കും. അതയാൾ ഒരു പൊതിയാക്കി വീട്ടിൽ കൊണ്ടു പോകും.
“ഇത് തോമായ്ക്കാണ്. പാവം പള്ളിക്കൂടത്തിൽ നിന്നും വരുമ്പോൾ വീട്ടിലൊന്നും കാണുകയില്ല..”
അതറിഞ്ഞ് അമ്മ ഒരുതവി വറ്റുകൂടി പാത്രത്തിൽ ഇട്ടുകൊടുക്കും.
എന്നിട്ട് അമ്മ പറയും.
“ഇത് തോമായ്ക്കാ.”
അത് അമ്മയുടെ വലിയ മനസ്സ്.

ഒരിക്കൽ ചാണ്ടിമകൻ തോമാ ആരുടെയോ കശുമാവിൻതോട്ടത്തിൽ കയറി പറങ്കിയണ്ടി മോഷ്ടിച്ചു. അന്നയാൾക്ക് കണക്കിന് അടികിട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. അന്നുമുതൽ ചാണ്ടിമകൻ തോമാ പറങ്കിത്തോമാ എന്ന് അറിയപ്പെടാൻ തുടങ്ങി.
ഒരിക്കൽ അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞു.
“എടാ, ചാണ്ടിച്ചേട്ടന്റെ മകൻ തോമാ ബിക്കോം ജയിച്ചു. അവന്റെ കല്യാണം ഉറച്ചിരിക്കുവാ. പെണ്ണ് അമേരിക്കായിലാ.” അമ്മ ഒരിക്കലും അവനെ പറങ്കിത്തോമാ എന്ന് വിളിച്ചിട്ടില്ല.
മറ്റൊരുതവണ അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞു.
“എടാ ഒരു മനുഷ്യനെ ദൈവം അനുഗ്രഹിച്ചാൽ ഇത്രത്തോളമാകുമോ? ആ തോമായ്ക്ക് അമേരിക്കായിൽ കൊട്ടാരം പോലുള്ള വീടും കോടിക്കണക്കിന് പണവും സ്വത്തുമൊക്കയുണ്ടെന്നാ ദോശാമ്മ പറഞ്ഞത്.” ദോശാമ്മ പറങ്കിത്തോമായുടെ അമ്മയാണ്.

പൂന്തോട്ടത്തിലെ മോഷൻ ഡിറ്റക്ടർ പ്രവർത്തിച്ചു. അവിടെ വെള്ളിവെളിച്ചം പരന്നൊഴുകി. പറങ്കിത്തോമാ മാത്തുണ്ണിമാഷിനെ കണ്ടുകഴിഞ്ഞു.
“നിങ്ങൾ ആരാണ്? അനങ്ങരുത്. അനങ്ങിയാൽ ഞാൻ വെടി വയ്ക്കും.”
ഗൃഹനാഥൻ ഉച്ചത്തിൽ ഗർജ്ജിച്ചു. ഗർജ്ജനം ഇംഗ്ലീഷിലായിരുന്നു.

കാസിൽ ഡോക്ട്രിൻ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ന്യൂയോർക്ക്. വീട്ടിലോ വളപ്പിലോ അതിക്രമിച്ച് കയറുന്നവൻ ആക്രമണകാരിയാണെന്ന് സംശയം തോന്നിയാൽ മുന്നറിയിപ്പ് കൂടാതെ അയാളെ വെടിവയ്ക്കാൻ ഗൃഹമുടമസ്ഥന് അവകാശം നല്കുന്ന നിയമമാണത്.
അയാൾക്ക് വെടിവയ്ക്കാം. നിയമം അയാളുടെ പക്ഷത്താണ്.
പറങ്കിത്തോമായുടെ കൈകൾ കോട്ടിന്റെ പോക്കറ്റിലേക്ക് നീണ്ടു. മാത്തുണ്ണിമാഷ് ഞെട്ടിവിറച്ചു.
അയാൾ ഉച്ചത്തിൽ വിളിച്ചുകൂവി.
“ഞാൻ കള്ളനല്ലേ.”
“ഹല്ല, മലയാളിയാണോ?” പറങ്കിത്തോമാ വിളിച്ചുചോദിച്ചു.
എന്നിട്ടയാൾ മെല്ലെ മെല്ലെ മാത്തുണ്ണിമാഷിന്റെ അടുത്തേക്ക് വന്നു. ഒരു കൈ അപ്പോഴും അയാളുടെ കോട്ടിന്റെ പോക്കറ്റിൽ തന്നെയുണ്ടായിരുന്നു.
“നിങ്ങൾ ആരാണ്? എന്തിനിവിടെ വന്നു?” പറങ്കിത്തോമാ കനത്ത ശബ്ദത്തിൽ ചോദിച്ചു.
“ഞാൻ മാത്തുണ്ണിയാണ്.” മാഷ് കൈകൂപ്പി പറഞ്ഞു. ആ ശബ്ദത്തിൽ ദൈന്യത നിറഞ്ഞിരുന്നു.
“മാത്തുണ്ണിയോ? ഏത് മാത്തുണ്ണി?”
“മറ്റത്തെ മാത്തുണ്ണി.”
പറങ്കിത്തോമാ ചില നിമിഷങ്ങൾ നിർന്നിമേഷനായി നിന്നു.
“ആര്? മറ്റത്തെ മാത്തുണ്ണിമാഷാണോ നിങ്ങൾ?”
“അതേ.”
“മാഷ് എങ്ങനെ ഇവിടെ വന്നു?”
“ഞാനാണ് ഇവിടുത്തെ അച്ചായനെ ശുശ്രൂഷിക്കുന്നത്.”
“എന്ത്? മാഷാണോ അച്ചായനെ ശുശ്രൂഷിക്കുന്നത്? എനിക്കാകെ കൺഫ്യൂഷനായി. വരൂ, അകത്തേക്ക് വരിക.”
പറങ്കിത്തോമാ മാത്തുണ്ണിമാഷെ വീട്ടിലേക്ക് ക്ഷണിച്ചു.
“എനിക്ക് പോകാൻ തിടുക്കമുണ്ട്. താമസിച്ചാൽ ബസ്സ് കിട്ടുകയില്ല.”
“സാരമില്ല, ഞാൻ കൊണ്ടുവിടാം. മാഷ് വരൂ.”
അറവുശാലയിലേക്ക് കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ മാത്തുണ്ണിമാഷ് പറങ്കിത്തോമായെ അനുഗമിച്ചു.
“ഹല്ല, ഇയാൾ ഇതുവരെ പോയില്ലേ?” മാഡം ഗൃഹനാഥ ചോദിച്ചു. അവരുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു. അപ്പോഴും അവർക്ക് കഷായം കുടിച്ച കുട്ടിയുടെ മുഖഭാവമുണ്ടായിരുന്നു.
“ഏതോ മലയാളിയാണ് അച്ചായനെ ശുശ്രൂഷിക്കുന്നതെന്നറിയാം. പക്ഷേ അത് മാഷാണെന്നറിഞ്ഞില്ല.”
പറങ്കിത്തോമാ എന്ന ഗൃഹനാഥൻ അല്പനിമിഷങ്ങൾ ആലോചനയിൽ മുഴുകി.
അയാൾ പറഞ്ഞു.
“മാഷ് ഇനി ആ ജോലി ചെയ്യണ്ട.”
അയാൾ അകത്തെ മുറിയിലേക്ക് കയറിപ്പോയി. കൈയിൽ ഒരു ചെക്കുമായി മടങ്ങിവന്നു. ആ ചെക്കുകടലാസ്സ് പറങ്കിത്തോമാ ബലമായി മാത്തുണ്ണിമാഷിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. ആ ചെക്കിലെ സംഖ്യ മാത്തുണ്ണിമാഷിന് ഒരുവലിയ തുകയായിരുന്നു.
“ഇനി മാഷെ വീട്ടിൽ കൊണ്ടുവിടാം.” പറങ്കിത്തോമാ പറഞ്ഞു.
അവരുടെ പിന്നിൽ വീടിന്റെ കതകുകൾ ശക്തിയോടെ അടഞ്ഞു.


വലിയ കാറിൽ യാത്രചെയ്യുമ്പോൾ പറങ്കിത്തോമാ പറഞ്ഞു.
“ഇതൊരു നീണ്ട വഴിയാണല്ലോ മാഷേ.”
അതേ, വഴി വളരെ നീണ്ടതാണ്, ലോകം എത്ര ചെറുതാണെങ്കിലും.

Benny 2021-11-20 03:53:57
നീണ്ട നീണ്ട വഴികൾ ..................
abdul punnayurkulam 2021-11-20 06:57:57
Interesting to read. As well as reflecting sharp reality.
Sudhir Panikkaveetil 2021-11-21 14:46:50
നിസ്സഹായർ സത്യങ്ങൾക്ക് നേരെ കണ്ണടക്കണം. അവർ നിഷ്കാസിതരാകുമ്പോൾ സത്യം പുറകെ വിളിക്കുന്നു. ശ്രീ സംജീവ് നല്ല കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക