Image

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

Published on 22 November, 2021
 ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌  എബ്രഹാം)
ശാന്തികൃഷ്ണയെയായിരുന്നു ഞങ്ങളന്നു പ്രേമിച്ചിരുന്നത്. ഞങ്ങള്‍ എന്നു പറയുമ്പോള്‍, ഞാനടക്കം   മൂന്നു കാമുകര്‍.
ഒന്നാമന്‍ ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍.  അയാള്‍ക്കു സ്ഥിരമായ ജോലിയും  വരുമാനവുമുണ്ട്.   കൂടാതെ തൊങ്ങലുകളും കാറ്റാടികളും പിടിപ്പിച്ചു മോടികൂട്ടിയ ഒരു പുത്തന്‍ ഹെര്‍ക്കൂലീസു സൈക്കിളിന്റെ ഉടമയുമാണയാള്‍. രണ്ടാമന്‍, അടുത്തുള്ള സെമിനാരിയില്‍ പഠിക്കുന്ന ശെമ്മാച്ചന്‍.  പിന്നെ പത്താം തരം കഴിഞ്ഞു നില്‍ക്കുന്ന ഞാനും.  ഞങ്ങള്‍ മൂന്നുപേരും തമ്മില്‍ കണ്ടാലറിയും എന്നതിനപ്പുറം പരിചയമൊന്നുമില്ല. ശാന്തികൃഷ്ണ എന്നതവളുടെ ശരിയായ പേരല്ല, പക്ഷേ ഞാനവളെ അങ്ങിനെയേ വിളിക്കാറുള്ളൂ, അങ്ങിനെ വിളിക്കുന്നതായിരുന്നു അവള്‍ക്കും ഏറെ  ഇഷ്ടം.   
 ഇത്രയും കാലത്തിനു ശേഷമിപ്പോള്‍ അവളെക്കുറിച്ചോര്‍ക്കാന്‍  കാരണമുണ്ട്. കുറച്ചുനാളുകളായി പത്രങ്ങളിലും ടി വിയിലും  അവള്‍ നിറഞ്ഞു നില്‍ക്കുകയാണ്. നാലുപേര്‍ കൊല്ലപ്പെട്ട ഒരു കേസാണ് വിഷയം.
  ഞങ്ങള്‍ മൂന്നുപേരെയും അവള്‍ക്കിഷ്ടമായിരുന്നു. എന്നാല്‍, അവള്‍ ശരിക്കും ആരെയാണ്  പ്രണയിച്ചിരുന്നതെന്ന കാര്യം  ഒരു   സങ്കീര്‍ണ്ണവിഷയമായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍  ആദ്യമൊക്കെ  ഞങ്ങള്‍ മൂന്നുപേരെയും അവള്‍ ഒരേപോലെ പ്രേമിച്ചിരുന്നു എന്നുവേണം കരുതാന്‍.  അവള്‍ മറ്റുള്ളവരെക്കൂടി പ്രേമിക്കുന്നകാര്യം  സ്വര്‍ണ്ണപ്പണിക്കാരനോ, ശെമ്മാച്ചനോ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ സുന്ദരസുരഭിലമായി അവളെ  നിദ്രയിലും നിനവിലും പ്രേമിച്ചു.
  എന്നാല്‍ എന്‍റെ അവസ്ഥ അങ്ങിനെയായിരുന്നില്ല.  പഠനത്തില്‍ എന്നും  പിന്നോട്ടായിരുന്നെങ്കിലും തരക്കേടില്ലാത്ത കുരുട്ടുബുദ്ധി എന്ന സവിശേഷത  അന്നേ എനിക്കുണ്ടായിരുന്നിരിക്കാം. പ്രേമകാര്യങ്ങളുടെ കിടപ്പെങ്ങിനെയെന്ന് കണ്ടെത്താന്‍ എനിക്കു വലിയ ആകാംക്ഷയായിരുന്നു. അതെങ്ങിനെയൊക്കെയാണെന്ന് ഞാന്‍ നിരീക്ഷിച്ചു കണ്ടെത്തുകയും  ചെയ്തു. ചിലപ്പോഴെങ്കിലും   അറിവെന്നത്  മാരകവും, അജ്ഞത അറിവിനേക്കാള്‍ നല്ലതാണെന്നും തോന്നുന്നു.  അറിവ്  ചിലപ്പോള്‍  സ്വാസ്ഥ്യം നശിപ്പിക്കും. എല്ലാ പുതിയ അറിവും ചിന്തകളെ നിയന്ത്രിക്കും. അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങളൊന്നും  അറിഞ്ഞിട്ടിനി മനുഷ്യന്മാരുടെ  സ്വസ്ഥത നശിക്കേണ്ട  എന്ന ഉദ്ദേശത്തിലായിരിക്കണം  യഹോവയായ തമ്പുരാന്‍  വിലക്കപ്പെട്ട കനി കായ്ക്കുന്ന വൃക്ഷത്തിന് ‘അറിവിന്റെ വൃക്ഷം’ എന്ന പേരു തന്നെ  കൊടുത്തത്.
 എന്റേതു മാത്രമാകണമെന്നു ഞാന്‍ കൊതിക്കുന്നവള്‍, മറ്റു രണ്ടുപേരെക്കൂടി, ഒരേ സമയം പ്രേമിക്കുന്നുവെന്ന അറിവ് എന്‍റെ ചങ്കില്‍ കോരിയിട്ട തീക്കനലായിരുന്നു. കാമുകര്‍ മൂവരിലും വച്ച് പണത്തിലും  സൌന്ദര്യത്തിലും ഞാനൊരു അശുവായിരുന്നതിന്റെ അപകര്‍ഷതാബോധവും, അതുമൂലം അവള്‍ എന്നെ തിരസ്കരിക്കും എന്ന ഭയവും എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നിട്ടും അവളില്ലെങ്കില്‍  ജീവിക്കാനാവില്ല എന്നൊക്കയാണ് ഞാന്‍ ആത്മാര്‍ത്ഥമായി കരുതിപ്പോന്നത്.  
  സ്വര്‍ണ്ണപ്പണിക്കാരന്‍റെ തലമുടി സായിബാബയുടെ മുടി പോലെ പിരുപിരാ ചുരുണ്ട് തലയില്‍ ഒരു മകുടം പോലെ വളര്‍ന്നു നിന്നു.  അയാള്‍ക്കതില്‍ അസാരം അഭിമാനവുമുണ്ട്.  സുഗന്ധയെണ്ണകള്‍ പുരട്ടിയും, സദാ ചീകി ഒതുക്കിയും അയാള്‍ അതിനെ പരിപാലിച്ചുവന്നു. അതിനായി ഒരു ചീപ്പ് എപ്പോഴും അയാള്‍ പോക്കറ്റില്‍ കൊണ്ടുനടന്നു. ദൂരദര്‍ശനിലെ ‘സ്മൃതിലയ’ത്തില്‍ വരാറുണ്ടായിരുന്ന   ‘തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍ പോറ്റിയ പുണ്യ ശിരസ്സേ,’ എന്ന  പാട്ടും അതിലെ രംഗവുമെല്ലാം  അവന്റെ തല കാണമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കുമായിരുന്നു. കനമില്ലാത്ത പഴുതാര മീശയും സിനിമാനടന്‍ സോമന്‍റെ പോലത്തെ വീതുളി കൃതാവും അവനുണ്ട്. ഇരുണ്ട നിറമെങ്കിലും, എപ്പോഴും നിവിയ ക്രീം പുരട്ടി മിനുക്കിയ മുഖം.
  ഇറുകിയ പാന്റ്സും, ഇന്‍ ചെയ്ത ഷര്‍ട്ടും,ഷൂസുമൊക്കെയായി;സൈക്കിള്‍ ബെല്‍ തുരുതുരാ അടിച്ച്, കുപ്പായത്തിന്റെ മുകളിലത്തെ കുടുക്കുകള്‍ തുറന്നിട്ട്‌, കഴുത്തിലെ ഇറക്കം കുറഞ്ഞ സ്വര്‍ണ്ണമാല പ്രദര്‍ശിപ്പിച്ചുകൊണ്ട്  സിനിമാ പാട്ടുകളുടെ ഈണത്തില്‍ ചൂളമടിച്ച് അവളുടെ വീടിന്റെ മുന്‍പിലെ വഴിയിലൂടെ അവന്‍ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍, അവള്‍ പാതി അടച്ചുപിടിച്ച  വാതിലിലൂടെ നോക്കി നില്‍ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.  ആ കാഴ്ച കാണുമ്പോള്‍ അവന്‍റെ  ഉലയിലെ ഉമിത്തീ മുഴുവനും എന്‍റെ ചങ്കിലാണ് നീറിപ്പുകഞ്ഞിരുന്നത്.  അവന്‍റെ ഓരോ സൈക്കിള്‍ ബെല്ലടിയും ഉലയില്‍ നിന്നും പുറത്തെടുത്ത്  ‘അടകല്ലില്‍’ വച്ച എന്‍റെ ഹൃദയത്തിന്മേലുള്ള ചുറ്റികപ്രയോഗം പോലെ എന്നെ നോവിച്ചിരുന്നു. അപ്പോഴൊക്കെ ഞാന്‍ കഴുത്തിലെ വെന്തിഞ്ഞയുടെ മുഷിഞ്ഞ ചരടില്‍ വിരല്‍ കുരുക്കി പിരിച്ചുകുരുക്കി കഴുത്തിനോട്  ചേര്‍ത്തുമുറുക്കിക്കൊണ്ടിരുന്നു.
 ശെമ്മാച്ചന്റെ പ്രേമകാര്യങ്ങള്‍ വളരെ സരളമായിരുന്നു. ഒരു ഹീറോയെപ്പോലെ, നേരിട്ടവളുടെ വീട്ടില്‍ കയറിച്ചെന്ന് അവളുമായി സല്ലപിക്കുകയായിരുന്നു മൂപ്പരുടെ രീതി. ആളൊരു അര്‍ദ്ധ-ദിവ്യ പുരുഷനായതുകൊണ്ട്  മൂപ്പര്‍ക്കതൊക്കെ നടക്കും.  ആര്‍ക്കും ഒരു സംശയവുമില്ല. ‘പെണ്ണാടുകളെ തേടിയിറങ്ങുന്ന മുട്ടനാടാണവന്‍,’ എന്നെന്റെയുള്ളം എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നുവെങ്കിലും, കുഞ്ഞാടുകളെ തേടിയിറങ്ങുന്ന നല്ലിടയനെപ്പോലെ, ശെമ്മാച്ചന്‍ അവളുടെ വീട്ടില്‍ നിത്യേന സന്ദര്‍ശനം നടത്തിവന്നു.  അവളുടെ   അനിയത്തിമാര്‍ക്ക് സൌജന്യമായി ട്യൂഷനെടുത്തു കൊടുക്കുന്ന  നല്ല സമരിയാക്കാരന്‍ എന്നാണ്  ശെമ്മാച്ചന്‍റെ വരവിനെക്കുറിച്ച് അവളുടെ വീട്ടുകാര്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്.
 ശെമ്മാച്ചന്മാര്‍ സെമിനാരിയുടെ മതില്‍ക്കെട്ടിനകത്തു നിന്നും പുറത്തിറങ്ങി ഇടവകക്കാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയെന്നത് ഒരു പുതിയ കാര്യമൊന്നുമല്ല.  എങ്കിലും ഒരു ദോഷൈകദൃക്കായ  എന്നെപ്പോലൊരാള്‍ക്ക് അവരുടെ സഞ്ചാരപഥത്തില്‍ ചില അപഥഭ്രംശങ്ങള്‍  കണ്ടെത്തുവാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അതിനു കാരണം അവര്‍ കൂടുതലായി സന്ദര്‍ശിക്കുന്നതും, സമയം ചിലവഴിക്കുന്നതും, സൌജന്യ ട്യൂഷന്‍ എടുക്കുന്നതുമെല്ലാം പെണ്‍കുട്ടികളുള്ള വീടുകളില്‍ മാത്രമായിരുന്നു. പൈതഗോറിയന്‍ സിദ്ധാന്തങ്ങളുടെ ത്രികോണങ്ങളില്‍ കാലുടക്കിയും, ല. സാ.ഗു, ഉ. സാ. ഘ എന്നീ ഇരട്ടപെറ്റ കുട്ടിച്ചാത്തന്മാരുടെ പിടിയില്‍പെട്ടും പത്താംതരം കടക്കാന്‍ പണിപ്പെട്ട് ഊര്‍ദ്ധന്‍ വലിച്ചിരുന്ന ഇടവകക്കാരനായ എനിക്കു രണ്ടക്ഷരം കണക്കു  പറഞ്ഞുതരാന്‍ ആരെയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ശെമ്മാച്ചന്മാരുടെ ഇത്തരം സന്ദര്‍ശനങ്ങളെ സംശയത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്‌. അങ്ങിനെയുള്ള സത്യാന്വോഷണ നിരീക്ഷണത്തിലൂടെയാണ് ശെമ്മാച്ചന്‍ അവളുടെ കാമുകനാണെന്ന വസ്തുത ഞാന്‍ കണ്ടെത്തിയതും.
  ശെമ്മാച്ചന്‍, എപ്പോഴും ക്ലീന്‍ഷേവ് ചെയ്തുനടക്കുന്ന ഒരു ചോക്ക്ലേറ്റ് സുന്ദരന്‍. സെമിനാരിയിലെ സുഭിക്ഷഭക്ഷണത്തിന്‍റെ മേന്മ വിളിച്ചു പറയുന്ന മിനുമിനുപ്പുള്ള ഉടല്‍, തരക്കേടില്ലാത്ത സാമ്പത്തികമുള്ള കുടുംബത്തിലെ അംഗവും. എന്‍റെ ആധികളുടെ കാരണങ്ങള്‍ അങ്ങിനെ നീണ്ടുപോയി...
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശെമ്മാച്ചന്‍റെ കുടുംബം മലബാറിലേക്ക് കുടിയേറിയകാലം.  അന്ന് മലമ്പനിയും കോളറയുമൊക്കെ കുടിയേറ്റക്കാരെ  എടുത്തിട്ടു കുടഞ്ഞുകൊണ്ടിരുന്നപ്പോള്‍ നിറവയറുമായി നില്‍ക്കുന്ന ഭാര്യയുടെ വയറ്റില്‍ വലതുകൈ വച്ചുകൊണ്ട് ശെമ്മാച്ചന്റെ അപ്പച്ചന്‍ കര്‍ത്താവിനു ഒരു വാക്ക് കൊടുത്തു; “കര്‍ത്താവേ തട്ടുകേടൊന്നും കൂടാതെ  കിട്ടിയാല്‍ മക്കളില്‍ ഒരാളെ കര്‍ത്താവിന്റെ വേലക്കായി തന്നേക്കാമേ.”
അപ്പച്ചന്‍ കര്‍ത്താവിനു വാക്കുകൊടുക്കുന്ന സമയം ശെമ്മാച്ചന്റെ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞു പെണ്ണായിരുന്നു. അതുകഴിഞ്ഞു  പിന്നെയും രണ്ടാണ്‍കുട്ടികള്‍ കൂടി പിറന്നിട്ടാണ് ശെമ്മാച്ചന്‍ ഭൂജാതനായത്.  മൂത്തവര്‍ മൂത്തവര്‍  സ്‌കൂള്‍ പൂര്‍ത്തിയാക്കാതെ കൃഷിയും കച്ചവടവുമായി ഓരോ വഴിക്ക്  തിരിഞ്ഞു. പത്താംതരം കഴിയാത്തവരെ സെമിനാരിയിലെടുക്കില്ല എന്നറിഞ്ഞപ്പോള്‍ അപ്പച്ചന്‍ കര്‍ത്താവിനു കൊടുത്ത വാക്ക് പാലിക്കാനാവാതെ കുഴങ്ങി. അങ്ങിനെയിരിക്കെയാണ്‌ കൌമാര കൂതുഹലങ്ങളില്‍ ഭ്രമിച്ചും ആനന്ദിച്ചും തുടങ്ങിയ ശെമ്മാച്ചന്‍ പത്താംതരം ഫസ്റ്റ് ക്ലാസ്സില്‍ പാസ്സാകുന്നത്.   മകന്‍റെ എതിര്‍പ്പിനെ വകവയ്ക്കാതെ അപ്പച്ചന്‍ കയ്യോടെ അവനെ കൊണ്ടുപോയി സെമിനാരിയില്‍ ചേര്‍ത്തു. അങ്ങിനെ ഒടുവില്‍ കര്‍ത്താവിനോടുള്ള നേര്‍ച്ചക്കടമെന്ന ചാവുദോഷം നീക്കിയതില്‍  അപ്പച്ചന്‍ ആശ്വസിച്ചു.  മകന്‍ അച്ചനായി വന്നിട്ടാക്കയ്യില്‍ നിന്നും വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ട് വേണം മരിക്കാന്‍ എന്നാണ് അപ്പച്ചന്റെ ആഗ്രഹം. സെമിനാരിയില്‍ നിന്നും അവധിക്ക് ചെല്ലുമ്പോഴെല്ലാം അപ്പച്ചന്‍  അക്കാര്യം ഒരു അനുഷ്ഠാനമെന്നവണ്ണം ശെമ്മാച്ചനെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
സത്യത്തില്‍ പ്രേമകാര്യത്തില്‍ ഞാന്‍ എതിരാളിയായിക്കണ്ടത് ശെമ്മാച്ചനെ മാത്രമായിരുന്നു. സ്വര്‍ണ്ണപ്പണിക്കാരന്‍ ഒരു അന്യജാതിക്കാരനായതുകൊണ്ട് കാര്യത്തോട് അടുക്കുമ്പോള്‍ അവളുടെ വീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നതു തീര്‍ച്ചയാണ്.  പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കു  യാതൊരു കാര്യമില്ലാത്തതു പോലെ  കത്തോലിക്കാ പള്ളിയില്‍ തട്ടാനും കാര്യമൊന്നുമില്ലല്ലോ?
പക്ഷെ ശെമ്മാച്ചന്റെ കാര്യം അങ്ങിനെയായിരുന്നില്ല. ശെമ്മാച്ചന് അവളുടെ വീട്ടുകാര്‍ നല്‍കുന്ന പരിഗണന എന്റെയുള്ളില്‍ അമര്‍ഷവും  അസൂയയും  ജനിപ്പിച്ചു. മിക്കവാറും വൈകുന്നേരങ്ങളില്‍ കൈനീളന്‍ കുപ്പായമിട്ട, മീശയില്ലാത്ത  മുഖം ‘സെമിനാരിവക’ എന്നെഴുതിയ  തകര ഫലകം തണ്ടില്‍ തൂക്കിയ സൈക്കിളില്‍ അവളുടെ വീട്ടില്‍ വന്നിറങ്ങുന്നതു  കാണാം. ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ സൈക്കിളിന്‍റെ കാറ്റുകുത്തി. അതുകൊണ്ടായിരിക്കണം പിന്നീട് ശെമ്മാച്ചന്‍ വരുമ്പോള്‍, അവളുടെ  ആങ്ങള ചെറുക്കന്‍ സൈക്കിളിനു കാവലായി അതും തള്ളിക്കൊണ്ട് നടക്കുന്നത് കാണാമായിരുന്നു. ആ കുരുത്തംകെട്ട ചെറുക്കന് സൈക്കിള്‍ ചവിട്ടാനൊന്നും അറിയില്ലായിരുന്നു. എന്നാലും സ്റ്റാന്‍ഡില്‍ ഇട്ടുകൊണ്ടുതന്നെ വേഗത്തില്‍ പെഡല്‍ ചവിട്ടിയും മണിയടിച്ചും സൈക്കിള്‍ ഓടിക്കുന്നതായി ഭാവിക്കും. അതുകൊണ്ട് ശെമ്മാച്ചനു രണ്ടു കാര്യമുണ്ടായി; സൈക്കിളിനു കാവലുമായി, അവളുമായി സൊളളുമ്പോള്‍ കിറിയില്‍ നോക്കി നില്‍ക്കുന്ന ആങ്ങള ചെറുക്കനെ അകറ്റി നിര്‍ത്താനും പറ്റി. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു സൈക്കിളുകളുടെ മരണമണികള്‍ക്കിടയില്‍പ്പെട്ട് വ്യഥപൂണ്ടുപോയൊരു കാലമായിരുന്നെനിക്കപ്പോള്‍.
പൊടിമീശ മുളച്ചുവരുന്ന കാലം. മുഖം നിറയെ നല്ല മുഴുപ്പിലുള്ള കാരകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വെറുതെയിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി മുഖത്തെയും മൂക്കിന്‍ തുമ്പിലെയും പഴുത്തു പാകമായ കാരകള്‍ ഞെക്കിപ്പൊട്ടിച്ചു പുണ്ണാക്കുക, അതില്‍ നിന്നും പുറത്തുവരുന്ന  കൊഴുത്ത ചലത്തിനെ  വിരല്‍ തുമ്പിലെടുത്ത് ദൂരേക്ക്‌ തെറിപ്പിക്കുക എന്നതാണ് മുഖ്യവിനോദം. കയ്യില്‍ കാലണ പോലുമില്ലെങ്കിലും ഉള്ളിലെ ചഷകം നിറയെ പ്രണയത്തിന്റെ വിശുദ്ധ മുന്തിരിച്ചാറുമായി നടക്കുന്ന പ്രായം. ഓമര്‍ഖയാം പാടിയതു പോലെ   താറുമാറായ അണ്ഡകടാഹത്തെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു പുതിയതൊരെണ്ണം ഉണ്ടാക്കുവാനുള്ള പൂതിയും കലശലായുണ്ട്. പക്ഷെ  പ്രേമം തോന്നുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ക്രിസ്തുമസ് കാര്‍ഡ് അയയ്ക്കാന്‍ പോലും പണമില്ല. പഠിക്കാനുള്ള ബുക്കോ, പുസ്തകമോ വാങ്ങണം എന്നു കള്ളം പറഞ്ഞു വേണം വീട്ടില്‍ നിന്നും അതിനൊക്കെ കാശു സംഘടിപ്പിക്കാന്‍. അല്ലെങ്കില്‍ കാശുള്ള കൂട്ടുകാരില്‍ നിന്നും ഇരന്നു വാങ്ങണം.
 ഈ പഴയ പ്രേമകഥയിപ്പോള്‍ പൊടിതട്ടി എടുക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ ചെറുപ്രായത്തില്‍ത്തന്നെ ആരെ കൂട്ടണം ആരെ ഒഴിവാക്കണം എന്നൊക്കെ ശാന്തികൃഷ്ണയ്ക്കു  നല്ല നിശ്ചയമുണ്ടായിരുന്നു എന്നു സൂചിപ്പിക്കാന്‍ കൂടിയാണ്. അവള്‍ എന്നെയും തട്ടാനെയും ഒഴിവാക്കി ശെമ്മാച്ചനെ ഭാവിവരനായി കണ്ടു പ്രണയവുമായി മുന്നോട്ടു പോയി.  എന്‍റെ സഹകാമുകനായിരുന്ന തട്ടാന്‍ ചങ്ങാതിക്കതില്‍ വലിയ പ്രശ്നമൊന്നും ഉണ്ടായതായി തോന്നിയില്ല.  അവളുടെ വീടിനുമുന്നിലൂടെ പോകുമ്പോഴുള്ള സൈക്കിള്‍ കസര്‍ത്തുകള്‍  അയാള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു.
 പാടേ തകര്‍ന്നു പോയത് ഞാനായിരുന്നു. ഒരുപാട് മധുരസ്വപ്നങ്ങള്‍ കണ്ട കൌമാരത്തില്‍ കിട്ടിയ ആദ്യത്തെ പ്രണയവഞ്ചനയില്‍ ഞാന്‍ അടപടലം തളര്‍ന്നുപോയ നാളുകള്‍.
 നോട്ടുബുക്കിന്റെ പേജുകള്‍ വലിച്ചുകീറി ഞാനവള്‍ക്കായെഴുതിയ പ്രേമലേഖനങ്ങളെല്ലാം അവള്‍ അവളുടെ അമ്മ മുഖാന്തിരം എന്‍റെ അപ്പന്‍റെയും അമ്മയുടെയും കയ്യില്‍ തിരികെ ഏല്പ്പിച്ചുകൊണ്ട്‌  ഔദ്യോഗികമായിത്തന്നെ  എന്‍റെ പ്രേമത്തിനു വിടുതല്‍ സര്‍ട്ടിഫിക്കറ്റു നല്‍കി.
സംഭവങ്ങള്‍  നാട്ടുകാരുടെ ചെവിയിലുമെത്തി  അതോടെ 'മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുന്നേ ഒരു പ്രേമനസീറ് വന്നേക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് വീട്ടുകാരും നാട്ടുകാരും  കളിയാക്കുവാനും തുടങ്ങി.  എനിക്കു വലിയ നാണക്കേട്‌ തോന്നി. ലോകത്തിലെ പ്രണയ കഥകളെല്ലാം കളളക്കഥകളെന്ന് തോന്നി. നാണക്കേട്‌ മൂലം നാടുവിട്ടു പോയാലോ എന്നാലോചിച്ചു. പക്ഷേ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ അതും വേണ്ടാന്നു വച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവളും വീട്ടുകാരും അവിടെനിന്നും മറ്റൊരിടത്തേയ്ക്ക് വീടു മാറിപ്പോയി. അതോടെ അവളെ ഇടയ്ക്കിടയ്ക്കു കണ്ടുമുട്ടുമ്പോള്‍ എന്‍റെ ചങ്കില്‍ ഉണ്ടാകുന്ന വേദനയ്ക്കും ഒരു പരിഹാരമായി. ശെമ്മാച്ചന്‍ ഉപരിപഠനത്തിനായി മറ്റൊരു സെമിനാരിയിലേക്ക് പോയതായറിഞ്ഞു. സ്വര്‍ണ്ണപ്പണിക്കാരന്‍ ആ പരിസരത്തുതന്നെ അപ്പോഴും തന്‍റെ സൈക്കിളും ചവിട്ടി കറങ്ങിനടക്കുന്നുണ്ടായിരുന്നു.
 സ്ഥലം വിട്ടുപോയെങ്കിലും അവളുടെ വിവരങ്ങളൊക്കെ ഞാന്‍ ചില ചങ്ങാതിമാര്‍ വഴി ശേഖരിക്കുമായിരുന്നു. അങ്ങിനെയാണ് ശെമ്മാച്ചനും അവള്‍ക്കുമിടയില്‍ പിന്നീടുണ്ടായ കാര്യങ്ങള്‍ ഞാനറിഞ്ഞത്. ‘കുറച്ചുകൂടി പഠിക്കണം നമ്മുടെയൊക്കെ കാര്‍ന്നോമ്മാര്‍ മിച്ചം പിടിച്ച ‘പിടിയരി’കൊണ്ടും അവരുടെ വിയര്‍പ്പു തുള്ളികള്‍ കൊണ്ടും പണിത സഭയല്ലേ? പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയൊക്കെ കയ്യിലാകാന്‍ പരുവമാകുമ്പോള്‍ പട്ടത്തിനു മുന്‍പായി സെമിനാരി ചാടി തിരിച്ചു പോരു’മെന്നൊക്കെയാണ് ശെമ്മാച്ചന്‍  അവള്‍ക്കു വാക്കു കൊടുത്തിരുന്നത്.  
ശെമ്മാച്ചന്‍ അങ്ങിനെ  പഠിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് നാട്ടില്‍വരുമ്പോള്‍ അവളെ കാണാന്‍ ചെല്ലും. ശെമ്മാച്ചനല്ലേ, ഗൃഹസന്ദര്‍ശന്മല്ലേ, ഇതൊക്കെ ഇടവകയില്‍ പതിവല്ലേ! നാട്ടുകാരൊക്കെ അത്രയേ കരുതിയുള്ളൂ.  സെമിനാരിയിലേക്ക്  ഒന്നു രണ്ടു തവണ അവള്‍ എസ്. റ്റി. ഡി  വിളിച്ചു. ഫോണ്‍ റെക്ടറച്ചന്റെ മുറിയിലാണ് വച്ചിരിക്കുന്നത്. ആരാണ്, എന്താണ് എന്നൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ടേ റെക്ടറച്ചന്‍ ഫോണ്‍ കൈമാറൂ. ‘വകയിലെ പെങ്ങളാണ്’ എന്നു പറഞ്ഞാണ് അവള്‍ വിളിക്കാറ്.
 “ഇനി ഫോണ്‍ വിളിക്കേണ്ട കുഴപ്പമാകും. റെക്ടറച്ചന്‍ പെശകാണ്” എന്നും പറഞ്ഞ് സെമിനാരിയിലേക്ക്  ഫോണ്‍ വിളിക്കുന്നതില്‍ നിന്നും ശെമ്മാച്ചന്‍ അവളെ വിലക്കി. സെമിനാരിയിലാണെങ്കില്‍ അക്കാലത്ത് ഒരേ ഒരു ഫോണ്‍ മാത്രമാണുള്ളത് അതു വച്ചിരിക്കുന്നത് റെക്ടറച്ചന്റെ മുറിയിലും. ‘ഇന്‍കമിംഗ്’ മാത്രമേ അതില്‍ നടക്കൂ. പുറത്തേക്ക് വിളിക്കാന്‍ പറ്റില്ല.   നരകത്തിലേക്ക് തുറക്കുന്ന   കവാടമെന്നപോലെ, ആരും അതിലൂടെ കടന്നു പോകാതിരിക്കാനുള്ള മുന്‍കരുതലായി, ഫോണിന്റെ ഡയല്‍  താഴിട്ടു പൂട്ടിയിരിക്കുകയാണ്.  
 ഇതിനിടയില്‍ ശെമ്മാച്ചനു വരുന്ന കത്തുകളില്‍ സംശയം തോന്നിയ റെക്ട്ടറച്ചന്‍ അവ പരിശോധിച്ചു തുടങ്ങി.  ഉടുപ്പൂരി മുങ്ങിയേക്കുമെന്ന സംശയം വന്നതോടെ ശെമ്മാച്ചന്‍ നിരീക്ഷണത്തിലായി.  മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ വളരാതിരിക്കാനും, വന്നുപോയ തെറ്റുകള്‍ക്ക് പരിഹാരമായും, എല്ലാ ദിവസവും ഒരു കൊന്തനമസ്കാരവും ‘ഞാന്‍ പിഴയാളിയും’ ചരലില്‍ മുട്ടുകുത്തിനിന്നുകൊണ്ട്  ഒരു വര്‍ഷത്തേയ്ക്ക് ചെയ്യാനായി ശിക്ഷ വിധിക്കപ്പെട്ടു. തപാലില്‍ ശെമ്മാച്ചന്‍റെ പേരിലുള്ള  അവളുടെ ഓരോ കത്തും വരുന്ന മുറയ്ക്ക്   ചരലില്‍ കൂര്‍ത്ത കല്ലുകള്‍ കൂടുതല്‍ കൂടുതല്‍ വിതറിക്കൊണ്ടുമിരുന്നു. ഇതിനിടയില്‍ നാട്ടില്‍ നിന്നും പതിവില്ലാതെ ശെമ്മാച്ചന്റെ അപ്പച്ചന്റെ വിളികളും വരാന്‍ തുടങ്ങി. വീട്ടുവിശേഷങ്ങള്‍ തിരക്കിട്ട് ചുരുക്കി പറയുന്നതിനിടയില്‍ അപ്പച്ചന്‍ ഓരോ പ്രാവശ്യവും ഗദ്ഗദത്തോടെ ഓര്‍മ്മിപ്പിക്കും,
“മോനെ, നെന്‍റെ കൈകൊണ്ടു കുര്‍ബാന വാങ്ങിയിട്ട് വേണം ഈ അപ്പച്ചന് കണ്ണടയ്ക്കാന്‍...”
അവള്‍  ശെമ്മാച്ചനയക്കുന്ന കത്തുകള്‍ക്ക് മറുപടി വരാതായി. അങ്ങിനെയിരിക്കെ ഒരു ദിവസം നിനച്ചിരിക്കാതെ അവള്‍ക്കു ശെമ്മാച്ചന്റെ  കത്തു വന്നു. അച്ചന്‍ പട്ടം കഴിഞ്ഞാല്‍ ഉടനെ റോമില്‍ വിട്ടു പഠിപ്പിക്കാമെന്ന് മെത്രാനച്ചന്‍  പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആദ്യം അച്ചന്‍ പട്ടമെടുക്കണം. റോമില്‍ പോയി പഠിത്തം പൂര്‍ത്തിയായി വന്നാല്‍ പിന്നെ ഉടുപ്പൂരുകയായി, പിന്നെ ഉടനെ  നമ്മുടെ കല്യാണം. പക്ഷെ  അതുവരേയ്ക്കും ഇനി കത്തുകള്‍ അയയ്ക്കരുത്' എന്നൊക്കെയായിരുന്നു ആ കത്തിലെ വര്‍ത്തമാനങ്ങള്‍. അവളോടുള്ള പ്രേമത്തെപ്രതി എന്നും സന്ധ്യയ്ക്കു കൂര്‍ത്ത പാഷണങ്ങളില്‍ മുട്ടുകുത്തിയുള്ള തന്‍റെ തപസ്സിനെക്കുറിച്ച് ശെമ്മാച്ചന്‍ പറഞ്ഞുവെങ്കിലും സംശയക്കാരന്‍ തോമായുടെ പിന്‍തലമുറക്കാരിയായ അവള്‍ക്കതൊന്നും അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല.  അവള്‍ക്കാകെ സംശയമായി. ശെമ്മാച്ചന്‍ അവളുടെ പിടിയില്‍ ഒതുങ്ങാത്ത ഒരു ഓക്കു മരമായി വളര്‍ന്നു പോയോ, അതോ  ഇസ്രയേല്‍ക്കാരെ മരുഭൂമിയില്‍ വട്ടം കറക്കിയപോലെ തന്നെയും  വാഗ്ദത്തഭൂമിയുടെ പേരില്‍  പറഞ്ഞു പറ്റിക്കുകയാണോ   എന്നൊക്കെ അവള്‍ക്കു തോന്നി.
 പിന്നീട് കുറേക്കാലം അവളേക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലായിരുന്നു. എന്‍റെ ജീവിതവും കഷ്ടപ്പാടിന്റെ എരിവേനലിലായിരുന്നു.   അങ്ങിനെയിരിക്കെയാണ്, ഒരു യാത്രാമദ്ധ്യേ,  ബസ്‌സ്റ്റാന്‍ഡില്‍ വച്ചവളെ വീണ്ടും  കണ്ടു മുട്ടുന്നത്.  എന്നെ കണ്ടപ്പോള്‍ വലിയ ചിരിയോടെ അവള്‍ ഓടിയെത്തി.
“അല്ലാ,  ഇതാര് ബാബുക്കുട്ടനോ! എത്ര കാലമായി കണ്ടിട്ട് !”
ചിരകാലസുഹൃത്തിനെപ്പോലെ, യാതൊരു സങ്കോചവും കാണിക്കാതെ അവള്‍ ചോദിച്ചു. ഞാന്‍ എന്തെങ്കിലും മറുപടി പറയും മുന്‍പ് അടുത്ത ചോദ്യങ്ങള്‍ വന്നു.
 “നീ എവിടേയ്ക്കാ, ഇപ്പോള്‍ എന്താണ് ചെയ്യുന്നത്?”
“ഞാന്‍ പഠിത്തമാ,   തിരുവനന്തപുരത്താണ്.  കോളേജിലേക്ക് പോകുവാണ്”
“നീ എന്തിനാ പഠിക്കണേ”
“പിന്നെ പഠിക്കാതെ?”
“അതല്ല,  എന്തു ഡിഗ്രിക്കാണ് പഠിക്കുന്നത്?”
“ലാ കോളേജില്‍”
“അപ്പോള്‍ നീ വക്കീലാകാന്‍ പോകുവാണോ?”
“അല്ലാതെ പിന്നെ ലാ  കോളേജില്‍ അച്ചന്‍ പട്ടത്തിനു പഠിക്കാന്‍ പറ്റുമോ?”
എന്‍റെ മറുപടിയിലെ മുനയില്‍കൊളുത്തി അവളൊന്നു വിളറി. എങ്കിലും ഉടന്‍ തന്നെ മുഖത്തെ ചിരി തിരികെ പിടിച്ചവള്‍ പറഞ്ഞു,
 “ഓ, നിന്‍റെ തര്‍ക്കുത്തരത്തിന് ഒരു മാറ്റവും ഇല്ലല്ലോ !”
അപ്പോഴേക്കും എനിക്ക് പോകാനുള്ള ബസ്‌ വന്നു. കോഴിക്കോടിനുള്ള ബസാണ്. അവിടെ ചെന്നു തിരുവനന്തപുരത്തിനുള്ള ട്രെയിന്‍ പിടിക്കണം.
 “ദാണ്ടെ, എന്‍റെ ബസ്‌ വന്നു. ഞാന്‍ പോട്ടെ?”
“നിക്ക് ബാബുക്കുട്ടാ, എത്രകാലം കൂടിയാണ് കണ്ടത്! വര്‍ത്താനം പറഞ്ഞു കൊതിമാറിയില്ല അടുത്ത ബസിനു പോകാന്നെ, കോഴിക്കോടിന് എപ്പോഴും ബസ്സുണ്ടല്ലോ !”
എന്‍റെ കൈത്തണ്ടയില്‍ കയറിപിടിച്ചുകൊണ്ടവള്‍  കൊഞ്ചിയപ്പോള്‍ ഞാന്‍ അവളുടെ വെളുത്തു മെലിഞ്ഞ വിരലുകളിലേക്ക് നോക്കി. അവളുടെ പതുപതുത്ത വിരലുകള്‍ വളരെ മനോഹരമായിരുന്നു.  6.30 ന്‍റെ മംഗലാപുരം എക്സ്പ്രസ്സ്‌ പിടിക്കാന്‍ സമയം ഇഷ്ടം പോലെയുണ്ടല്ലോ എന്നു കരുതി അടുത്ത ബസിനു പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നെയും അവള്‍ ഏതാണ്ടൊക്കെ ചോദിച്ചു എല്ലാത്തിനും ഞാന്‍ മറുപടിയും പറഞ്ഞു. ഞാന്‍ അവളുടെ സ്നേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നവള്‍ എന്നെ കുറ്റപ്പെടുത്തി. അവള്‍ക്കിപ്പോഴും എന്നോട് സ്നേഹമാണെന്നുമുള്ള ധ്വനികള്‍ അവളുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. അപ്പോഴേക്കും എന്‍റെ മനസ്സിലും ചെറിയ കുളിരൊക്കെ വീണ്ടും കോരാന്‍ തുടങ്ങി.  ശെമ്മാച്ചനെക്കുറിച്ച് ചോദിയ്ക്കാന്‍ നാവില്‍ ചോദ്യം മുളച്ചു വന്നു. പക്ഷെ അപ്പോഴേക്കും...   
 “ആണ്ടെ എന്‍റെ ബസ്‌ വന്നു. ഞാന്‍ പോട്ടെ”
 ഒരു ബസു വരുന്ന കണ്ടപ്പോള്‍ അവള്‍ തിരക്ക് കൂട്ടി.
“അടുത്ത ബസിനു പോകാന്നെ, വര്‍ത്താനമൊന്നും പറഞ്ഞുകഴിഞ്ഞില്ലലോ !” 'അഭീ ന ജാവോ ഛോഡ് കര്‍’ എന്ന റാഫി ഗാനം പോലെ എന്‍റയുള്ളം തേങ്ങി.
“അയ്യോ അത് പറ്റത്തില്ല, നേരം വൈകും”  
 എങ്കിലും 'നഹി നഹി' എന്ന അനുപല്ലവിയായിരിക്കണം അവളുടെ അകത്തുമപ്പോള്‍  തേങ്ങിയിരുന്നത്.
ബസില്‍ കയറി സീറ്റിലിരുന്ന ശേഷം നീങ്ങിത്തുടങ്ങിയ ബസില്‍ നിന്നും ചിരിച്ചുകൊണ്ടവള്‍ കൈവീശി കാണിച്ചു. ബസ് മറഞ്ഞു തീരുംവരെ ഞാനും എന്‍റെ കൈകള്‍ അവള്‍ക്കുനേരെ വീശിക്കാണിച്ചു.  എനിക്ക്  മനസ്സില്‍  വലിയ സന്തോഷം തോന്നി. ബസ്‌ കാത്തു നിന്നിരുന്ന ചില പെണ്ണുങ്ങള്‍ എന്‍റെ നേരെ നോക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം എന്തോ പറയുകയും തമ്മില്‍ നോക്കി ചിരിക്കുകയും ചെയ്തു.  അടുത്ത ബസിനായി ഞാന്‍ കാത്തിരുന്നു. കുറേനേരം കഴിഞ്ഞിട്ടും ബസൊന്നും വരുന്നത് കണ്ടില്ല. സ്റ്റേഷന്‍മാസ്റ്റരുടെ മുറിയില്‍ തിരക്കിയപ്പോള്‍ അടുത്ത  ബസ്‌ കട്ടപ്പുറത്താണുള്ളതെന്ന വിവരം കിട്ടി. ഒരിക്കല്‍ എന്‍റെ പ്രേമത്തെ അവള്‍ കട്ടപ്പുറത്ത് കയറ്റിയതാണ്. ഇപ്പോള്‍ കട്ടപ്പുറത്തുള്ള ബസിനാണ് അവള്‍ മൂലം അത്രയുംനേരം കാത്തിരിക്കേണ്ടി വന്നത്.
ബാംഗ്ലൂരില്‍ നിന്നും ഒരു ബസ്‌ വരാനുണ്ട് എന്ന വിവരം അറിഞ്ഞു. ബാംഗ്ലൂരില്‍ നിന്നുള്ള ബസ്‌ വന്നപ്പോള്‍ അതില്‍ സീറ്റൊഴിവില്ല. ഒരു ബസ് മുടങ്ങിയതിനാല്‍  അതിനു പോകേണ്ട യാത്രക്കാര്‍ മുഴുവന്‍ വന്ന ബസില്‍ കയറാന്‍ തിരക്ക്കൂട്ടി.   തിരക്കിനിടയില്‍ നിന്നുള്ള യാത്രയില്‍   അവളെയും ചുരുണ്ടമുടിയുള്ള സ്വര്‍ണ്ണപ്പണിക്കാരനെയും ക്ലീന്‍ ഷേവുകാരന്‍ ശെമ്മാച്ചനെയും വീണ്ടും ഓര്‍ത്തുകൊണ്ട് ബസിന്റെ കമ്പിയില്‍ തൂങ്ങി ആടിയാടി കോഴിക്കോട്ടെത്തി. സൂചികുത്താന്‍ പോലും ഇടമില്ലായിരുന്ന മലബാര്‍ എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍,  ശുചിമുറിക്കരികില്‍ തരപ്പെടുത്തിയ ഒരിഞ്ചിടത്തു ഉറങ്ങാതെ കുത്തിയിരുന്നു നേരം വെളുക്കന്നതുവരെ ഞാന്‍ അവളെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു.
 ഒരാഴ്ചയ്ക്കുള്ളില്‍ എന്നെത്തേടി ഹോസ്റ്റല്‍ വിലാസത്തില്‍ അവളുടെ കത്തു വന്നെത്തി. കത്തില്‍ മുഴുവനും നിറഞ്ഞുനിന്നത് അവള്‍ക്കെന്നോടുള്ള പ്രേമമായിരുന്നു. അവള്‍  ആ ബസ് സ്റ്റാന്‍ഡില്‍ വെച്ചെന്നെ ശെമ്മാച്ചനുമായി തുലനം ചെയ്യുകയായിരുന്നുവെന്നു തോന്നി. ഞാനന്ന് ‘മിസ്റ്റര്‍ ലാ-കോളേജാ’യിരുന്നു. അമ്പത്താറിഞ്ചു നെഞ്ചും കട്ടിമീശയും എനിക്കു സ്വന്തമായുണ്ടായിരുന്നു.  വര്‍ത്താനത്തിനിടയില്‍ അവളുടെ കണ്ണുകള്‍ എന്‍റെ മീശയിലും, ഇറുകിയ ബനിയനുള്ളില്‍ ഉരുണ്ടു കളിക്കുന്ന മസിലുകളിലും ഉടക്കി നിന്നിരുന്നു.  അവളപ്പോള്‍ പറഞ്ഞിരുന്നു.
“ബാബുക്കുട്ടന്  ഈ മീശ നന്നായി ചേരും”
മീശക്കാരെയാണ് അവള്‍ക്കിഷ്ടമെന്നു അവള്‍ പണ്ടെന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട്  പൊടിമീശ ഒന്നു കനക്കാനായി ഒരു കൂട്ടുകാരന്‍ മുഖേന അന്നൊരു വേട്ടക്കാരന്റെ  പക്കല്‍ നിന്നും സംഘടിപ്പിച്ച കരടിനെയ്യ്  ഞാന്‍ മേല്‍ച്ചുണ്ടില്‍ പുരട്ടുമായിരുന്നു. പക്ഷെ മീശക്ക് കനം വയ്ക്കുന്നതിനു മുന്‍പായി മീശയില്ലാത്ത ശെമ്മാച്ചനെ അവളന്നു തിരഞ്ഞെടുത്തിരുന്നല്ലോ.
അന്നത്തെ ബസ്‌ യാത്രയില്‍ അവള്‍ ഉറപ്പായിട്ടും മുഴുവന്‍ സമയവും എന്നെക്കുറിച്ച് തന്നെയായിരിക്കും ചിന്തിച്ചിരിക്കുക. കോടതി വരാന്തയിലൂടെ കറുത്ത ഗൌണും വിടര്‍ത്തി, കയ്യില്‍ നിയമപുസ്തകവുമായി ഞാന്‍ നടന്നു നീങ്ങുന്നതും,  മമ്മൂട്ടിയെപ്പോലെ, നാടകീയമായ വാദമുഖങ്ങളോടെ മുഴക്കമുള്ള ശബ്ദത്തില്‍ കേസുകള്‍ വിസ്തരിക്കുന്നതും ഒഴുക്കോടെ ഇംഗ്ലീഷില്‍ കേസിന്റെ വാദം നടത്തി എതിര്‍ഭാഗത്തിന്‍റെ വാദങ്ങളെ നിഷ്പ്രഭമാക്കുന്നതും അവള്‍ മനോമുകുരത്തില്‍ കണ്ടിരിക്കണം.
 ശെമ്മാച്ചന്‍ അപ്പോഴും ദൂരെയാണ്. വരുമെന്ന് ഉറപ്പൊന്നുമില്ല, എന്നാല്‍ ബാബുക്കുട്ടന്‍ അങ്ങിനെയല്ല. ഒരിക്കല്‍ തന്നെ മോഹിച്ചവന്‍, അവനൊരു രണ്ടാമൂഴം നല്‍കിയാലോ എന്നായിരിക്കാം അവളുടെ ചിന്തയെന്നു അവളുടെ കത്തു വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായി.
 എങ്ങിനെയും ബോഡി ബില്‍ഡിംഗ്‌ മത്സരത്തിലും ഭാരോദ്ദ്വഹനത്തിലും യൂണിവേര്‍‌സിറ്റി തലത്തില്‍ മികവ് തെളിയിക്കാനുള്ള ഉദ്യമത്തിലായിരുന്നു ഞാനപ്പോള്‍.  സ്പോര്‍ട്സ് ക്വാട്ടയില്‍ മയിസ്രെട്ടും ജഡ്ജിയുമൊന്നുമാകാന്‍ കഴിയില്ല. വല്ല പോലീസിലോ,  റെയില്‍വേയിലോ കടന്നു കൂടണമെന്ന ജ്വരമായിരുന്നു മനസുനിറയെ. അന്ന് എന്നോടൊപ്പം അവിടെ ജിമ്മില്‍ പരിശീലനം നടത്തിയവരില്‍ ബോബിജോര്‍ജ് മാത്രമായിരുന്നു എനിക്കൊരു എതിരാളിയായി തോന്നിയത്.  അന്നത്തെ ഒരു സൂപ്പര്‍സ്റ്റാറായ ബാബു ആന്റണിയെ പോലെ മസിലും, പൊക്കവും, ചെറിയ താടിമീശയും  തോള്‍ വരെ നീണ്ടുകിടക്കുന്ന സ്റ്റൈലന്‍ മുടിയുമുള്ള  ഒരു സുന്ദരന്‍. എന്‍റെ ഭാഗ്യത്തിന് മൂപ്പര്‍ക്ക് മസില്‍ പെരുപ്പിക്കുന്ന കളിയിലല്ലായിരുന്നു താല്‍പ്പര്യം. ട്രിപ്പിള്‍ ജമ്പായിരുന്നു ടിയാന്റെ ഐറ്റം. അതോടെ എനിക്കു നല്ല ആത്മവിശ്വാസമായി. അവള്‍ അയച്ച കത്ത് ഷോര്‍ട്സിന്‍റെ പോക്കറ്റില്‍ക്കിടന്നു വിയര്‍പ്പില്‍ കുതിര്‍ന്നപ്പോള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജിമ്മിനു മുന്നിലെ ചവറ്റുകൊട്ടയിലേക്ക് ഞാന്‍ വലിച്ചെറിഞ്ഞു.
 ശെമ്മാച്ചന്‍ ഉടുപ്പൂരാനുള്ള ലക്ഷണമൊന്നും കാണിച്ചില്ല. തൊട്ടുരുമ്മി നില്‍ക്കുന്ന തൊണ്ണൂറ്റൊമ്പതു കുഞ്ഞാടുകളെ ഉപേക്ഷിച്ചേച്ചു ബാക്കിയായ  ഒരു കുഞ്ഞാടിനെ അന്വേഷിച്ചലയാനുള്ള ബുദ്ധിമോശമൊന്നും ശെമ്മാച്ചന്‍ കാണിച്ചില്ല. ഒന്നു പോയാല്‍ പോകട്ടെ ബാക്കി തൊണ്ണൂറ്റൊമ്പതെണ്ണം കൂടെയുണ്ടല്ലോ എന്ന ആശ്വാസമായിരിക്കണം അയാള്‍ക്കപ്പോള്‍, എന്നിരുന്നാലും ഒരു കുഞ്ഞാടിനെപ്പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള ഒരു നല്ലിടയന്റെ ആത്മാര്‍ത്ഥമായ ശ്രമമെന്ന നിലയില്‍ അവളോട് കന്യാസ്ത്രി മഠത്തില്‍ ചേരാന്‍ ശെമ്മാച്ചന്‍ ഉപദേശിച്ചു. അങ്ങിനെ ‘ഒരിടയനും ഒരു ആട്ടിന്‍പറ്റവുമെന്ന’ തിരുവെഴുത്ത് നിറവേറ്റാന്‍ ആ ദൈവദാസന്‍ തന്നാലാവും വിധം പരിശ്രമിച്ചു.
 അന്നു ഞങ്ങള്‍ ‘ജിമ്മന്മാര്‍’ ആര്‍നോള്‍ഡ് ഷ്വര്‍സെനാഗരുടെ സിനിമകള്‍ കാണാന്‍ തമ്പാനൂരിലെ ശ്രീകുമാറില്‍ പോവുകയും, അതിബലശാലികളും ജിതേന്ദ്രിയരും ആകാനായി ജിമ്മിനു നേരെ എതിരെ,  ഇന്നത്തെ നിയമസഭയ്ക്കു  സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എല്ലാ വ്യാഴാഴ്‌ചകളിലും പോകുന്നതും പതിവായിരുന്നു.  മസില്‍ പെരുപ്പിക്കേണ്ട കാര്യമില്ലെങ്കിലും ചെറുപ്പക്കാരികളായ സ്ത്രീകളായിരുന്നു ദര്‍ശനത്തിനായി  അവിടെ എത്തിയിരുന്നതില്‍ അധികവും. മുല്ലപ്പൂവും ചൂടിനില്‍ക്കുന്ന അവര്‍ക്കിടയില്‍ നിന്നുകൊണ്ട് വെങ്കടേശ്വര ജ്വല്ലറിയുടെ മുതലാളി പേരുവെച്ചെഴുതിയ  ബോര്‍ഡിലെ ശ്ലോകം വായിക്കുകയായിരുന്നു എന്‍റെ ഏക പ്രാര്‍ത്ഥന.
 “മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാന്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി ”
 ഭീമസേനനെപ്പോലെ വിക്രമിയാകാന്‍വേണ്ടി മസിലുകള്‍ പെരുപ്പിക്കാന്‍ ജിമ്മുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്ന എന്നില്‍ ആ സമയം അത്തരം ചിന്തകളല്ലാതെ ഒരു  രണ്ടാമൂഴത്തിനായി അവളുമായി  സന്ധിചെയ്യാനുള്ള തോന്നലുകളൊന്നും ഉണ്ടായില്ല.  ഒരുപക്ഷെ ഭീമസഹോദരനായ മാരുതി താല്‍ക്കാലികമായി ജിതേന്ദ്രിയനാകാന്‍ എന്നെ  അനുഗ്രഹിച്ചു കാണണം!

(തുടരും..)





Join WhatsApp News
Sudhir Panikkaveetil 2021-11-22 15:31:28
ആരംഭം രസകരം ! എന്ത് സംഭവിക്കുമെന്ന ജിജ്ഞാസ കഥയുടെ തുടർച്ചയെ കാത്തിരിക്കുന്നു. പഴയകാല പ്രണയനാടക വേദിയിലെ ചിലമ്പൊലി. ഒരു ഉൾനാടൻ കുളിര്കാറ്റ് വന്ന തൊട്ടപോലെ.
JOSEPH ABRAHAM 2021-11-22 18:40:21
പ്രിയ സുധീർ സാർ,പഴയ പ്രണയ കാലത്തിന്റെ പുതുമ താങ്കൾക്ക് അനുഭവപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. രണ്ടാമത്തെ ഭാഗം വായിച്ചു അഭിപ്രായം പറയുമല്ലോ . വളരെ സ്നേഹം
Santhosh Pillai 2021-11-22 22:04:10
കൗമാരത്തിൽ നുണഞ്ഞ ഒരു പ്യാരീസ് മിഠായി വീണ്ടും നുണയുന്ന അനുഭൂതി.
American Mollakka 2021-11-22 22:25:45
ജോസഫ് സാഹിബ് അസ്സലാമു അലൈക്കും. കഥ ബായിച്ച് ഞമ്മടെ ഖൽബിൽ പതിന്നാലാം രാവുദിച്ചു.യൗവ്വന നാളിൽ മൊഞ്ചത്തികളുടെ സുറുമയിട്ട മിഴികൾ ഞമ്മളെ ഉഴിയുമ്പോൾ അനുഭവിച്ച സുഖം ഇങ്ങടെ കഥ ബായിച്ച് ഞമ്മള് ഒന്നുകൂടി അയബിറക്കി. ശാന്തികൃഷ്ണ എന്ന കണ്ടപ്പോൾ ഞമ്മള് കരുതി ആ സിനിമാതാരമാണെന്നു. ഓളെ ഞമ്മളെ മത്തുപിടിപ്പിച്ചിരുന്നു. ഇപ്പൊ ഓള്ക്കും ബയസ്സായി ഞമ്മളും അമ്പത് കടന്നു. ഇ മലയാളിയിലെ നല്ല കഥാകാരാ ഞമ്മള് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
ജോസഫ് എബ്രഹാം 2021-11-23 00:44:55
നല്ല വാക്കുകൾ പറഞ്ഞ അമേരിക്കൻ മൊല്ലാക്കയ്ക്കും സന്തോഷ് പിള്ളയ്ക്കും എന്റെ സ്നേഹവന്ദനം. തുടർന്ന് വരുന്ന ഭാഗം നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. നന്ദി
സാബു മാത്യു 2021-11-23 17:26:00
പ്രണയ കഥകൾ എങ്ങിനെ പൈങ്കിളിയാവാതെ ഒരു കഥ പറയുക എന്നത് ശ്രേമകരമാണ് . ആ കാര്യത്തിൽ കഥാകൃത്ത് ഇവിടെ വിജയിച്ചു എന്ന് പറയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക