മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Published on 22 November, 2021
മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

         
  കൂടണയും കിളികളേ കണ്ടുവോ നിങ്ങളെൻ മുത്തിയെ
 കുന്നിൻ ചെരിവിലെങ്ങാനും കരിയില നിറം
 പാറിക്കിടക്കും വെളളി നൂൽ കുന്തളം
 പല്ലില്ലാതൊട്ടിയ കവിൾക്കോണിൽ
 ചർവ്വിത താംബൂലമൊതുക്കിയ തടിപ്പ്
 ഉള്ളിലേക്കാഴ്ന്നാഴ്ന്ന് പോയെങ്കിലു-
 മൊട്ടുമേ ചൈതന്യം വറ്റാ മിഴികളും
 ചെരുവിലെ 'ചെറുള' യും 'കറുക'യും ഇറുത്ത്
 പട്ടിണിയാലൊട്ടിയ വയറിലിറുകിയ-
 പിഞ്ഞിയ തുണിത്തുമ്പിൽത്തിരുകി
'കൃഷ്ണകാന്തി' വലം കൈയ്യിലൊതുക്കി
 പർവ്വത പുത്രിയ്ക്കിഷ്ടമാം
 'പൂവാംകുരുന്നില'
 മറുകൈയ്യിൽ നിറച്ച്
'മുയൽച്ചെവിയ'നെയുമടർത്തി കുന്നിൽ
അലയുകയാവുമോയെൻ മുത്തി
 'മുക്കുറ്റി' ഇറുത്ത് 'കൈയ്യോന്നി' പൊട്ടിച്ച്
 'നിലപ്പന' തേടുകയാവുമോ മുത്തി
 ജീവിതം പോൽ കറുത്ത 
പാറയിലിരുന്നിത്തിരിനേരം
 കാറ്റിൽ വിയർപ്പാറ്റിയോ, വെയിലിൻ 
പാഥേയം  കഴിച്ചുവോ മയങ്ങിയോ-
 യെൻ മുത്തി, പറയുമോ മലങ്കാറ്റേ നീയെങ്കിലും
 കാൽതഴുകിപ്പോയതാം
 ചേരയ്ക്കുചിരിനല്കി 
 തുമ്പി തൻ തുള്ളലും, വർണ്ണശലഭത്തിൻ നൃത്തവും
 മലയോന്തിൻ നിറപ്പകർച്ചയും
 കണ്ടിരിപ്പാണോ മുത്തി
 വെയിൽ തിന്നു തിന്ന് തിരയുന്നുവോ
 'തിരുതാളി'യും, 'ഉഴിഞ്ഞി'യും
 കുടിലിലേകയാം കുഞ്ഞുമോളുടെ കാന്തിയ്ക്കായ്
 ദശമലർ തേടി അലയും മുത്തിയെ കണ്ടുവോ
 കാർമുകിൽ പരന്നല്ലോ ദുർഭൂതം കണക്കേ
 വീണല്ലോ ഇരുട്ടിൻ കംബളം ചുറ്റിലും
പടിഞ്ഞാറേക്കടവിലർക്കനും മുങ്ങിയല്ലോ
 കണ്ണീരിൽ കുതിർന്ന് കുഞ്ഞുമോൾ വിതുമ്പി
 'മുത്തീ വരാത്തതെന്തേ'
ഉത്തരം പറയാപ്പറവകൾക്കു പിന്നിലായ്
 വിതുമ്പലിൻ മൊഴിതൻ കിളികളും പറന്ന് പോയി.
         .................
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക