Image

ചുരുളിയിലെ തെറി ; കാര്യങ്ങള്‍ വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ്

ജോബിന്‍സ് Published on 23 November, 2021
ചുരുളിയിലെ തെറി ; കാര്യങ്ങള്‍ വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ്
ലിജോ പെല്ലിശേരിയുടെ ചുരുളി സിനിമ ഒടിടിയില്‍ റിലീസായതോടെ വിവിധ രീതികളിലുള്ള ചര്‍ച്ചകളാണ് സിനിമയെക്കുറിച്ച് നടക്കുന്നത്. ചുരുളിയിലെ അസഭ്യപദങ്ങളുടെ പേരില്‍ കടുത്ത വിമര്‍ശനം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഇത്തരം പദങ്ങള്‍ ആവശ്യമായി വരുമെന്നാണ് മറുഭാഗത്തിന്റെ പക്ഷം. 

സെന്‍സര്‍ ബോര്‍ഡിനെതിരെയും രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലെ ചരുളിയുടെ സെന്‍സറിംഗും ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് വെളിപ്പെടുത്തിയിരിക്കുകയാണ്. 

ഒടിടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന വിശദീകരണമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്നത്. ചുരുളി മലയാളം  സിനിമയ്ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ്  പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍  DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. 

മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി  സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക