ഒറ്റമരത്തിന് പറയാനുള്ളത് (സുധീർ കുമാർ )

Published on 23 November, 2021
ഒറ്റമരത്തിന് പറയാനുള്ളത് (സുധീർ കുമാർ )
ഇരുപതു വർഷത്തിലധികമായി അച്ചൻകോവിലിൽ നിന്ന് ട്രാൻസ്ഫറായിപ്പോന്നിട്ട്.

ആദിവാസി വികസന റബ്ബർ പ്ളാന്റേഷൻ പ്രോജക്റ്റ് (TDRPP) സംസ്ഥാന സർക്കാരും റബർബോർഡും ചേർന്നു നടത്തിയിരുന്ന ഒരു പദ്ധതിയാണ്.
വനവാസികളുടെ ഭൂമിയിൽ റബ്ബർ നടാനും തുടർജോലികൾക്കും  ഭൂവുടമകളും ബന്ധുക്കളുമാണ് തൊഴിലാളികൾ.
സ്വന്തം ഭൂമിയിൽ പണിയെടുക്കുന്നതിന് നിലവിലുള്ള വേതനവും അവർക്കു നൽകിയിരുന്നു.

റബർ നട്ട് വിളവെടുക്കാൻ തുടങ്ങുന്നതുവരെ ഉള്ള മേൽനോട്ടമായിരുന്നു ബോർഡിനുണ്ടായിരുന്നത്.
നാൽപ്പതു കുടുംബങ്ങളുടെ കൃഷി ആവശ്യത്തിന് സർക്കാർ അനുവദിച്ച
എൺപത് ഏക്കറിൽ അച്ചൻകോവിലിലും അങ്ങനെ ഒരു പ്രോജക്റ്റ് ആരംഭിച്ചിരുന്നു.

ജോലി കിട്ടി ആദ്യ നിയമനം കാടിനാൽ ചുറ്റപ്പെട്ട ആ മനോഹര ദ്വീപിലേയ്ക്കായിരുന്നു. അന്നൊക്കെ ചെങ്കോട്ട വഴി ചുറ്റിപ്പോകണമായിരുന്നു.
വേനൽക്കാലത്തു മാത്രമായിരുന്നു അലിമുക്ക്, മുള്ളുമല വഴി വണ്ടി ഉണ്ടായിരുന്നത്.

ഏറെ നാളായി അച്ചൻകോവിലിലേക്ക് ഒന്നുകൂടെ പോകാൻ കൊതിക്കുന്നു.
കാടും കാറ്റും പുഴയും കവിതയും
നിറഞ്ഞാടിയ ആ പഴയ കാലത്തേയ്ക്ക് ......

അലിമുക്കിൽ ബസ്സു വന്നു നിന്നപ്പോൾ
ഷട്ടറുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.
സന്ധ്യയ്ക്ക് തിമിർത്താടിയ തുലാവർഷം കഴിഞ്ഞ് പുലർച്ചെ പെയ്ത മഞ്ഞിന് നല്ല കട്ടിത്തണുപ്പായിരുന്നു.

അകത്തും പുറത്തും ചെമ്മൺപൊടി നിറച്ച് ആടിയുലഞ്ഞു പോയിരുന്ന പഴയ കാലത്തും ചെമ്പനരുവി പിന്നിട്ടാൽ
അച്ചൻകോവിൽ ബസ്സിന്റെ ഷട്ടറുകൾ സഹയാത്രികരുടെ തുറിച്ചുനോട്ടം വകവയ്ക്കാതെ ഉയർത്തിവച്ച് കാട്ടിലേക്ക് കണ്ണെയ്തിരിക്കാറുണ്ടായിരുന്നു, ഞാൻ.

കറവൂർ കനാൽപ്പാലം കടന്നതേ തണുപ്പിനെ കളിയാക്കിക്കൊണ്ട് ബസ്സിന്റെ ജാലകം പയ്യെ തുറന്നു വച്ചു. എനിക്കു പിറകിലിരുന്ന ഒരാൾ
നീരസത്തോടെ എഴുന്നേറ്റ് മുന്നിലേക്ക് കയറിയിരുന്നു.
എപ്പഴോ കാറ്റിൽ കാടിന്റെ ഗന്ധം പടർന്നു തുടങ്ങിയിരുന്നു.
ആകാശം മറച്ച് മരങ്ങൾ കുട നിവർത്തുമ്പോൾ
ഏതോ പ്രണയഗാനം മൂളിക്കൊണ്ട് കല്ലടയാറിനെ തേടി മുക്കടയാർ പടിഞ്ഞാട്ട് പായുന്നുണ്ടായിരുന്നു.

മുള്ളുമലയിൽ വഴിയരികിലെ ഫാമിംഗ് കോർപ്പറേഷന്റെ തോട്ടത്തിൽ ചോരത്തിളപ്പുള്ള പുതുതലമുറ റബ്ബർ തൈകൾ
പഴയ നാടൻ മരങ്ങളുടെ സാമ്രാജ്യം കയ്യേറിക്കഴിഞ്ഞു.  ഇനി കുറച്ചുപേർ മാത്രം
കീഴടങ്ങാൻ കാത്തു നിൽപ്പുണ്ട്.
ചെരിപ്പിട്ടകാവിലെ ചെക്ക്പോസ്റ്റിൽ
മയിലുകൾ പീലി വിരിച്ച്
കാവൽ നിൽക്കുന്നത് ഒരു പുതിയ കാഴ്ചയായിരുന്നു.

ചെമ്പനരുവിയിൽ കടകൾ മുളച്ചു പടർന്നിട്ടുണ്ട്. റോഡിനു വലതു വശത്ത്
റബർ തോട്ടങ്ങൾക്കിടയിൽ തുള്ളിച്ചാടിക്കൊണ്ട്
അരുവി പരിചയഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു.

പൊട്ടിപ്പൊളിഞ്ഞ കോന്നി റോഡ്
ഇടതുവശത്തുകൂടെ
കരിയിലകൾക്കിടയിലേക്ക്
ഇഴഞ്ഞു കയറുകയറിപ്പോയി.

തുറയിലെത്തിയപ്പോൾ തെളിഞ്ഞുവന്ന അച്ചൻകോവിലാറിനെ കാണാൻ  ആളൊഴിഞ്ഞ ഇടതു വശത്തെ സീറ്റിലേക്ക് മാറിയിരുന്നു.

തിളങ്ങുന്ന ഉരുളൻ കല്ലുകളെ പുഴ പിന്നെയും പിന്നെയും തഴുകി മിനുക്കിക്കൊണ്ടിരുന്നു .
അറുതലക്കയത്തിൽ
കല്ലാറും അച്ചൻകോവിലാറും
ഇപ്പഴും രമിച്ചു കിടക്കുകയാണ്...!

പുഴയോരത്തെ പുൽത്തകിടിയിൽ ആനപ്പിണ്ടം പരന്നു കിടന്നിരുന്നു.
ആനച്ചൂരു വന്നപ്പോൾ വണ്ടിക്ക് പെട്ടെന്ന് വേഗതയേറിയതു പോലെ.

എപ്പഴോ അച്ചൻകോവിലാറ് ഒളിച്ചു കളിയ്ക്കാൻ തുടങ്ങി. അന്നേരമാണോ
ബസ് പെട്ടെന്ന് നിന്നത് ?
നോക്ക്, നോക്ക് എന്ന് ഡ്രൈവർ
കണ്ടക്ടറെ വിളിച്ചു.
ഒരു കൂട്ടം കാട്ടുപോത്തുകൾ റോഡിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ മേയുന്നു.
ഭംഗിയുള്ള വളഞ്ഞ കൊമ്പുകൾ.
എണ്ണ മിനുപ്പിലെന്നപോലെ തിളങ്ങുന്ന
കരിംതവിട്ടു നിറം. കാൽമുട്ടോളം
വെളുത്ത സോക്സിട്ടതുപോലെ !

ചൂളം വിളിച്ച് കുറെ മുളങ്കാടുകൾ പിറകോട്ടു പോയി.
മിന്നായം പോലെ ഒരു മാൻപേട എങ്ങോ ചാടി മറഞ്ഞു.

സുഖമുള്ള നനുത്ത ആ കാറ്റ്
എപ്പഴാണ് കണ്ണുകൾ അടപ്പിച്ചതാവോ ?

"ഏയ് "

വേദന പുരണ്ട ഒരു നിലവിളിയായിരുന്നു, അത്.
ചാടി എഴുന്നേറ്റ്
കണ്ടക്ടറോട് പറഞ്ഞു -
"ഇവിടെ ഇറങ്ങണം ...."
" ഇവിടെയോ? " എന്ന് ചോദിച്ചെങ്കിലും
അയാൾ പെട്ടെന്ന് ബെല്ലടിച്ചു.

ഇറങ്ങിച്ചെന്നത്
ഭീമാകാരനായ ഇലവിൻചോട്ടിലേക്കാണ്.
ഒരു പച്ചിലപ്പാമ്പിനെപ്പോലെ  പണ്ടൊരിക്കൽ  തേനെടുക്കാൻ  ചെല്ലപ്പൻ പാഞ്ഞുകയറുംവരെ ഇതിനു മുകളിലേക്ക് ആർക്കെങ്കിലും കയറാനാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.

റോഡിന്നക്കരെനിന്ന്
പിന്നെയും സങ്കടത്തിൽ മുങ്ങിയ ആ  നാദം വന്നു......" ഏയ് "

പടക്കളത്തിൽ തളർന്നു നിന്ന യോദ്ധാവിനെ ഓർമ്മിപ്പിയ്ക്കുന്ന ഒരൊറ്റ റബ്ബർ മരം മാത്രമായിരുന്നു അവിടെ.

" ഞാൻ തന്നെയാണ് വിളിച്ചത് ....."
താഴ്ന്ന ചില്ല ഇളക്കി, മരം പറഞ്ഞപ്പോൾ
കിനാവിലാണോ ഞാൻ എന്നു സംശയിച്ചു.

കൃത്യമായ സാമൂഹിക അകലത്തിൽ നിരന്നു നിന്നിരുന്ന പന്തീരായിരം റബർ മരങ്ങളിൽ ബാക്കി ഈ ഒരാൾ മാത്രമോ.....?

ദേഹമാസകലം ദയാരഹിതമായ ആക്രമണത്തിന്റെ വടുക്കളുമായി അവശനായി നിന്ന വൃക്ഷം എന്റെ മനസ്റ്ററിഞ്ഞെന്നവണ്ണം മൊഴിഞ്ഞു :

"അല്ല, കുറച്ചുപേർ പിറകിലെ കുന്നിൻ മുകളിൽ എന്നേക്കാൾ മെലിഞ്ഞുണങ്ങി നിൽപ്പുണ്ട്.

നിങ്ങൾക്കോർമ്മയില്ലേ
ഞങ്ങളുടെ കുട്ടിക്കാലം ?
മറന്നു കാണില്ലെന്നെനിയ്ക്കറിയാം.
മുളങ്കാട്ടിന്നതിരിലെ പാറക്കെട്ടിലിരുന്ന്
നിങ്ങൾ പാടിയ കവിതയുടെ വരികൾ എനിക്കിന്നുമോർമ്മയുണ്ടല്ലോ ....
അന്നു കൗമാരം   കൈവിട്ടിട്ടില്ലായിരുന്ന നിങ്ങളെ
ഈ മദ്ധ്യവയസ്സിലും
എത്രയെളുപ്പമാണ് ഞാൻ തിരിച്ചറിഞ്ഞത്.....!

കനക മൈലാഞ്ചി നീരിൽ തുടുത്ത,
തൊടുമ്പോൾ കിനാവു ചുരത്തുന്ന
ആ വിരലുകളുടെ ഉടമ
നിങ്ങളുടെ ജീവിതത്തിലേക്കു വന്നു കാണുമെന്ന് കരുതുന്നു.

ഒരു വല്ലി പോലും ചുറ്റിക്കയറാതെ,
ഒരു ശാഖ പോലും ഉണങ്ങാതെ,
മ്ലാവു തിന്നാതെ
പന്നി കുത്താതെ
ആനകൾ പറിച്ചെറിയാതെ
ഞങ്ങളുടെ ബാല്യത്തെ
എത്ര സൂക്ഷ്മമായാണ് നിങ്ങൾ അന്നു കാത്തത് ?

ഫൈറ്റോപ്തോറയ്ക്ക്
ഒന്നെത്തിനോക്കാൻ പോലുമാകാത്ത തരത്തിൽ മഴക്കാലത്തിനു മുമ്പു തന്നെ
ഭംഗിയുള്ള തുരിശു കുപ്പായം അന്നു
നിങ്ങൾ ഞങ്ങളെ അണിയിച്ചിരുന്നില്ലേ ?

ഒരാൾക്കുപോലും കുറയാതെയും, അധികമാകാതെയും എത്ര കൃത്യമായാണ് വർഷത്തിൽ രണ്ടു തവണ നിങ്ങൾ ഞങ്ങൾക്ക് പോഷക വിഭവങ്ങൾ വിളമ്പിത്തന്നത് !

അനുസരണയില്ലാത്തവണ്ണം നേരെ മുകളിലേക്ക് വളർന്നിരുന്ന  വികൃതിത്തെകൾക്ക്
എത്ര ഭംഗിയായാണ് നിങ്ങൾ ശാഖകൾ
വിരിയിച്ചു കൊടുത്തത് !

പൊക്കമെത്തുംമുൻപേ വശങ്ങളിലേക്ക്
വളരാൻ ശ്രമിച്ചവരെ വേദനിപ്പിയ്ക്കാതെ നുള്ളിക്കൊണ്ട് നിങ്ങൾ നേരേ വളർത്തി വിട്ടു.
മുറിവേറ്റ് വെളുത്ത രക്തമൊഴുകുമ്പോഴെല്ലാം സ്നേഹം ചാലിച്ച മരുന്നു നിങ്ങൾ പുരട്ടിത്തന്നു.
ശരീരഭാരം താങ്ങാതെ താഴോട്ടു വളയാൻ തുടങ്ങിയവർക്ക് നേരേ നിൽക്കാൻ ഈറ്റയുടെ  ഊന്നുവടികൾ നൽകി.

കന്യയായ കാട്ടുമണ്ണിൽ നിങ്ങൾ വിചാരിച്ചതിലും വേഗത്തിലല്ലേ ഞങ്ങൾ വളർന്നത് ?

സമൃദ്ധമായി പാൽ ചുരത്താൻ തുടങ്ങിയ ഞങ്ങളെ
ഞങ്ങളുടെ ഉടയോർക്ക് കൈമാറി നിങ്ങൾ
മടങ്ങുമ്പോൾ
അതൊരു ദുരന്തത്തിന്റെ തുടക്കമാണെന്ന്
ആരറിഞ്ഞു ?

അരി വാങ്ങാനും ചാരായം കുടിയ്ക്കാനും
ഉടയോരു കടം വാങ്ങിക്കൂട്ടിയത് ഞങ്ങളുടെ
ചോരത്തിളപ്പു കണ്ടിട്ടു തന്നെ ആയിരുന്നു.
കടം വാങ്ങിയ പണം തിരികെ ചോദിച്ച് പരിഷ്കാരികൾ
കാടിറമ്പിലേയ്ക്കു വന്നപ്പോൾ
ഞങ്ങളെ പണയം വയ്ക്കുകയല്ലാതെ ആ അഭിമാനികൾക്ക് വേറെ വഴി ഇല്ലായിരുന്നു .......!
ഒരായുസ്സു കൊണ്ട് ചുരത്താവുന്ന പാലിനേക്കാൾ കൂടുതൽ രണ്ടു വർഷം കൊണ്ട് അവർ പിഴിഞ്ഞെടുത്തു.
ചുരത്താതെ വന്നപ്പോൾ
പാദം മുതൽ ശിരസ്സു വരെ
കീറിപ്പൊളിച്ച് ജീവരക്തം വരെ ഊറ്റി.
ഒരുപാടു പേർ വിളർച്ച ബാധിച്ച് ഉണങ്ങിക്കരിഞ്ഞു പോയി.

എവിടെ മുറിച്ചാലും ഒരു തുള്ളി രക്തം പോലും
പൊടിയാതെ വന്നപ്പോൾ
പണയമെടുത്തവരും
പണയപ്പെടുത്തിയവരും
ഞങ്ങളെ ഉപേക്ഷിച്ചു.

ഒരു കാട്ടുതീയ്ക്കു വേണ്ടി പോലും ഞങ്ങളെത്ര
പ്രർത്ഥിക്കുന്നുവെന്നറിയാമോ ?
ദയാവധം നടത്തി ഞങ്ങളെ ഇവിടന്ന്
മോചിപ്പിയ്ക്കാൻ നിങ്ങൾക്കു കഴിയുമോ ?
നിങ്ങൾക്ക് ഞങ്ങളുടെ മേൽ  അവകാശങ്ങളൊന്നുമില്ലെന്നറിയാം .....

ഞങ്ങളുടെ പുതിയ തലമുറ  വേഗത്തിൽ
വളരുന്നവരും കൂടുതൽ പാൽ ചുരത്തുന്നവരുമാണെന്ന് കേട്ടു.
അവരെ ഇവിടെ കൊണ്ടു വരികയാണെങ്കിൽ
ഞങ്ങളുടെ ഗതി വരില്ലെന്ന് ദയവു ചെയ്ത്
നിങ്ങൾ  ഉറപ്പാക്കണം.....! "

അച്ചൻകോവിലിൽ പോയ ബസ്സ്
തിരിച്ചു വരുന്ന ശബ്ദം കേട്ടപ്പോൾ
ഒന്നും മിണ്ടാതെ,
തിരിഞ്ഞു നോക്കാതെ
ഞാൻ വേഗത്തിൽ താഴെ റോഡിലേക്കു നടന്നു....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക