Image

നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്'-ബേസിലിനോട് ടൊവിനോ

Published on 23 November, 2021
 നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്'-ബേസിലിനോട് ടൊവിനോ

നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ സിനിമ എത്തിയപ്പോള്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും അല്പം ചിന്തിപ്പിക്കാനും 'ജാന്‍-എ-മന്‍' എന്ന സിനിമയുമെത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ചതാണ് 'ജാന്‍.എ.മന്‍' എന്ന സിനിമ. ഈ സിനിമ മികച്ച അഭിപ്രായം നേടി  മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ കണ്ട ബേസിലിന്റെ സുഹൃത്തും നടനുമായ ടൊവിനോയുടെ പ്രതികരണവും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ''ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ ബേസിലില്‍ നിന്ന് കേല്‍ക്കാന്‍ തുടങ്ങിയ ജാന്‍ എ മന്‍ കണ്ടു. മുഖത്ത് വെളിച്ചം കൊണ്ട് വരുന്ന ഒരു ഡാര്‍ക്ക് കോമഡി ചിത്രമാണിത്. സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി'' എന്നാണ് ടൊവിനൊ കുറിച്ചത്. ഒപ്പം ബേസിലിനെ പരാമര്‍ശിച്ച് ടോവിനോ മറ്റൊരു കാര്യം കൂടി കുറിച്ചു. അതാണിപ്പോള്‍ വൈറലാവുന്നത്. 'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്' എന്നാണ് ബേസിലിനെ ടാഗ് ചെയ്ത് താരം പറഞ്ഞിരിക്കുന്നത്.

ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ എന്നിവരും ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. ''ചിരി,ചിന്ത ചിരി അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, അത് നന്നായി കാപ്ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍, അത് ഒരു വിരുന്ന് ആണ്'' ഇങ്ങനെയാണ് അജു കുറിച്ചത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിജിബാലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക