കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി

സ്വന്തം ലേഖകൻ Published on 24 November, 2021
കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി
മയാമി സംഘമിത്ര ഒരു നാടക  സമിതിയുടെ  പേര് മാത്രമല്ല.കരുണയുടെ പ്രതീകം കൂടിയാണ് .കുരുത്തി എന്ന നാടകത്തിലൂടെ കാലികമായ ഒരു പ്രമേയം മുന്നോട്ട് വയ്ക്കുന്നെങ്കിലും അതിലുപരി വലിയൊരു  സാമൂഹ്യ  നന്മയ്ക്ക് കൂടി തുടക്കമിടുകയാണ് സംഘമിത്ര .അമേരിക്കയുടെ വിവിധ സ്‌റ്റേജുകൾ ഈ നാടകം പിന്നിടുമ്പോൾ കേരളത്തിലെ ഒരു നാടക കലാകാരന് അടച്ചുറപ്പുള്ള ഒരു വീട് ഒരുക്കുകകൂടിയാണ് ഈ സംരംഭം.

എന്താണ് കുരുത്തി

കണ്ണൂരിലെ അക്രമ രാഷ്ട്രീയം അനാഥമാക്കിയ കുടുംബങ്ങളുടെ കഥ പറയുകയാണ് കുരുത്തി എന്ന നാടകം. മലയാളത്തിലെ അതുല്യനായ നാടകകൃത്ത് ഹേമന്ത് കുമാർ രചന നിർവഹിച്ച ഈ നാടകം  രാഷ്ട്രീയ പാർട്ടികളുടെ അധികാരം നിലനിർത്താൻ വേണ്ടിയുള്ള പിടച്ചിലുകളിൽ വെട്ടു കൊണ്ട് വീഴേണ്ടി വരുന്ന അനേകം മനുഷ്യരുടെ  കഥ പറയുന്നു . അവർക്ക് ലോകത്തോട് പറയാൻ കഴിയാതെ പോയ ഒരുപാട് വാക്കുകളുടെ ആമുഖമാണ് കുരുത്തി. ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടി ഉരുകിതീരുന്ന മനുഷ്യരുടെ, കുടുംബങ്ങളുടെ വ്യഥയാണ് കുരുത്തിയിൽ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ മുഖ്യധാരാ ഇടങ്ങളിൽ നിന്നെല്ലാം കുരുത്തിയെ മാറ്റി നിർത്തിപ്പെട്ടിരുന്നു. അർഹതപ്പെട്ട അംഗീകാരങ്ങൾ പോലും നിഷേധിക്കപ്പെട്ട ഈ നാടകം അതുകൊണ്ട് തന്നെ മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാഹിത്യരൂപമായി കണക്കാക്കപ്പെടുന്നു.ഈ സാഹിത്യ രൂപത്തെയാണ് മയാമി സംഘമിത്ര നോയൽ മാത്യുവിന്റെ സംവിധാനത്തിൽ അമേരിക്കയുടെ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കുന്നത് .
 


സ്വർഗം നമ്മുടെ കയ്യിൽ തന്നൊരു മുത്താണല്ലോ ജീവിതം എന്ന പാട്ടിനെ ഉദ്ധരിച്ചുകൊണ്ട് തന്നെ കുരുത്തി എന്ന നാടകത്തെ നമുക്ക് വിലയിരുത്താവുന്നതാണ്. മറ്റുള്ളവർക്ക് വേണ്ടി സ്വർഗം തന്ന മുത്തായ ജീവിതത്തെ എറിഞ്ഞുടയ്ക്കുകയാണ് നമ്മൾ മനുഷ്യർ. കണ്ണൂരിലെ രാഷ്ട്രീയ കൊടിപ്പകകൾ ഒരുപക്ഷെ മത തീവ്രവാദത്തേക്കാൾ ഭയാനകമായ ഒന്നാണ്. അതിനെയാണ് കുരുത്തി പൊളിച്ചെഴുതുന്നത്. ആർക്കോ വേണ്ടി ആരെയോ കൊല്ലേണ്ടി വരുന്ന ഒരാൾ ഓർക്കുന്നില്ല, അയാൾക്ക് വേണ്ടിയും മറ്റൊരാൾ ഒരു കത്തി സമാനമായ രീതിയിൽ മൂർച്ച കൂട്ടുന്നുണ്ടെന്നു സംവിധായകൻ നോയൽ മാത്യു പറയുന്നു  
 


കല സമൂഹത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒന്നെന്ന നിലയിൽ കുരുത്തിയുടെ ആശയം നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് മയാമി സംഘമിത്ര പ്രസിഡന്റ് ജോയി കുറ്റിയാനി പറഞ്ഞു. അധികാരത്തിനു വേണ്ടി അണികളെ ബലിയാടുകളാക്കുന്നവരെ  നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തിൽ ഒരു ഓർമ്മപ്പെടുതലാണ് കുരുത്തി. ഒരു മനുഷ്യന് ഭൂമിയിൽ ജീവിക്കാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് രാഷ്ട്രീയ പാർട്ടികൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ നിലവിലെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിനെല്ലാം എതിരെ കൃത്യമായി ഇടപെടുന്ന ഒരു നാടകമാണ് കുരുത്തി.അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ ഈ നാടകം വരേണ്ടതുണ്ട് .മലയാളികൾ ഈ നാടകം കാണേണ്ടതാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

കുരുത്തി നാടകം അമേരിക്കൻ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചത് ഒരു രാഷ്ട്രീയപരമായ മാറ്റം മാത്രമല്ല അതിനുമപ്പുറം നാടകം കൊണ്ട് കിട്ടുന്ന പണം മറ്റൊരു കലാകാരന്റെ ഭവനത്തിന് വേണ്ടി മാറ്റി വയ്ക്കുവാനും സമയബന്ധിതമായി അത് നിർമ്മിച്ചു നൽകുവാനും ശ്രമിച്ചത് അഭിനന്ദനാർഹമാണ് .  കല മനുഷ്യ ജീവിതത്തേക്കുറിച്ച് സംസാരിക്കാൻ മാത്രമുള്ളതല്ല, അതിനെ സംരക്ഷിക്കാൻ വേണ്ടിക്കൂടിയുള്ളതാണെന്ന മാതൃകയാണ് കുരുത്തിയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വച്ചത്.സിനിമാസ്കോപ്പ് മാതൃകയിൽ ലേറ്റസ്റ്റ് മെഗാ എൽ ഇ ഡി സ്‌ക്രീൻ ഉപയോഗിച്ച് അത്യാധുനിക സംവിധാനനങ്ങളോടെയാണ് ഈ നാടകം വേദിയിൽ അവതരിപ്പിക്കുന്നത് .ഇനിയും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വേദികൾ ലഭിക്കണം കുരുത്തിയ്ക്ക് .മയാമി സംഘമിത്ര കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക സമിതിയാണ് .കേരളത്തിലെ പ്രശസ്തമായ ഒരു നാടകസംഘത്തിന്റെ അഭിനേതാവിനു ഒരു വീടൊരുക്കുവാനും ഈ പ്രോജക്ട് ഇതേ ആശയത്തിൽ മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കുന്നത് ആശ്വാസകരം തന്നെ .നവംബർ ആറിന് കലകൊണ്ട് പടുത്തുയർത്തിയ  ഈ കൊച്ചുവീടിന്റെ താക്കോൽ ദാന കർമ്മം അഭിവന്ദ്യ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു .  കേരളത്തിലെ നാടക സദസുകളെ സമ്പുഷ്ടമാക്കിയ പാലാ കമ്യൂണിക്കേഷൻസ് സമിതിയിലെ അഭിനേതാവ് ഷാജി എന്ന നാടക കലാകാരനാണ് സംഘമിത്രയുടെ കരുതലിൽ വീട് ലഭിച്ചത്.

 രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ സംഭാഷണം അഭിനേതാക്കൾ മന:പ്പാഠം പഠിച്ചു വേദിയിൽ  അവതരിപ്പിക്കുകയായിരുന്നു . സംഭാഷണങ്ങൾ റിക്കാർഡ് ചെയ്ത് നാടകം അവതരിപ്പിക്കുന്ന പുതിയ രീതിയിൽ വ്യത്യസ്തമായി  സംഭാഷണങ്ങൾ അഭിനേതാക്കൾ പഠിച്ച് വേദിയിൽ  അവതരിപ്പിക്കുമ്പോൾ കഥാപാത്രവുമായി താതാത്മ്യം പ്രാപിക്കുവാൻ സാധിക്കും. മൂന്ന് മാസം കൃത്യമായി നടത്തിയ റിഹേഴ്സൽ കുരുത്തിയുടെ ഗംഭീരമായ അവതരണത്തിന് ഭംഗി കൂട്ടി.

കുരുത്തിയിൽ വേഷമിട്ട വേഷമിട്ടവരും അണിയറ പ്രവർത്തകരും.

വിനോദ് കുമാർ നായർ , സുരേഷ് നായർ, മനോജ് താനത്ത്, ഏബ്രഹാം കളത്തിൽ, ശ്രീജിത്ത് കാർത്തികേയൻ, റോബിൻസ് ജോസ്, സരിത കിഷോർ, ഡോ.   ജഗതി നായർ , കുര്യാക്കോസ് പൊടിമറ്റം, ഡോ.ജോർജ് പീറ്റർ, സഞ്ജയ് നടുപറമ്പിൽ , റിനു ജോണി, പോളി ജോർജ്, ഷെൻസി മാണി, രഞ്ജിത്ത് രാമചന്ദ്രൻ, നിക്സൺ ജോസഫ്, സജി കരിമ്പന്നൂർ.
കലാസംവിധാനം: ബിജു ഗോവിന്ദൻകുട്ടി, ലൈറ്റിംഗ് ഡിസൈനർ : റോബർട്ട് ജെയിംസ്, സൗണ്ട് / മ്യൂസിക് മിക്സിംഗ് : ഡേവിസ് വർഗ്ഗീസ്, മേക്കപ്പ്: ബിജു ഗോവിന്ദൻ കുട്ടി, കുര്യാക്കോസ് പൊടിമറ്റം, മീഡിയ ക്രിയേറ്റർ : കിഷോർ കുമാർ സുകുമാരൻ ,വിഷ്വൽ   മീഡിയ :മനീഷ്  മണി , സ്റ്റേജ് മാനേജർ: രഞ്ജിത് രാമചന്ദ്രൻ , സ്റ്റേജ് അസിസ്റ്റന്റ് : അലിഷ കുറ്റിയാനി, ജിനോ കുര്യാക്കോസ് ,മാനേജർ: ബാബു കല്ലിടുക്കിൽ, ഫിനാൻസ് കൺട്രോളർ ഉല്ലാസ് കുര്യാക്കോസ് എന്നിവരാണ്.
 
കോറിയോഗ്രാഫർ - ആഞ്‌ജലീന  ചാക്കോ ,ഡാൻസേർസ് -ടെയ്‌ന   കാറ്റിനാച്ചേരിൽ ,ജെസീക്ക  മൂശാരിപ്പറമ്പിൽ ,അലിഷാ  കാറ്റിനാശേരിൽ മിന്നു  വട്ടടിക്കുന്നേൽ ,അനീഷ  പവ്വത്ത് ,അഞ്ജന പവ്വത്ത്,എലിസബത്ത്  കൈമാറിയേൽ ,മറിയം കൈമാറിയേൽ,ക്രിസ്റ്റൽ  പുതുപ്പറമ്പിൽ എന്നിവരും .നാടക രചന :ഹേമന്ദ് കുമാർ ,സംവിധാനം :നോയൽ മാത്യു. സാമൂഹ്യ പ്രസക്തിയുള്ള പ്രമാണി, അക്ഷരപ്പൊട്ടൻ, ഫേസ്ബുക്കിൽ കണ്ട മുഖം , നീതി സാഗരം, തുടങ്ങിയ നാടകങ്ങൾ സംഘമിത്ര തീയേറ്റേഴ്സിന്റെ മികച്ച നാടകങ്ങൾ ആയിരുന്നു.


കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക