Image

2024 ല്‍ ട്രംപ് വിജയിക്കുമെന്ന് പ്രവചനം

Published on 24 November, 2021
2024 ല്‍ ട്രംപ്  വിജയിക്കുമെന്ന് പ്രവചനം
ന്യൂയോര്‍ക്ക്, നവംബര്‍ 24 : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , വരുന്ന  പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രവചനം.

 അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിങ്ങനെ 2020 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയത്തില്‍ നിര്‍ണായകമായ  73 ഇലക്ടറല്‍ വോട്ടുകള്‍ നല്‍കിയ 5 സംസ്ഥാനങ്ങളിലെയും ഇപ്പോഴത്തെ രാഷ്ട്രീയ ട്രെന്‍ഡ് നിരീക്ഷിച്ചാണ് പ്രവചനം.ഈ അഞ്ച് സംസ്ഥാനങ്ങള്‍ തിരികെ പിടിക്കാനുള്ള പ്രചാരണം ട്രംപ് മുന്‍പേ ആരംഭിച്ചു.

ബൈഡന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പറഞ്ഞതോടെ വീണ്ടും ബൈഡന്‍-ട്രംപ് ഏറ്റുമുട്ടല്‍ എങ്ങനെയാകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. മിഡ്‌ടെം ഇലക്ഷനും 2024 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പും ഉന്നംവച്ച്, ട്രംപ് ക്യാമ്പയിന്‍ തുടങ്ങിയ ഇടങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാനുള്ള കരുക്കള്‍  ബൈഡനും നീക്കുന്നുണ്ട്.
ട്രംപിന്റെ പിടി നഷ്ടപ്പെടുമെന്ന് പിറുപിറുക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ചിലരുടെ നാവടക്കാന്‍  ടോണി ഫാബ്രിസിയോ എന്ന മുന്‍നിര റിപ്പബ്ലിക്കന്‍  പോള്‍സ്റ്റര്‍ നടത്തിയ സര്‍വേഫലം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

ബൈഡന്റെ ജനസമ്മതിയില്‍  മാസങ്ങളായി ഇടിവ് നേരിടുന്നതിനാല്‍ ഫാബ്രിസിയോയുടെ പോളിംഗിലേതുപോലെ ട്രംപിന് അനുകൂലമാണ് രാഷ്ട്രീയാന്തരീക്ഷം എന്ന ഫലത്തെ  സംശയിക്കേണ്ട കാര്യമില്ലെന്ന്  യുണൈറ്റ് ദി കണ്‍ട്രിയുടെ സിഇഒ സ്റ്റീവ് ഷെയ്ല്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

റെഡ്ഫീല്‍ഡ് & വില്‍ട്ടണ്‍ സ്ട്രാറ്റജീസ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് 44 ശതമാനം അമേരിക്കക്കാര്‍ ട്രംപിനും വെറും 39 ശതമാനം പേര്‍ ബൈഡനും അനുകൂലമാണെന്നാണ്.

ഏകദേശം മൂന്നില്‍ രണ്ട് (64 ശതമാനം) പേരും ബൈഡന്‍ വീണ്ടും മത്സരിക്കുന്നതിനെ  എതിര്‍ത്തു. 58 ശതമാനം പേര്‍ ട്രംപിനെ എതിര്‍ക്കുന്നുവെന്നും യു.എസ്.എ ടുഡേയും സഫോക്ക് യൂണിവേഴ്സിറ്റിയും നടത്തിയ സര്‍വേഫലം സൂചിപ്പിക്കുന്നു.

എമേഴ്സണ്‍ കോളേജും ട്രംപിന്   ബൈഡനെക്കാള്‍ സ്വീകാര്യതയുണ്ടെന്ന് കാണിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 45 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ ബൈഡനെ 43 ശതമാനം പേര്‍ പിന്തുണച്ചു.
66 ശതമാനം പേരും  ഈ വര്‍ഷം  രാഷ്ട്രീയത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ക്വിന്നിപിയാക്ക് സര്‍വേ അവകാശപ്പെട്ടു,  ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും സ്വതന്ത്രരും ആരും തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.
 68 ശതമാനം റിപ്പബ്ലിക്കന്‍മാരും 66 ശതമാനം ഡെമോക്രാറ്റുകളും 69 ശതമാനം സ്വതന്ത്രരും വരുംകാല രാഷ്ട്രീയ ഗതിവിഗതികളെക്കുറിച്ച് അലക്ഷ്യമായ നിലാപാടാണ് കൈക്കൊള്ളുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക