ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

Published on 24 November, 2021
 ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌  എബ്രഹാം)
സംഭ്രമജനകമെങ്കിലും, ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ക്കാന്‍ തോന്നുന്ന അപസര്‍പ്പക നോവല്‍ പോലെ കാലത്തിന്റെ താളുകളും അതിവേഗത്തില്‍ പിന്നിലേയ്ക്ക് മറിഞ്ഞുകൊണ്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മലയോര പട്ടണത്തിലെ പ്രശസ്ത ധ്യാനകേന്ദ്രത്തില്‍ ഞാന്‍ ധ്യാനംകൂടാന്‍ പോയിരുന്നു. വളരെ പ്രശസ്തനായ ഒരച്ചനാണ് ധ്യാനഗുരു. കൂടുതല്‍ സമയവും  വിദേശരാജ്യങ്ങളില്‍ ധ്യാനശുശ്രൂഷ ചെയ്യുന്ന അദ്ദേഹം ആ സമയത്ത്  സ്ഥലത്തുണ്ട്.  അതുകൊണ്ടു തന്നെ ആളുകള്‍ ധ്യാനമന്ദിരത്തിലേക്ക് ധാരാളമായി ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവര്‍ക്കിടയില്‍ എന്തിനെന്നറിയാതെ ഞാനും ചെന്നിരുന്നു.
 
ധ്യാനഗുരു വേദിയിലേക്ക് കടന്നു വന്നു. താടിയും മുടിയുമൊക്കെ വളര്‍ന്നിട്ടുണ്ടെങ്കിലും ആളിനെ എനിക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലായി. അതെന്‍റെ പ്രഥമപ്രണയം തട്ടിയെടുത്ത   വില്ലനായിരുന്നു. അപ്പോള്‍ ഞാന്‍ അവളെക്കുറിച്ചോര്‍ത്തു. പെട്ടെന്ന് ഒരുള്‍പ്രേരണയാല്‍ ഞാനെഴുന്നേറ്റ് ധ്യാനഹാളിന്‍റെ പിന്‍വശത്തേക്ക് നടന്നു. പുറകിലത്തെ നിരയിലെ കസേരയില്‍ മാത്യൂ എന്നൊരാള്‍ അയാളുടെ ഭാര്യയ്ക്കൊപ്പം ഇരിക്കുന്നുണ്ടായിരുന്നു.
 
 ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആവാത്തവിധത്തില്‍  ചില കൈപ്പണികള്‍ അപ്പോഴേക്കും കാലവും അവളില്‍ നടത്തിയിരുന്നു. കുടിച്ചു കരള്‍ പോയിട്ടും കുടി നിര്‍ത്താനാവാത്ത മാത്യൂവിനെ മാനസാന്തരം ചെയ്യിക്കാന്‍ അവള്‍  നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ട് വന്നതായിരുന്നു. കുടുംബജീവിതത്തെയും ദാമ്പത്യജീവിതത്തിലെ വിശ്വസ്തതയെയും കുറിച്ചൊക്കെയായിരുന്നു അന്ന് അച്ചന്റെ പ്രസംഗം. അത് അനര്‍ഗ്ഗനിര്‍ഗ്ഗളം ഒഴുകിവന്നപ്പോള്‍  അവളുടെ കണ്ണുകള്‍ അതുപോലെ തന്നെ നിറഞ്ഞൊഴുകി. തന്‍റെ ഭാര്യ ഭക്തിപാരവശ്യത്താലാണ് കണ്ണുനീര്‍ പൊഴിക്കുന്നതെന്നുകരുതി  അവളോടുള്ള സ്നേഹത്താല്‍‍ അയാളുടെ ബാക്കിയായ ഇത്തിരി കരളും നിറഞ്ഞു. മദ്യപാനം നിര്‍ത്താന്‍ അയാള്‍ തീരുമാനമെടുത്തു.
 
മൂന്നു ദിവസത്തെ ധ്യാനം കൂടാന്‍ പോയ മകന്‍ കാലുറയ്ക്കാതെ അന്നു വൈകുന്നേരം തന്നെ വീട്ടില്‍ കയറിചെന്നതു കണ്ട എന്‍റെ അമ്മച്ചി  തിരുഹൃദയ രൂപത്തിനുമുന്നില്‍ ചെന്നു നിന്നുകൊണ്ട്  കരിപിടിച്ചു മുഷിഞ്ഞ തോര്‍ത്തുകൊണ്ട് കണ്ണുനീര്‍ തുടച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അന്നു കണ്ട മാത്യൂ അമിതമായി മദ്യപിച്ചു മരണപ്പെട്ടുവെന്നാരോ പറഞ്ഞറിഞ്ഞു.
 
 ‘മാറാതെ മേല്‍ മണല്‍ പെടും നിഴല്‍’ എന്ന് ആശാന്‍ പാടിയത് പോലെ എന്തൊക്കെ സംഭവിച്ചിട്ടും സത്യം പറഞ്ഞാല്‍ ശാന്തികൃഷ്ണ  മനസ്സില്‍ നിന്നു പോയില്ല. പോരെങ്കില്‍ കഴിഞ്ഞ ഒരു മാസക്കാലമായി ടി.വി ചാനലുകളിലും പത്രങ്ങളിലും നിറയെ  അവളാണ്. കുറ്റം തെളിയും വരെ ഒരാള്‍ നിരപരാധിയായിരിക്കുമെന്ന് അവള്‍ക്കുവേണ്ടി പറയാന്‍ ആരുമുണ്ടായിരുന്നില്ല. അവളുടെ വാദം ഒഴിവാക്കിയുള്ള ചാനല്‍ വിചാരണകളിലെല്ലാം അവള്‍ കുറ്റവാളിയെന്ന് വിധിക്കപ്പെട്ടു. എല്ലാവരും അവളെ അറപ്പോടും വെറുപ്പോടും കാണുകയും തെളിവെടുപ്പിന് പോലീസുകാര്‍ അവളെയും കൂട്ടി പോയപ്പോള്‍ ജനക്കൂട്ടം അവളെ കല്ലെറിയുകയും ചെയ്തു.
 
അവളുടെ ചിത്രങ്ങളും വാര്‍ത്തകളും കണ്ടപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല എനിക്കവളോടുള്ള ഇഷ്ടം ഇരട്ടിച്ചു. അവളുടെ ചിത്രങ്ങള്‍ സൂം ചെയ്തു മിനിട്ടുകളോളം ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു. കണ്ണുകളില്‍ ദൈന്യതയും നിരാശയും നിറഞ്ഞിരിന്നുവെങ്കിലും അവള്‍ പഴയതിലും സുന്ദരിയായതായി എനിക്കു തോന്നി. അവള്‍ നിരപരാധിയാണെന്ന വിചാരമൊന്നും എനിക്കില്ലായിരുന്നു.  എന്നാല്‍ അവള്‍ കുറ്റവാളിയാണെന്ന മുന്‍വിധിയും ഉണ്ടായിരുന്നില്ല.  അവള്‍ ചെയ്ത കുറ്റങ്ങളെക്കുറിച്ചുള്ള കഥകളൊന്നും എന്‍റെ മനസ്സില്‍ പതിഞ്ഞതുമില്ല. പതിഞ്ഞതോ അവളുടെ അപ്പോഴത്തെ ദയനീയമായ രൂപം മാത്രം. ആളുകള്‍ കൂക്കി വിളിച്ചപ്പോഴും കല്ലെറിഞ്ഞപ്പോഴും ഉറ്റവര്‍ അവളെ തള്ളിപ്പറഞ്ഞപ്പോഴും  ഉള്ളില്‍ അവളോടുള്ള അനുകമ്പ വളര്‍ന്നതേയുള്ളൂ.  വഴി തെറ്റിപ്പോയ കുഞ്ഞാടിനെ തേടുന്ന തിരുരൂപം “വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്”   എന്ന വചനവുമായി  എന്‍റെ കണ്മുന്നില്‍   നിറഞ്ഞു. കല്ലേന്തിയ ഒരായിരം കൈകള്‍ ഞെട്ടലോടെ താഴുന്നതും കല്ലുകള്‍ അവയില്‍ നിന്നും ചിറകറ്റ പക്ഷികളായി ഉതിര്‍ന്നുവീഴുന്നതും  കണ്ടു.
 
 ഞാന്‍ ആദ്യം കനവുകണ്ട പെണ്ണുടല്‍ അവളുടേതായിരുന്നു. കാപ്പികള്‍ പൂത്തുനില്‍ക്കുന്ന ഒരു സന്ധ്യയില്‍, അന്നു നേരത്തെ ഉദിച്ച നിലാവിന്‍റെ വെളിച്ചത്തില്‍ എന്നെ ആദ്യമായി ആലിംഗനം ചെയ്യുകയും  ചുംബിക്കുകയും ചെയ്ത പെണ്‍കുട്ടിയും അവളായിരുന്നു. ആ ത്രിസന്ധ്യയില്‍ അവള്‍ എന്നില്‍ പടര്‍ത്തിയ അഗ്നിമഴയില്‍, ശരീരമാകെ പൂത്തുലഞ്ഞപ്പോള്‍ ഉണര്‍ന്ന ഉടലും ഉയിരെടുത്ത പൌരുഷവും ശരീരത്തില്‍ ജ്വരമായി പടര്‍ന്നു കയറിയത് ഇന്നും മറന്നിട്ടില്ല. അന്നു പുറത്തെ തണുപ്പില്‍ കുളിരറിയാതെ ഞാന്‍ എത്രനേരം ഉഷ്ണിച്ചുനിന്നെന്നും അറിയില്ല. ദേഹം തണുത്തപ്പോള്‍ വീട്ടിലേക്കു കയറിച്ചെന്നു. പിന്നെ രണ്ടു ദിവസം  പനിപിടിച്ചു കിടന്നു.
 

 പുറത്തു മഴ വീണ്ടും കനത്തു.  ടി വി വച്ചുനോക്കി. രണ്ടു ദിവസം മുന്‍പ് മലയോര ഗ്രാമത്തില്‍ ഉരുള്‍പൊട്ടി അനേകം സാധുക്കള്‍ മണ്ണിനടിയില്‍ പെട്ടുപോയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ നല്ല സമരിയാക്കാരേപ്പോലെ അവയുടെ നീണ്ട തുമ്പിക്കൈകള്‍ നീട്ടി ജീവന്‍റെ തുടിപ്പുകളെ തേടുന്നുണ്ടായിരുന്നു. പ്രതികാരദുര്‍ഗ്ഗയായ പ്രകൃതിദേവി  തന്നെ പിച്ചിചീന്തിയ മനുഷ്യര്‍ക്കു നേരെ എറിഞ്ഞ കല്ലുകള്‍ പതിച്ചത് ആ സാധുക്കളുടെ മേലാണല്ലോ.  ദൈവത്തിന്റെ മുന്നിലെങ്കിലും ഇനി നീതി നടപ്പാവുമോ ?

ദുരന്തത്തിന്‍റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണെവിടെയും. മാധവ് ഗാഡ്ഗില്‍ എന്ന വയോധികള്‍  കുടയുംചൂടി ദുരന്തഭൂമിയില്‍ വിറങ്ങലിച്ച മുഖവുമായി നില്‍ക്കുന്നതിന്‍റെ ദൃശ്യം ഇടയിക്കിടെ കാണിക്കുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടപ്പോള്‍  ടി വി യില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. മഴതോരുന്നതു വരെ, എല്ലാ വര്‍ഷവും പതിവായി ഇത്തരം ചര്‍ച്ചകള്‍ നടക്കും. വെള്ളമിറങ്ങിക്കഴിഞ്ഞാല്‍ അതേ മണ്ണുമാന്തി യന്ത്രങ്ങള്‍ മലതുരക്കാനും കുന്നിടിക്കാനും പുറപ്പെടും. തുരന്നെടുത്ത മണ്ണുമായി ടിപ്പര്‍ലോറികള്‍ വയലുകളിലേക്ക് വെട്ടുകിളികളെപ്പോലെ പാഞ്ഞെത്തും, അവയുടെ ഭീകരമായ മുരള്‍ച്ചയില്‍ ഭയന്നുപോകുന്ന വയല്‍ക്കിളികള്‍ അവിടംവിട്ടു എവിടെയെങ്കിലും  പോയൊളിക്കും. ‘ദൈവമെല്ലാംകാണുന്നുണ്ട്, പ്രതികരിക്കാന്‍ സമയമെടുക്കുമെന്നേയുള്ളു’  എന്ന  കഥയില്‍ വല്ല സത്യവുമുണ്ടോ?  ദൈവനീതി ആയാലും വൈകി കിട്ടുന്ന നീതി, നിഷേധത്തിനു തുല്യമല്ലേ ?
 
ചിന്തകള്‍ പിന്നിട്ട ആഴ്ചകളിലേക്കു തിരിച്ചെത്തി. ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തിനിടയില്‍ വിഷാദം തളം കെട്ടിയ കണ്ണുകളുമായി നിന്ന അവളുടെ രൂപം ഉള്ളില്‍ തെളിഞ്ഞു വന്നു.  ടി.വി ചാനലുകള്‍ ദൃക്സാക്ഷിയെപ്പോലെ ഗ്രാഫിക് വിദ്യകൊണ്ട് സംഭവങ്ങള്‍ പുനരാവിഷ്കരിച്ചുകാണിച്ചു കുറ്റപത്രം ചമച്ചു വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ എന്തെന്നറിയാത്ത വിഷാദത്തില്‍ എന്‍റെ ഉള്ളവും ഏറെ തപിച്ചു.  അവര്‍ ചമച്ച കുറ്റപത്രം പാപത്തില്‍ പിറന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെയാകെ കുറ്റപത്രമായി  തോന്നി.  ആദ്യമായി മണ്ണില്‍  പരന്നൊഴുകി നിലവിളിച്ച  ആബേലിന്റെ  രക്തമല്ലാതെ ഭൂമിയില്‍  വേറെ ഏതു  രക്തം ? ‘കായേന്‍, നിന്‍റെ സഹോദരന്‍ എവിടെയെന്നു’ യഹോവ ചോദിച്ചു. ‘എനിക്കറിഞ്ഞുകൂടാ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍’ എന്ന മറുചോദ്യം കായേന്‍ ഉയര്‍ത്തിയപ്പോള്‍ ‘നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍ നിന്നും എന്നെ വിളിച്ചു കരയുന്നു, സഹോദരന്‍റെ രക്തംകുടിക്കാന്‍ വാപിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും’ എന്ന ശാപം ഏറ്റുവാങ്ങി ഭൂമിയില്‍ ഉഴലുന്നവനായി തീര്‍ന്ന  കായീന്റെ കൈകളിലെ ചോരയല്ലാതെ വേറെ ഏതു ചോരയാണ് മനുഷ്യന്റെ സിരകളില്‍ ഇന്നുമൊഴുകുന്നത്?
 

 വയനാട്ടിലെ മലയോര ഗ്രാമത്തിലെ കോടമഞ്ഞിന്റെ കുളിരില്‍ കുളിച്ച കാപ്പിപ്പൂവിന്‍റെ സുഗന്ധം മനസ്സില്‍ വീണ്ടും നിറഞ്ഞു.  

ഒരുപാട് ആലോചിച്ചിട്ടാണ് അന്ന് ജില്ലാ ജയിലില്‍ ചെന്നവളെ  കാണാന്‍ തീരുമാനിച്ചത്. കേസ് നാടുമുഴുവന്‍ അറിയപ്പെടുന്നതായതിനാല്‍ അവളുടെ കേസിന്റെ വക്കാലത്ത് കിട്ടാന്‍ ഒരുപാട് വക്കീലന്മാര്‍ ശ്രമിക്കുന്നുണ്ട്. ഫീസായി കനത്ത തുകകിട്ടും എന്ന ചിന്ത കൊണ്ടൊന്നുമല്ല. അവളുടെ കേസിന്റെ കുപ്രസിദ്ധിയില്‍ ചാരിനിന്ന് തങ്ങള്‍ക്കും പ്രശസ്തികിട്ടാന്‍ വേണ്ടി മാത്രമാണ് അതൊക്കെ.  ഇതുവരെ ആര്‍ക്കും വക്കാലത്ത് കൊടുക്കാന്‍ അവള്‍ താല്പര്യം കാട്ടിയില്ല. ഇനി ഒരുപക്ഷെ അവള്‍ എന്നെയാണോ പ്രതീക്ഷിക്കുന്നതെന്ന്  അറിയില്ലല്ലോ,  അതോ ചെയ്ത തെറ്റിന്റെ ശിക്ഷ ഒട്ടും കുറയാതെ ഏറ്റുവാങ്ങാന്‍ തക്കവണ്ണം അവള്‍ക്ക് പശ്ചാത്താപമുണ്ടായോ?
 

 ഞാന്‍ ജില്ലാ ജയിലില്‍ ചെന്നു. സ്കൂളില്‍ എന്‍റെ സീനിയറായി പഠിച്ച രാധാകൃഷണപിള്ളയായിരുന്നു ജയില്‍ സൂപ്രണ്ട്.
 “ആ ... പിന്നെ.. വക്കീലേ, പ്രതിക്ക് ആരെയും കാണാന്‍   താല്‍പര്യം ഇല്ലെന്നാണ് പറയണത്.  നാലഞ്ച് വക്കീലമ്മാര്‍ വന്നു. ആരെയും കാണാന്‍ ആ ഒരുമ്പെട്ടോള് കൂട്ടാക്കിയില്ല,”  പിള്ള സാര്‍  പറഞ്ഞു.
 “പിള്ള സാറെ, ബാബുക്കുട്ടന്‍ എന്നൊരാള്‍ വന്നിട്ടുണ്ടെന്ന് അവരോട് പറയാമോ”
 “അതാരാ  ബാബുക്കുട്ടന്‍?”
 “ഞാന്‍ തന്നെ”
 “ഓ ഞാന്‍ മറന്നു, വക്കീലിനെ വീട്ടില്‍ വിളിക്കുന്ന പേരാ അത്,  അല്യോ? അപ്പ നിങ്ങള്‍ പരിചയക്കാരാണോ?”
 “അതെ.”
 ‘അല്ല വക്കീലെ, ഈ നാലുപേരെ കൊന്നവള്‍ക്കൊക്കെ ജാമ്യം വല്ലതും കിട്ടുമോ?”
 “അറിയില്ല, ശ്രമിച്ചു നോക്കാം”
 “കാഞ്ഞ മുതലാ വക്കീലേ, സ്വന്തം മാപ്പിളയ്ക്കടക്കം  അല്യോ അവള്‍ പണിപറ്റിച്ചത്.   അല്ല, അപ്പൊ വക്കീലദ്ധേഹം  മറ്റവനെ കാണുന്നില്ലായോ?”
 “ആരെ ?”
 “അവളുടെ  സില്‍ബന്ധി, ആ തട്ടാന്‍. അവനല്യോ കൊല്ലാനുള്ള അനുസാരികള്‍ അവള്‍ക്കു എത്തിച്ചു കൊടുത്തോണ്ടിരുന്നത്”
 “ഇല്ല”
 “അതാ നല്ലത്.  രണ്ടു കൂട്ടര്‍ക്കും വേറെ വേറെ വക്കീലമ്മാര്‍  ആകുന്നതാണ് നല്ലത്.  ഇത്തരം കേസില്‍ കോണ്‍ഫ്ലിക്ടിംഗ് ഡിഫെന്‍സ് എടുക്കുന്നതാ ബുദ്ധി, അല്യോ വക്കീലേ?”
 “അത് ശരിയാ”
 “കേട്ടോ..വക്കീലെ, ലവന്‍ കാശൊന്നും അവളുടെ കയ്യീന്ന് വാങ്ങിയിട്ടില്ല.   ഞങ്ങള് തെരക്കി. അവന്‍ പണ്ടേ അവളുടെ ഒരു പറ്റുപിടിക്കാരന്‍ ആണെന്നാ കേള്‍വി.”
 പിള്ള സാര്‍ അതും പറഞ്ഞു ഉറക്കെ ചിരിച്ചപ്പോള്‍, ഒരു ഹെര്‍ക്കുലീസ് സൈക്കിളിന്റെ ബെല്ലടിയും  സിനിമാപാട്ടിന്‍റെ ഈണത്തിലുള്ള  ചൂളമടിയും  എന്‍റെ ചെവികളില്‍ മുഴങ്ങി.  അന്നേരത്തേയ്ക്കും സന്ദര്‍ശക മുറിയില്‍ അവള്‍ എത്തിയിട്ടുണ്ടെന്നു ഒരു വനിതാ വാര്‍ഡന്‍ വന്നു പറഞ്ഞു.
 “ങ്ഹാ,എത്തിയോ! അപ്പോള്‍ ശരി  കൂടിക്കാഴ്ച നടക്കട്ടെ.  പിന്നെക്കാണാം വക്കീലെ ”
 പിള്ള സാറിനോട് നന്ദിപറഞ്ഞു സൂപ്രണ്ടിന്‍റെ മുറിയില്‍ നിന്നും ഞാന്‍ സന്ദര്‍ശക മുറിയിലേക്ക് നടന്നു. സന്ദര്‍ശമുറിയില്‍ എന്‍റെ വരവ് പ്രതീക്ഷിച്ചെന്നമട്ടില്‍ അവള്‍ നില്‍പ്പുണ്ടായിരുന്നു.
 “എന്നെ, മനസ്സിലായോ?  ഞാന്‍ ബാബുക്കുട്ടനാണ് ”
 അതെ  എന്നവള്‍ തലയാട്ടി. അവളെന്നെ നോക്കി ചെറുതായി ചിരിച്ചു. നിസ്സംഗതയുടെ സ്‌ഥൈര്യവും നിസഹായതയുടെ വിഷാദവും കലര്‍ന്ന ചിരി. അവള്‍ ചിരിച്ചപ്പോള്‍ കാപ്പിപ്പൂക്കളുടെ വശ്യമായ ഗന്ധം അവിടെങ്ങും നിറഞ്ഞു.
 “നിനക്കെന്താണ് പറ്റിയത് ?”
 അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
 “ഞാന്‍ നിന്‍റെ  കേസ് നടത്തട്ടെ?”
 “എന്‍റെ കയ്യില്‍  പണമൊന്നുമില്ല.”
 “അതിനു ഞാന്‍ പണം ഞാന്‍ ചോദിച്ചില്ലല്ലോ ”
 “എന്‍റെ കെട്ടിയോനടക്കം  നാലുപേരെ കൊന്നെന്നാണ് കേസ്.”
 “അതെനിക്കറിയാം”
 “അതല്ല പറഞ്ഞത് ബാബുക്കുട്ടാ, ഇത് ഇനീം നടത്തീട്ട് വല്ല കാര്യവുമുണ്ടോ? തെളിവെല്ലാമുണ്ട്. ഞാന്‍ നിഷേധിച്ചിട്ടുമില്ല.”
 ബാബുക്കുട്ടാ എന്നുള്ള അവളുടെ വിളികേട്ടപ്പോള്‍ ഞാന്‍ കുറച്ചുനേരം അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നുപോയി. ഏറെ ശ്രമിച്ചുനോക്കിയെങ്കിലും ആ കണ്ണുകളില്‍  കൌശലക്കാരിയായ ഒരു പാവാടക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവളുടെ വാക്കുകളിലും കണ്ണുകളിലും വേദനയും നിരാശയും തുളുമ്പി നിന്നു.
 “നമുക്കു നടത്തിനോക്കാം,  ‘നീതിന്യായകോടതി’  ബാക്കിയുണ്ടല്ലോ. ”
 “ഇനി പുറത്തിറങ്ങിയാല്‍ തന്നെ  എങ്ങിനെ ഞാന്‍ ജീവിക്കും?”
 “അതൊക്കെ അന്നേരം ആലോചിക്കാം.  ഓര്‍ക്കുന്നില്ലേ പണ്ടു പഠിച്ച ‘അംഗുലീമാലനുപോലുമാര്‍ഹതപദമേകിയ തുഗമാം കരുണയെ നീ വിശ്വസിച്ചാലും.’  എന്നൊക്കെയുള്ള വരികള്‍  ”
 “എന്നോട് ഇപ്പോഴും ദേഷ്യമാണോ?”
 “എന്തിന്?”
 “അല്ല ഞാന്‍ ചോദിച്ചെന്നേയുള്ളൂ. ഇല്ലാന്നറിയാം ഇല്ലെങ്കില്‍ ഇപ്പോള്‍ എന്നെ തേടി വരില്ലല്ലോ. എന്നോടലിവു തോന്നി വേറെയാരും   എന്നത്തേടി വരില്ലെ ന്നെനിക്കറിയാം. ബാബുക്കുട്ടന്‍ എന്നെങ്കിലും വരുമെന്ന് ഞാന്‍ വെറുതേയെങ്കിലും ആശിച്ചിരുന്നു.”
 അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
 “അതൊന്നും  സാരമില്ല.  ഇപ്പോഴാണ്‌   അതിനുള്ള   സമയമായത് എന്നു കരുതിയാല്‍ മതി.”
 “ഞാനന്ന് കത്തയച്ചത് ആത്മാര്‍ത്ഥമായിത്തന്നെയായിരുന്നു. നമ്മള്‍ ചിന്തിക്കുന്നത് പോലെയല്ലല്ലോ ദൈവം ചിന്തിക്കുന്നത്”
 "എനിക്കറിയാം. ഞാനാക്കത്തിപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്"
അവള്‍ ഒട്ടൊരു അവിശ്വസനീയതയോടെ, നിറകണ്ണുകളോടെ എന്നെ നോക്കി നിന്നു. അവള്‍ക്ക് അല്‍പം ആശ്വാസമാകട്ടേയെന്ന് കരുതി ഞാനൊരു കള്ളം പറഞ്ഞതാണ്.
 “ഇപ്പോള്‍ വേറൊന്നും ചിന്തിക്കേണ്ട.  തല്‍ക്കാലം നീ ഈ വക്കാലത്തില്‍ ഒപ്പിടു.”
 ഞാന്‍ വക്കാലത്തും പേനയും അവള്‍ക്ക് നേരെ നീട്ടി. വക്കാലത്തില്‍ ഒപ്പിട്ടു പേപ്പറും പേനയും തിരികെ നല്‍കിയപ്പോള്‍ ഇരുമ്പഴിക്കിടയിലൂടെ ഞങ്ങളുടെ വിരലുകള്‍ തമ്മില്‍ കൂട്ടിമുട്ടി.  കണ്ണുകള്‍ തമ്മില്‍ ഒരിക്കല്‍ക്കൂടി ഇടഞ്ഞു. വാര്‍ഡന്‍റെ ഒപ്പം സെല്ലിലേയ്ക്ക് പതിയെ നടക്കുന്നതിനിടയില്‍  അവള്‍ രണ്ടു വട്ടം എന്നെ  തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. ആ മനസ്സിനുള്ളിലും ഒരു മന്ദസ്മിതം വിടര്‍ന്നിരിക്കണം.
 ആശാന്‍ അതീവകാരുണ്യത്തോടെ പറഞ്ഞപോലെ
 “ലോലമാം ക്ഷണമേ വേണ്ടു ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.”  
എന്നുതന്നെയാണ് ആ മിഴികളില്‍ നോക്കിയപ്പോള്‍ ഞാനും കണ്ടത്.
അവളുടെ വിരലടയാളം പതിഞ്ഞ പേന നെഞ്ചോട്‌ ചേര്‍ത്ത് പോക്കറ്റില്‍ കുത്തി ജയില്‍ പടികളിറങ്ങുമ്പോള്‍ കോടമഞ്ഞ് പുതച്ച താഴ്‌വരയില്‍ പരന്നൊഴുകിയ നിലാവില്‍  അന്നൊരിക്കല്‍ സ്നേഹസുഗന്ധം പരത്തിയ  കാപ്പിച്ചെടികള്‍   അപ്പോഴും  പൂത്തുലഞ്ഞു നിന്നിരുന്നു.
(അവസാനിച്ചു )

part-1

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

https://emalayalee.com/vartha/250039

വിനയൻ ബത്തേരി 2021-11-25 12:23:57
നവ രസങ്ങളിലെ ഹാസ്യവും ശൃങ്കാരവും നിറഞ്ഞ ഒന്നാം ഭാഗത്തിന്റെ അതേ മൂഡ് പ്രതീക്ഷിച്ചാണ് രണ്ടാം ഭാഗം വായിക്കാൻ തുടങ്ങിയത് പക്ഷെ റിയാലിസവും രാഷ്ട്രീയവും ബൈബിൾ ബിംബങ്ങളും നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥയാണ് വായിച്ചതു . ഭീഭത്സരസത്തിനൊടുവിൽ കരുണയിൽ അവസാനിക്കുന്നു. ആശാന്റെ കരുണയും വാസവ ദത്തയും ഉപഗുപ്തനും എല്ലാമായി കഥ മാറുന്നു. ഒരു തുടർച്ചയല്ലാതെ മറ്റൊരു കഥയായിത്തന്നെ നിലനിൽക്കാൻ കഴിയുന്നുണ്ട് രണ്ടാം ഭാഗത്തിനും. ആശംസകൾ
Shine Ramachandran 2021-11-27 00:57:56
ഈ അടുത്ത കാലത്ത് വായിച്ചതിൽ വളരെ നല്ല കഥ. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ എഴുതുക, അതുപോലെ അതിൽ ഒരു കഥയും സാഹിത്യവും ഉണ്ടാവുക എന്നതും പ്രധാനമാണ്. പ്രണയത്തിൽ തുടങ്ങി ഹാസ്യവും സാമൂഹിക വിഷയവും പരിസ്ഥിതിയും തത്വചിന്തയും സമകാലീന സംഭവങ്ങളും എല്ലാം ചേർത്ത്‌ കുമാരനാശാന്റെ കരുണയിൽ അവസാനിക്കുന്ന ഒട്ടും മുഷിപ്പിക്കാത്ത ഒരു വലിയ കഥ. ഒട്ടും ദുർഗ്രാഹ്യതയില്ല, കൂടത്തായി ജോളി ആയിരിക്കാം കഥാപാത്രം എന്നാൽ അങ്ങിനെ ഒരു ചെറിയ ചുറ്റുവട്ടത്തിൽ മാത്രം കഥ ഒതുങ്ങിപോകാതെ വസ്‌വദത്ത , ഉപഗുപ്തൻ എന്നീ നിലയിലേക്ക് ആഖ്യാതാവും കഥാപാത്രവും വളർന്ന്നതു കഥയ്ക്ക് വളരെ ഉന്നത നിലവാരം നൽകി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക