ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 24 November, 2021
 ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)
 ഇരു പാർശ്വങ്ങളിലുമെരിയും വിറകിന്റെ
ഇടയിൽപ്പെട്ടു പോയോരുറുമ്പു പോലല്ലോ നാം!
ഒരു ഭാഗത്തിൽ ദുഃഖ ദായിയാം സംസാരവും
മറു ഭാഗത്തിൽ നോക്കി ചിരിക്കും മരണവും!

ഭൗതിക ജീവിതത്തിൻ മധുര ലഹരിയിൽ
കൗതുക പൂർവ്വം നമ്മൾ മുഴുകിക്കഴിയുന്നു!
മരണനേരമാർക്കു മറിയാനാവാ വിധം
പരമ രഹസ്യമായ് പ്രകൃതി സൂക്ഷിക്കുന്നു!

മുൻകൂട്ടിപ്പറയാതെയൊരു നാൾ പൊടുന്നനെ
മുൻപിലെത്തുന്നു ക്ഷണ നേരത്തിൽ മരണവും!
സ്വപ്നത്തിൽ പോലുമാരും നിനക്കാ നിമിഷത്തിൽ
കല്പനക്കതീതനാം മരണ ദേവനെത്തും!

മഹിഷത്തിൻമേലെത്തും മൃത്യു ദേവനോടെത്ര
മയമായ് കെഞ്ചിയാലും ദാക്ഷിണ്യം കാട്ടാറില്ല!
മിന്നുന്ന തെല്ലാം കണ്ടു പൊന്നെന്നു കരുതുന്നോൻ
പിന്നാലെ പായുന്നതു കരസ്തമാക്കാനുടൻ!

ഇഷ്ടമായെന്നാൽ സ്വന്തം കയ്യിലാക്കുന്നു വേഗം
കിട്ടിയാലതു സുഖം കിട്ടിയില്ലെന്നാൽ ദുഃഖം!
കിട്ടുന്നതിനു മുമ്പും നഷ്‌ടമായതിൻ പിമ്പും
മാത്രമല്ലയോ നമ്മളറിയുന്നതിൻ മൂല്യം!

പ്രിയമെന്നതാ വസ്തു ലഭിക്കുന്നതു വരെ
പിന്നെ നാമതു വിട്ടു വേറൊന്നിൻ പിമ്പേ പായും!
കയ്യിലാക്കിയ വസ്തു കൈവിട്ടു പോയാൽ വീണ്ടും
കയ്യിലാക്കുവാൻ നോക്കും മെച്ചമാം മറ്റൊന്നു നാം!

ഏതു ഭാഗത്തേക്കു നാം ഓടുവാൻ ശ്രമിച്ചാലും
എളുതല്ലല്ലോ രക്ഷ നേടുവാനൊരിക്കലും!
യാതനയേറെപ്പേറും മനുഷ്യ ജന്മങ്ങൾ നാം
യാതൊന്നും ചെയ്വാനാവാ കേവലം ഉറുമ്പുകൾ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക