ബാബു ആന്റണിയും കടമറ്റത്തു കത്തനാരാകുന്നു, ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍

Published on 24 November, 2021
ബാബു ആന്റണിയും കടമറ്റത്തു കത്തനാരാകുന്നു, ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍


ആക്ഷന്‍ ഹീറോ ബാബു ആന്റണി കടമറ്റത്ത് കത്തനാരാകുന്നു. 3 ഡിയിലാണ് സിനിമ ഒരുങ്ങുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയിലാണ് ബാബു ആന്റണി കത്തനാരാകുന്നത്. എ.വി.പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്ന സിനിമ ഷാജി നെടുംകല്ലേലും പ്രദീപ് ജി.നായരുമാണ് രചിക്കുന്നത്. കടമറ്റത്ത് കത്തനാര്‍ എന്ന ഹൊറര്‍, ഫാന്റസി ത്രീഡി ചിത്രത്തില്‍ ബാബു ആന്റണിയ്‌ക്കൊപ്പം ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

നേരത്തെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമ 75 കോടി രൂപ ചെലവുള്ളതാണ്. ആര്‍.രാമാനന്ദ് തിരക്കഥയാണ് ജയസൂര്യയുടെ കത്തനാരുടേത്. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി എന്ന സാ?ങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പ് പരീക്ഷിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും ആരംഭിച്ചിട്ടുണ്ട്. 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമ പ്രഖ്യാപിച്ച കാര്യം സിനിമാപ്രേമികള്‍ക്ക് അറിയാവുന്നതാണ്. പിന്നീട് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് സന്തോഷ് ശിവന്‍ പിന്മാറി, മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. കടമറ്റത്തു കത്തനാരുടെ സിനിമയെക്കുറിച്ചു കേട്ടപ്പോള്‍ പല ആരാധകരും ഈ സാദൃശ്യം പങ്കുവച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക