സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)

Published on 25 November, 2021
സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)
അകത്തളങ്ങളിൽ നിന്നാണ് കലാരംഗത്തേയ്ക്കുള്ള സ്ത്രീകളുടെ തുടക്കം. അകത്തുള്ളവർക്കുവേണ്ടിയാണ് ആദ്യമായി അവർ നടിച്ചിരുന്നത്. കാലക്രമേണ പൊതുവേദിയിലും അവർ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പത്താം നൂറ്റാണ്ടു മുൻപു വരെയുള്ള കാര്യമാണിത്.

സ്ത്രീസങ്കല്പം മുഖ്യമായും ശൃംഗാര ഭാവമെന്ന നിലയിലതിനപ്പുറമൊരു പങ്ക് സമൂഹം സ്ത്രീക്ക് കൊടുത്തിരുന്നില്ല.

തെക്ക് തമിഴകത്തിൻ്റെ പാരമ്പര്യത്തിൽ സ്ത്രീ അമ്മയായിരുന്നു, മാതൃത്വത്തിൻ്റെ രൗദ്രഭാവമായിരുന്നു. കണ്ണകി കൊടുങ്ങല്ലൂരമ്മയായി തീർന്നതോടെ അമ്മ സങ്കല്പം കേരളത്തിനു സ്വന്തമാവുകയും ചെയ്തു.

8 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിലാണ് ക്ലാസിക്കൽ കലകൾ രൂപം കൊള്ളുന്നത്. ചേരചക്രവർത്തിയായ കുലശേഖരൻ ശൃംഗാരരസപ്രധാനമായ രണ്ടു നാടകങ്ങൾ എഴുതി. സ്ത്രീയുടെ മാനസികമായ വൈകാരിക ഭാവങ്ങളെ ആവിഷ്കരിച്ച അഭിനയ രീതിയാണ് അവയിലുണ്ടായിരുന്നത്. തുടർന്ന്

കൂടിയാട്ടം രൂപപ്പെട്ട് ക്ഷേത്രാനുഷ്ഠാനകലയായി മാറുകയും ചെയ്തു. കല ഭക്തിക്കും, ആചാരങ്ങൾക്കും വേണ്ടി വഴി മാറി. ക്രമേണ സ്ത്രീകൾ വീണ്ടും തഴയപ്പെടുകയും, ചേരസാമ്രാജ്യത്തിൻ്റെ അധ:പതനത്തിനു ശേഷമുണ്ടായ ചേരിതിരിവുകളെല്ലാം കലയിലൂടെയുള്ള സ്ത്രീ മുന്നേറ്റത്തെ തടഞ്ഞു നിർത്തുകയും ചെയ്തു.

ഏകീകൃത ഭരണവ്യവസ്ഥയില്ലാത്തതിനാൽ ഭൂമിയുടെ അധികാരത്തിനു വേണ്ടി സ്ത്രീപുരുഷ ബന്ധത്തിൽ സംബന്ധം എന്ന സംമ്പ്രദായം കൊണ്ടുവരികയും, തുടർന്നുണ്ടായ ലൈംഗികാരജകത്വമാണ് അച്ചീചരിതത്തിലൂടനീളം കാണാൻ കഴിയുന്നത്.

ഇതിൻ്റെ ബാക്കിപത്രമെന്നോണം സമൂഹത്തിൽ/ പുരുഷൻ്റെ കണ്ണിൽ സ്ത്രീ വെറും ശരീരമായി
ഒതുങ്ങുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ ഫ്യൂഡൽ വ്യവസ്ഥിതി സ്ത്രീക്കു ചാർത്തി കൊടുത്ത സ്ഥാനങ്ങളിൽ നിന്നാണ് കലയെ സ്ത്രീകളിൽ നിന്നകറ്റിയത്. പുരുഷ കേന്ദ്രീകൃതമായിട്ടുള്ള വ്യവസ്ഥിതിയുടെ ഭാഗമായി

കൂടിയാട്ടം മാത്രമല്ല കൃഷ്ണനാട്ടവും, കഥകളിയും സ്ത്രീകൾക്ക് അയിത്തം കല്പിച്ചു.

ഇരുപതാം നൂറ്റാണ്ടാണ് സ്ത്രീകളുടെയും, കലകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമെന്നു പറയുന്നത്. കലയിലൂടെയും പാശ്ചാത്യരെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഇരുപതാം നൂറ്റാണ്ട് കാട്ടി തന്നു. പൂരാണങ്ങളിലെ സ്ത്രീരൂപങ്ങളെടുത്ത് ആധുനികാവബോധമുയർത്തുന്ന ആശയത്തിൻ്റെ കണ്ണാടികളാക്കി മാറ്റി.

ഭാരതപ്പുഴയെ തഴുകി കൊണ്ട് കലാമണ്ഡലത്തിൻ്റെ തണുത്ത കാറ്റിൻ്റെ വരവോടെ ക്ലാസിക്കൽ കലകളിലെ ആധുനികതയുടെ വിത്തുകൾ കേരളത്തിലും മുളച്ചു വന്നു. ഇതിൻ്റെ നേർചിത്രമെന്നോണമാവാം അന്യം നിന്നുപോയ നങ്ങ്യാർ ക്കുത്തിൻ്റെ തിരിച്ചുവരവ്. പൈങ്കുളം രാമചാക്യാരിൽ നിന്നു തുടങ്ങി അമ്മന്നൂർ മാണി മാധവചാക്യാർ  നങ്ങ്യാർക്കുത്തിനെ കാറ്റത്ത് ആടിയുലയാതെ പിടിച്ചു നിർത്തി.

ഉഷാ നങ്ങ്യാർ അവതരിപ്പിച്ച ദ്രൗപതി ആധുനിക ഭാവങ്ങളുടെ സത്ത ഉൾക്കൊണ്ടു കൊണ്ട് അവതരിപ്പിച്ചത് ഇതിനുദാഹരണമാണ്.

ആധുനിക ഭാവങ്ങൾ വൈകാരികതയേയും ഭാവനാത്മകതയേയും സമന്വയിപ്പിച്ചു കൊണ്ടാണ് ഗാന്ധാരിയിലൂടെ ഡോ ഇന്ദു നടത്തിയ പരീക്ഷണം. ഇന്ദുവിലെ കലാകാരിക്ക് ഇടവും സ്വാതന്ത്ര്യവും ഒരു പോലെ കിട്ടി.

ഇരുപതാം നൂറ്റാണ്ടോടു കൂടി തന്നെയാണ് കഥകളിയിൽ സ്ത്രീ വേഷം കെട്ടുന്ന പുരുഷന്മാർ സ്ത്രീയുടെ മനോവ്യാപാരത്തെ അതിൻ്റെ ആധുനിക ഭാവങ്ങൾ ഉൾക്കൊണ്ടു തന്നെ ആവിഷ്കരിക്കുന്നതും. സ്ത്രീകളുടെത് മാത്രമായ കഥകളി സംഘം രൂപപ്പെട്ടതും വലിയൊരു ഭാവുകത്വ പരിണാമത്തിലൂടെയാണ്.
(ഇവിടെയാണ് കഥകളി പഠിക്കാൻ പെൺകുട്ടികൾക്ക് അവസരമുണ്ടാക്കി കൊണ്ട് 2021 ൽ കലാമണ്ഡലം മുന്നോട്ടു വരുന്നത്.)

സ്ത്രീകളുടേത് മാത്രമായ കലാരൂപമാണ് മോഹിനിയാട്ടം. 

ഒട്ടേറെ വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിന്റെ  കാലത്താണ് മോഹിനിയാട്ടത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നത്.  മഹാരാജാവും ഇരയിമ്മൻതമ്പിയും മോഹിനിയാട്ടത്തിനായി പദങ്ങളും വർണ്ണങ്ങളും രചിച്ചു.  അവയെല്ലാം തന്നെ രാജഹിതത്തിന് അനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അവരുടെ ജീവിതരീതിയിലെ മലീമസത്വം നീക്കിക്കളയാൻ ആരും തന്നെ തയ്യാറായില്ല. 

കഥകളിയിൽ 'സോപാന'രീതി എന്ന് വിശേഷിപ്പിച്ചിരുന്ന സംഗീതം പോലെ മോഹിനിയാട്ടത്തിനും ഒരു പ്രത്യേക രീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നു.  അവ ശുദ്ധമലയാളമായിരുന്നില്ല.  പുതിയ കൃതിയുടെ ആധിപത്യം വന്നതോടുകൂടി മുൻപ് ഉണ്ടായിരുന്നതെല്ലാം നഷ്ടമാവുകയും ചെയ്തു. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മോഹിനിയാട്ടത്തിൽ നിന്നും വിലയേറിയ പലതും നഷ്ടപ്പെട്ടു.  സദാചാരത്തിന്റെ വടികൾ ഈ കലയെയും കലാകാരികളെയും മാറ്റി നിർത്തി.  അങ്ങിനെ വളരെക്കാലം മോഹിനിയാട്ടം തിരശ്ശീലയ്ക്ക് ഉള്ളിൽ മാത്രം ഇഴഞ്ഞു ജീവിച്ചു. 

പിന്നീട് 40 വർഷങ്ങൾക്കു മുമ്പാണ് മഹാകവി വള്ളത്തോൾ മോഹിനിയാട്ടത്തെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം അതിലെ അശ്ലീലതകളെല്ലാം തുടച്ചുനീക്കി കലാ മൂല്യത്തിനു കോട്ടം തട്ടാതെ മോഹിനിയാട്ടത്തെ രൂപപ്പെടുത്തിയെടുത്തു. മോഹിനിയാട്ട പ്രദർശനത്തിൽ  പക്കവാദ്യക്കാർ പിന്നിൽ ഇരിക്കുകയും,  നർത്തകികളുടെ ഗുരു പ്രത്യേക രീതിയിലുള്ള തലപ്പാവും കുപ്പായവും അണിഞ്ഞ് കുഴിത്താളവുമേന്തി ജതികൾ പറഞ്ഞുകൊണ്ട് നർത്തകി നീങ്ങുന്നതിന് ഒപ്പം അരങ്ങത്ത് നടക്കുന്ന സമ്പ്രദായം വള്ളത്തോൾ നിർത്തലാക്കി. 'നട്ടുവൻ' എന്നുവിളിക്കുന്ന ഈ ഗുരുവും മേളക്കാരും വേദിയുടെ വലതുവശത്ത് ഇരിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. മേളങ്ങൾക്കിടയിൽ നിന്നും തൊപ്പിമദ്ദളം മാറ്റി അവിടെ മൃദംഗം, ഫ്ലൂട്ട്, ഇടയ്ക്ക മുതലായവ കൊണ്ടുവന്നു. 30 വർഷങ്ങൾക്കു മുൻപ് നിലവിലുണ്ടായിരുന്നതും അതിനുശേഷം നാമാവശേഷമായി എന്ന് കരുതിപ്പോന്നതുമായ 'തില്ലാന'യും നൂറ്റാണ്ടിനു മുൻപ് പ്രചാരത്തിലുണ്ടായിരുന്ന 'സപ്ത'വും മഹാകവിയുടെ നേതൃത്വത്തിൽ വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞു.    

ഇരുപതാം നൂറ്റാണ്ടിൽ നൃത്തരംഗത്ത് നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. നാട്യശാസ്ത്രത്തിൻ്റെ കീഴിലേക്ക് എല്ലാ നൃത്തരൂപങ്ങളെയും സന്നിവേശിപ്പിക്കാൻ ആധുനിക കാലത്ത് ബോധപൂർവ്വമായ മാറ്റ ങ്ങൾ തന്നെയുണ്ടായിയെന്നു പറയാം. കഥക്, ഒഡീസി, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ ആധുനിക രൂപത്തെ ഡോ.കപിലാവാത്സ്യായൻ നിയോ - ക്ലാസിക്കൽ എന്നാണ് പേരിട്ടിരിക്കുന്നത്.

നൃത്തത്തിൻ്റെ ശക്തി തിരിച്ചറിയുന്നത് ദർപ്പണ (മൃണാളിനി സാരാഭായി) യുടെ വരവോടു കൂടിയാണ്. 

ക്ലാസിക്കൽ കലകളിലെ സ്ത്രീ സാന്നിധ്യവും, സങ്കല്പങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പരിമിതികളുണ്ട്. ഏതു രൂപത്തെയും സ്വാംശികരിക്കാനുള്ള ശേഷിയുള്ള നാടകകലയ്ക്ക് ഈ പറഞ്ഞ പരിമിതികളോ അതിർവരമ്പുകളോ ഇല്ല.
സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക