Image

അവാര്‍ഡ് ദാന നിശയും വാര്‍ഷിക ഡിന്നര്‍ ആഘോഷവുമായി ജീവകാരുണ്യ സംഘടന 'എക്കോ ' ഡിസംബര്‍ 4 -ന് ന്യൂയോര്‍ക്കില്‍

മാത്യുക്കുട്ടി ഈശോ. Published on 25 November, 2021
 അവാര്‍ഡ് ദാന നിശയും വാര്‍ഷിക ഡിന്നര്‍ ആഘോഷവുമായി ജീവകാരുണ്യ സംഘടന  'എക്കോ ' ഡിസംബര്‍ 4 -ന്  ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്:  കാരുണ്യത്തിന്റെ കരസ്പര്‍ശവും ജീവകാരുണ്യ പ്രവര്‍ത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും  സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന 'എക്കോ' യുടെ  (ECHO - Enhance Community through Harmonious Outreach)  2021 -ലെ വാര്‍ഷിക ഡിന്നറും അവാര്‍ഡ് ദാന നിശയും ഡിസംബര്‍ 4 ശനിയാഴ്ച നടത്തപ്പെടുന്നു. ജെറിക്കോയിലുള്ള  കൊട്ടിലിയന്‍ ഹോട്ടലില്‍ വച്ച് വൈകിട്ട്  6 മുതല്‍  നടത്തപ്പെടുന്ന വാര്‍ഷിക ആഘോഷത്തില്‍ എക്കോ കുടുംബാംഗങ്ങളും  സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു.

സ്വന്തം മാതൃരാജ്യത്തും ലോകത്തിലെ  വിവിധയിടങ്ങളിലും പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങളാലും  കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളാലാകുന്ന സഹായഹസ്തം നീട്ടുന്നതിന് തല്പരരായ ഏതാനും വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ കൂട്ടായി ചേര്‍ന്ന് 2013- ല്‍  ന്യൂയോര്‍ക്കില്‍ രൂപീകരിച്ച നോണ്‍ പ്രോഫിറ്റ്  സംഘടനയാണ്  എക്കോ.   501 (സി) (3) നോണ്‍ പ്രോഫിറ്റ്  ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.  സംഘടനാംഗങ്ങളില്‍ നിന്നും എക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച  നല്ലമനസ്‌കരായ സുഹൃത്തുക്കളില്‍ നിന്നുമുള്ള സഹായത്താല്‍ ലോകത്തിലെ പലയിടങ്ങളില്‍ താങ്ങും തണലുമായി  നിന്ന്  ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്.

2015  ഏപ്രില്‍ 25 ന് നേപ്പാളിലെ കാത്മണ്ഡുവിന് സമീപം നടന്ന ഭൂകമ്പത്തില്‍  ഒമ്പതിനായിരം ജനങ്ങള്‍ മരണപ്പെടുകയും 22,000  പേര്‍ക്ക്  പരിക്കേല്‍ക്കുകയും  ആറു  ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍  സംഭവിക്കുകയും ചെയ്തപ്പോള്‍, എക്കോ അവരുടെ സഹായത്തിനായി ഉടന്‍ എത്തി. നേപ്പാളി  ഡോക്ടര്‍മാരുടെ സഹായത്താല്‍ 30,000 ഡോളര്‍ മുടക്കി  ഒരു പ്രൈമറി കെയര്‍ സെന്റര്‍  പണിതു നല്‍കിയത് ആ ജനതയ്ക്ക് വളരെ സഹായകരമായിരുന്നു.  2018 ലെ കേരള പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി രണ്ടു ലക്ഷം ഡോളര്‍ സമാഹരിച്ചു റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മിച്ചു നല്‍കിയ വീടുകള്‍ കോട്ടയം കുമരകത്തുള്ള 30 ഭവനരഹിതര്‍ക്കു തണലായി.   

ഡേവിസ് ചിറമ്മേലച്ചന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയിലൂടെ ഡയാലിസിസ് മെഷീനുകള്‍ നല്‍കിയതും ആവശ്യത്തിലിരുന്ന ചിലര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ അവയവങ്ങള്‍ നല്‍കിയതും,  ചെന്നൈയിലെ സങ്കല്‍പ് ലേണിംഗ് & സ്‌പെഷ്യല്‍ നീഡ്സ് സ്‌കൂളിന് നല്‍കിയ സഹായങ്ങളും ഇന്ത്യയിലെ കോവിഡ് നിയന്ത്രണ ഘട്ടങ്ങളില്‍ സഹായ ഹസ്തം നീട്ടിയതും എക്കോ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.  ആവശ്യക്കാര്‍ക്ക്  സഹായങ്ങള്‍  അവരുടെ  കരങ്ങളിലേക്ക് നേരിട്ട് ലഭിക്കുന്നതായി  ഉറപ്പു വരുത്തുവാന്‍ എക്കോ അംഗങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാണ്.  എക്കോ നേരിട്ടും മറ്റു പ്രാദേശിക സംഘടനകളുടെ സഹകരണത്തിലൂടെയും  വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളും നടത്താറുണ്ട്. പ്രാദേശികമായി ന്യൂയോര്‍ക്കിലെ വിവിധ സിറ്റികളിലായി നടത്തപ്പെട്ട ഫ്രീ കാന്‍സര്‍ അവെയര്‍നെസ്സ് ക്യാമ്പ്, കോവിഡ് അവയേര്‍നെസ്സ്  ക്യാമ്പ്, ടാക്‌സ്  പ്ലാനിംഗ് ആന്‍ഡ് അസ്സെറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ് പ്രോഗ്രാം, ഫ്രീ മെഡിക്കെയര്‍ എന്റോള്‍മെന്റ് സെമിനാര്‍ മുതലായ പരിപാടികള്‍ പ്രാദേശിക ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശംസ നേടിയിട്ടുള്ളതാണ്.  ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ സഹായം അര്‍ഹിക്കുന്ന സീനിയര്‍ ജനങ്ങള്‍ക്കായി ഒരു സംപൂര്‍ണ  അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ് എക്കോയുടെ അടുത്ത സ്വപ്നപദ്ധതി.  

ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ധന ശേഖരണത്തിനായി  എക്കോ ഡിന്നര്‍ മീറ്റിംഗുകളും മറ്റു പരിപാടികളും നടത്താറുണ്ട്.  ഡിസംബര്‍ 4  നു  നടക്കുന്ന വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ ലഭിക്കുന്ന തുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന   വ്യക്തികളെ  ആദരിക്കുന്ന ചടങ്ങും ഡിസംബര്‍ 4 -ലെ മീറ്റിംഗില്‍ നടത്തപ്പെടുന്നതാണ്. 

ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷന്‍ വെല്‍ത് സൊലൂഷന്‍സിലെ  സി.ഈ.ഓ.- യും   മാനേജിങ് പാര്‍ട്ണറുമായ ഫ്രാങ്ക് സ്‌കലേസ്  ആണ്  അന്നേ ദിവസത്തെ  മുഖ്യാതിഥി. എക്കോയിലൂടെ നല്‍കുന്ന എല്ലാ സംഭവനകള്‍ക്കും  501 (സി) (3) പ്രകാരമുള്ള  ഇന്‍കം ടാക്‌സ്  ഇളവ്  ലഭ്യമാണ്. എക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരണം എന്നും സഹായ ഹസ്തങ്ങള്‍ നീട്ടണം എന്നും താല്പര്യമുള്ളവര്‍ 516-855-0700  എന്ന നമ്പറുമായി ബന്ധപ്പെടുക.    Email: 
info@echiforhelp.org ,  Web:  www.echoforhelp.org

 അവാര്‍ഡ് ദാന നിശയും വാര്‍ഷിക ഡിന്നര്‍ ആഘോഷവുമായി ജീവകാരുണ്യ സംഘടന  'എക്കോ ' ഡിസംബര്‍ 4 -ന്  ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാന നിശയും വാര്‍ഷിക ഡിന്നര്‍ ആഘോഷവുമായി ജീവകാരുണ്യ സംഘടന  'എക്കോ ' ഡിസംബര്‍ 4 -ന്  ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാന നിശയും വാര്‍ഷിക ഡിന്നര്‍ ആഘോഷവുമായി ജീവകാരുണ്യ സംഘടന  'എക്കോ ' ഡിസംബര്‍ 4 -ന്  ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക