Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 25 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
പേരൂക്കട സ്വദേശി അനുപമയുടെ മകന്റെ വിവാദ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നടന്നത് കുട്ടികടത്താണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരം തുടരുമെന്നുമാണ് അനുപമയുടെ നിലപാട്. 
****************************
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മേഘാലയയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ 12 എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ സംസ്ഥാനത്തെ മുഖ്യമപ്രതിപക്ഷമായി  തൃണമൂല്‍ കോണ്‍ഗ്രസ് മാറി.
***************************
വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത കോടതി. സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും ഡിസംബര്‍ 9ന് പരിഗണിക്കും.
*******************************
ത്രിപുരയില്‍ രണ്ട് അധിക കമ്പനി സി.എ.പി.എഫിനെ (കേന്ദ്ര സായുധ പൊലീസ് സേന) വിന്യസിക്കണമെന്ന് സുപ്രീംകോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.
********************************
റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമര്‍ശം.
**********************************
സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി. മദ്യവില്‍പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
*********************************
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു . കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് കളക്ട്രേറ്റ് മാര്‍ച്ച് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയെ വളര്‍ത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണന്‍ മലപ്പുറത്ത് ആരോപിച്ചു.
**********************************
മാധ്യമപ്രവര്‍ത്തകയെയും പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയരുതെന്ന് പ്രസ്താവിച്ച് കൊണ്ടാണ് ബോംബെ ഹൈക്കോടതി നിലപാടെടുത്തത്. ശക്തി മില്‍സ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ല്‍ മുംബൈയില്‍ ശക്തിമില്ലില്‍ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി.
*********************************
സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള 744 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ പതിനെട്ട് പേരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക