ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

അശോക് കുമാര്‍.കെ. Published on 25 November, 2021
ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)
ഒന്നും കൊണ്ടുപോകുന്നില്ല , ഞാന്‍.
കൊണ്ടുപോകുന്നതെന്‍
കര്‍മ്മത്തിന്‍ സാക്ഷ്യപത്രം.

കണ്ണൂ പോയി
ഭിക്ഷ തേടുമൊരു
കുഞ്ഞ്.

കൈകാലുകളില്ലാതെ
ഉടല്‍പിടച്ചൊരു സോദരന്‍

മാനം, കടല്‍ചാടി മരിച്ചൊരു,
മുടി മുറിച്ചൊരു പെങ്ങള്‍ ....

കാട്ടുപൊന്തയില്‍
ചിന്തകള്‍ മൂടി
ചായം തേച്ചു മറച്ച 
മുഖമൊന്നുയര്‍ത്തി, ഞാന്‍ ...

ചുറ്റിലും
മുയലുകളോടുന്നു.
ഓടിക്കുന്നോന്റെ
വിശപ്പൊടുക്കാതാവാന്‍ ,
വീട്ടിലെ കുഞ്ഞു ഹൃദയത്തിന്
സ്‌നേഹം മുടക്കാതിരിക്കാന്‍ .

ഒരു കിളി മാത്രം
മരം വിട്ട്
താപ്പോട്ട് വീണു.
മരമുടനെ
കടപുഴകുമെന്നറിഞ്ഞതിനാലോ ?

കാട്ടാറൊഴുകി
പാടിയൊരു പാട്ട്
കടല്‍ വിഴുങ്ങി
ഘോര ഘോര
തിരമാലയാക്കിയോ ?

മേഘമുരുണ്ടുരുണ്ട്
കാറ്റു കൊണ്ടുപോകുന്നത്
ദാഹജലത്തിന്റെ
ചുണ്ടുകള്‍ കണ്ടു കണ്ട്
അടയാതെ
മറിഞ്ഞു മറിഞ്ഞു പോകുന്നു ...

മേഘമത്
പ്രളയം വിഴുങ്ങിയ
ഹൃദയ ഭൂവില്‍
കവിട്ടി കവിട്ടി
ചിരിക്കുന്നു....

ഒന്നും കൊണ്ടുപോകുന്നില്ല ,
ഞാന്‍ .
പ്രളയനാവു ചുഴറ്റിയ
വീടിന്നരികില്‍
ഒരു പെരുമരക്കൊമ്പിലിരിക്കുന്നു , ഞാന്‍...
അരികിലൊരു
കിളിക്കൂടിലൊരു
മുട്ട കൊത്തി വിരിഞ്ഞൊരു
കുഞ്ഞിക്കിളിയുടെ
കണ്ണില്‍ കണ്ടു ഞാന്‍,
പ്രളയപയോധിയില്‍
സൂര്യകിരണങ്ങള്‍
കണ്ണടയ്ക്കുന്നതും ........മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക