Image

ഖലിസ്താനി' പരാമര്‍ശം: കങ്കണയെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തും

Published on 25 November, 2021
ഖലിസ്താനി' പരാമര്‍ശം: കങ്കണയെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തും



ന്യൂഡല്‍ഹി: സിഖ് വിഭാഗത്തിനെതിരേയുള്ള വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഡിസംബര്‍ ആറിന് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് റണൗട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 
നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.  ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നവംബര്‍ 20-ന് അപ്ലോഡ് ചെയ്ത പോസ്റ്റ്/സ്റ്റോറി അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. 


സിഖുകാരെ ഖലിസ്താനി ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്നത് മുഴുവന്‍ സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്നും നോട്ടീസില്‍ പറയുന്നു.  സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ കങ്കണയ്ക്കെതിരേ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തെ ഒരു ഖലിസ്താനി ഗൂഢാലോചനയായി ചിത്രീകരിക്കുകയും അവരെ ഖലിസ്താന്‍ ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തത് ബോധപൂര്‍വമാണെന്നാണ് പരാതിയില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക