നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

Published on 26 November, 2021
 നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)
'ഇവന്‍ ആളൊരു ബൂര്‍ഷ്വ ആണെങ്കിലും നമ്മടെ മാര്‍ക്‌സിന്റെ നാട്ടുകാരനല്ലേ?' ഗള്‍ഫുകാരന്‍ സുരേഷ് പിള്ള കൊണ്ടുക്കൊടുത്ത ഒരുബോട്ടില്‍ വോഡ്ക നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് സഖാവ് ദിവാകരന്‍ പറഞ്ഞു.

ആ പറഞ്ഞത് ശരിവെയ്ക്കുന്ന രീതിയില്‍ സുരേഷും കൂടെവന്നവരും ചിരിച്ചു.

'ഞങ്ങള് പാര്‍ട്ടിസഖാക്കള്‍ക്ക് മദ്യം നിഷിദ്ധമാണ്. നാടന്‍ കുടിക്കരുതെന്നേ പറഞ്ഞിട്ടുള്ളു, പിന്നെ അമേരിക്കനും. സ്‌കോച്ചും വോഡ്കയും ഞങ്ങള്‍ക്ക് രഹസ്യമായി കുടിക്കാം. സോവ്യറ്റ് യൂണിയനിലെ നേതാക്കന്മാരൊക്കെ വോഡ്ക കുടിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.'

'ഞാനും കേട്ടിട്ടുണ്ട്,' സുരേഷിന്റെ കൂടെവന്ന അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു. 'എന്നാലും അതൊരു വലിയ കഷ്ടമായിപ്പോയി.'

'എന്തോന്ന് കഷ്ടം; വോഡ്ക കുടിക്കുന്നതോ?' സഖാവിന് ദേഷ്യം വന്നു. വോഡ്ക കമ്മ്യൂണിസ്റ്റ് പാനീയമാണ്. അതിനെ തരം താഴ്ത്തിപറഞ്ഞാല്‍ ദിവാകരന്‍ സഹിക്കില്ല.

'വോഡ്കയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്,' അപ്പുക്കുട്ടന്‍ വിശദീകരിച്ചു. 'സോവ്യറ്റ്‌യൂണിയന്‍ തകര്‍ന്നതേ'

'അതാ കള്ളപ്പരിഷേടെ പണിയല്ലായിരുന്നോ. എന്താ അയാടെ പേര്'.? ങാ! ഗോര്‍ബച്ചേവ്, അമേരിക്കന്‍ ബൂര്‍ഷ്വകളുടെ ചെരുപ്പുനക്കി. അയാള്‍ ഇരിക്കുന്ന കമ്പ് വെട്ടി മുറിക്കയല്ലായിരുന്നോ? അതൊക്കെപോട്ടെ, എന്നെക്കൊണ്ട് എന്തു സഹായത്തിനാ ഈ സല്‍ക്കാരം?

അപ്പുക്കുട്ടന്‍ ഉള്ള കാര്യം പറഞ്ഞു. 'ഈ സുരേഷ് എന്റെ ഒരു ശേഷക്കാരനായിട്ട് വരും. ഇവന്‍ ഗള്‍ഫില്‍കിടന്ന് കഷ്ടപ്പെട്ട് കൊറെപൈസയൊക്കെ ഒണ്ടാക്കി ഒരു വീടുവെയ്ക്കാനാ അവധിക്ക് വന്നത്. ഇന്നലെ ഒരുലോഡ് കട്ടയെറക്കാന്‍ വന്നപ്പം സഖാവിന്റെ യൂണിയന്‍കാര് വന്ന് നോക്കുകൂലിവേണമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അവസാനം രണ്ടായിരം രൂപാ കൊടുത്തിട്ടാ അവര് പോയത്.'

കുപ്പി നെഞ്ചത്തുവെച്ച് ഉരുട്ടിക്കൊണ്ടിരുന്ന സഖാവ് അതുകേട്ട് ചിരിച്ചു. 'നോക്കുകൂലി തൊഴിലാളികളുടെ അവകാശമാ. അതാര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്നുള്ളത് പാര്‍ട്ടിയുടെ രഹസ്യ അജണ്ടയാ.'

'പക്ഷേ, നോക്കുകൂലി പാടില്ലെന്ന് സഖാവിന്റെ നേതാക്കന്മാര് പറയുന്നുണ്ടല്ലോ?' സുരേഷിന്റെ വേറൊരു അമ്മാവനായ നാരായണന്‍ നായര്‍ പറഞ്ഞു. 'കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതായിട്ട് പേപ്പറില്‍ വായിച്ചു.'

'അവരങ്ങനെയൊക്കെ പുറമേ പറയും. വാങ്ങിക്കരുതെന്ന് കീഴേഘടകങ്ങള്‍ക്ക്  സര്‍ക്കുലറൊന്നും കിട്ടിയിട്ടില്ല.'

'അപ്പോപിന്നെ ഞങ്ങളെന്താ ചെയ്യേണ്ടത്?' വോഡ്കകൊടുത്തത്  വെറുതെ ആയിപ്പോയോ എന്നുവിചാരിച്ച് സുരേഷ് ചോദിച്ചു. 'ഇനിയും കട്ടയും മണലും ഒക്കെ ഇറക്കാനുള്ളതാ, അപ്പോളൊക്കെ ഇതുപോലെ നോക്കുകൂലീംന്നും പറഞ്ഞുവന്നാല്‍'.

സഖാവ് ദിവാകരന്‍ കുറെനേരം വെറുതെയിരുന്ന് ആലോചിച്ചു. യൂണിയന്‍കാരെ പറഞ്ഞുവിട്ടത് താനാണ്. അവര് വാങ്ങിക്കുന്നത് നോക്കുന്നതായാലും, നോക്കാത്തതായാലും കൂലിയില്‍ ഒരോഹരി തനിക്കുള്ളതാണ്. ആ സ്ഥിതിക്ക് അവരെ നിരുത്സാഹപ്പെടുത്തിയാല്‍ തന്റേയും കഞ്ഞികുടി മുട്ടും.  പ്രവര്‍ത്തനമെന്ന് പറഞ്ഞുനടക്കുന്നതിന് പാര്‍ട്ടിയില്‍ നിന്ന് ശമ്പളമൊന്നുമില്ല. പിന്നെ കൈനനയാതെ മീന്‍പിടിക്കാന്‍ ഇതൊക്കെയല്ലേ മാര്‍ഗമുള്ളു. അത് അറിയാവുന്നതുകൊണ്ടാണ് മേലേതട്ടിലിരുന്നുകൊണ്ട് പ്രസ്ഥാവനകള്‍ ഇറക്കുമെങ്കിലും, കീഴ്ഘടകങ്ങള്‍ ചെയ്യുന്നതിനു നേരെ കണ്ണടക്കുന്നത്. അവര്‍ക്ക് കാശുണ്ടാക്കാന്‍ വന്‍കിട ടെന്‍ഡറുകളും, അന്താരാഷ്ട്ര കരാറുകളും ഒക്കെപ്പോരെ? താഴേത്തട്ടിലുള്ള കുട്ടിസഖാക്കള്‍ക്ക് അതിന്റെ ഷെയറൊന്നും കിട്ടത്തില്ലല്ലോ?

എന്തായാലും വോഡ്ക കിട്ടിയത് കളയാന്‍ മനസ്സനുവദിക്കുന്നില്ല. ഇവന്റെ മഹത്വം പണ്ടൊരിക്കല്‍ ജില്ലാസെക്രട്ടറിയുടെകൂടെ ഒരു വമ്പന്‍സ്രാവിന്റെ വീട്ടിലെ കല്ല്യാണത്തിന് പോയപ്പോള്‍ അറിഞ്ഞിട്ടുള്ളതാണ്. നാടന്‍ മുതല്‍ വിദേശിവരെ ഉണ്ടായിരുന്നെങ്കിലും മാര്‍ക്‌സിന്റെ നാട്ടുകാരന്‍ ഒരുബോട്ടിലേ ഉണ്ടായിരുന്നുള്ളു. ഒന്ന് രുചിനോക്കാനും മാത്രമേ തനിക്ക് കിട്ടിയുള്ളു. അന്നത്തെ രുചി ഇന്നും വായിലുണ്ട്. ആ സ്ഥിതിക്ക് ഇപ്പോള്‍ ഒരു ഫുള്‍ബോട്ടില് കയ്യില്‍വന്നുചേര്‍ന്നത് കളയാന്‍ പറ്റുമോ?

'നിങ്ങള് പൊക്കോ ഞാന്‍ വേണ്ടത് ചെയ്‌തോളാം,' സുരേഷിനേം കൂട്ടരേം പറഞ്ഞുവിട്ടിട്ട,് ആരെങ്കിലും അവിചാരിതമായി കയറിവന്നാല്‍ താന്‍ മദ്യക്കുപ്പിയും പിടിച്ചോണ്ടിരിക്കുന്നത് കാണേണ്ടല്ലോ എന്നു കരുതി അതുമായി അകത്തേക്ക് പോയി. കുപ്പിപൊട്ടിച്ച് ഒരുകവിള് ചൂടോടെ വിഴുങ്ങിയിട്ട് ഭദ്രമായി അടച്ച് അലമാരയില്‍ വെച്ച് പൂട്ടുകയും ചെയ്തു. എന്തൊരു സുഖം. നാടന്‍ അടിക്കുമ്പോഴത്തെ നെഞ്ചെരിപ്പൊന്നുമില്ല. സായിപ്പിനെ, അവന്‍ ബൂര്‍ഷ്വാസിയാണെങ്കിലും, സമ്മതിച്ചേ പറ്റു. വെള്ളക്കാരന്റെപാനീയം കുടിക്കാനുള്ള ഭാഗ്യം ഇതുവരെ കൈവന്നിട്ടില്ലെങ്കിലും സഖാവ് വോഡ്കയും ഒട്ടുംമോശക്കാരനല്ല. ഈ നാട്ടില്‍ ജനിച്ചതുതന്നെയാണ് താന്‍ചെയ്ത വലിയ അബദ്ധം എന്നുവിചാരിച്ച് പൂമുഖത്തെ ചാരുകസേരയില്‍ വന്ന് കിടന്നു.

സ്‌കോച്ച് വാങ്ങിയ സ്ഥിതിക്ക് എന്തെങ്കിലും ചെയ്‌തേ പറ്റു. നോക്കുകൂലി വാങ്ങരുതെന്ന് സഖാക്കളോട് പറയാനും വയ്യ. ഇതിപ്പം കടലിനും ചെകുത്താനും മധ്യേയെന്ന് പറഞ്ഞതുപോലെ ആയി. ഈ വോഡ്കക്കിപ്പം നാട്ടില്‍ എന്തുവില വരും? രണ്ടായിരമോ മൂവായിരമോ വന്നേക്കും. അല്ല, മൂവായിരം രൂപക്ക് തന്നെ വിലക്കെടുക്കാമെന്ന് ഗള്‍ഫുകാരന്‍ വിചാരിച്ചോ? എണ്ണപ്പണം വാരിക്കൊണ്ടുവന്ന് കൊട്ടാരംകെട്ടാന്‍ പോവുകല്ലേ? അവന്റെ കയ്യില്‍നിന്ന് കുറച്ചുകൂടി ഊറ്റുന്നതില്‍ തെറ്റൊന്നുമില്ല. സഖാക്കളോട് ഇപ്പം ഒന്നും പറയേണ്ട. അവന്മാര് പോയി നോക്കുകൂലിയോ എന്തുവേണമെങ്കിലും വാങ്ങിക്കട്ടെ. ഗള്‍ഫുകാരന്‍ വീണ്ടും ഇവിടെ വരും. വോഡ്ക പതുക്കെപ്പതുക്കെ തലയിലോട്ട് കയറിയതിനാല്‍ സഖാവ് അവിടെക്കിടന്ന് മയങ്ങി.

സഖാവിനെ കണ്ടിട്ട് മടങ്ങിയ സുരേഷം സംഘവും ഇനി പ്രശ്‌നമൊന്നും ഉണ്ടാകത്തില്ല എന്ന മനഃസമാധാനത്തോടെ വീടുപൂകി.

'കൊണ്ടുപോയിക്കൊടുത്തോ? എന്തോ പറഞ്ഞു? സന്തോഷമായോ?' സുരേഷിന്റെ ഭാര്യ ഉഷക്ക് അറിയാന്‍ വലിയ ആകാംക്ഷ.

'നീപോയി ചോറുവിളമ്പ്; മനുഷന്‍ വിശന്ന് ചാകാന്‍ തുടങ്ങുമ്പോളാ അവടെ ഒരു വിശേഷം ചോദിക്കല്‍.' സുരേഷന് ദേഷ്യം വന്നു.

'അവന്റെ തലേല്‍ പെട്രോളൊഴിച്ച് തീ കത്തിക്കേണ്ടായിരുന്നോ?' രണ്ടായിരംരൂപാ പോയതിലുള്ള വിഷമംകൊണ്ട് ഉഷയുടെ അമ്മ പറഞ്ഞു.

'പെട്രോളിനൊക്കെ ഇപ്പം വിലക്കൂടുതലാ, അമ്മേ. അതുകൊണ്ടാ വോഡ്ക കൊടുത്തത്; അതവന്റെ വയറ്റില്‍കിടന്ന് കത്തിക്കോളും.'

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരുലോഡ് മണലുമായി ടിപ്പറ് വന്നു. അതിന്റെ പുറകെ സൈക്കിളിലും ബൈക്കിലുമായി സഖാവ് വിജയന്റ നേതൃത്ത്വത്തില്‍ യൂണിയന്‍കാരും എത്തി.

'രണ്ടായിരം രൂപാ തന്നിട്ട് ഇറക്കിക്കോ,' നേതാവ് മുന്‍പോട്ട് വന്നിട്ട് പറഞ്ഞു.

'അത് വളരെ കുറഞ്ഞുപോയില്ലേ, ഒരു മൂവായിരം തന്നാലോ?' സരേഷിന്റെ അളിയന്‍ ചോദിച്ചു.

'എന്താ, ആളെ കളിയാക്കുകാണോ? എന്നാ മൂവായിരം തന്നിട്ട് ഇറക്കിയാല്‍ മതി.' ഒരു നിമിഷം സംശയിച്ചുനിന്നിട്ട് സഖാവ് പറഞ്ഞു.

'ഒരു മൂവായിരം രൂപാ ഇങ്ങോട്ടെടുത്തോ അമ്മേ.'

രൂപക്ക് പകരം ഒരു കുപ്പിയുംകൊണ്ട് തള്ള ഇറങ്ങിവരുന്നത് എന്തിനാണെന്ന് സഖാക്കള്‍ക്ക മനസിലായില്ല.

'ആദ്യം മക്കള്‍ക്കിത്തിരി പനിനീര്‍ കുടഞ്ഞിട്ട് പിന്നെ പണം തരാം,' അവര്‍ പറഞ്ഞു.

ഇത് കൊള്ളാമല്ലോ, നല്ല പരിപാടിയാണല്ലോ എന്ന് സഖാക്കള്‍ വിചാരിച്ചു. രണ്ടായിരം ചോദിച്ചപ്പോള്‍ മൂവായിരം തരാമെന്ന്. പണം തരുന്നതിന് മുന്‍പ് പനിനീര്‍ കുടയല്‍.

'അമ്മേടെ ഇഷ്ടം പോലെ ആയിക്കോട്ടെ.' പനിനീര്‍വര്‍ഷം ഏറ്റുവാങ്ങാന്‍ സഖാക്കള്‍ നിരന്നുനിന്നു.

 തള്ള പനിനീര്‍ കുപ്പിയിലെ ജലം ആചാരപൂര്‍വം സഖാക്കളുടെ മേല്‍ കുടഞ്ഞു. പക്ഷേ, പനിനീരിന് നല്ല മണ്ണെണ്ണയുടെ മണം.

'ഇതിന് മണ്ണെണ്ണയുടെ മണമാണല്ലോ, അമ്മച്ചി?' കൂട്ടത്തില്‍ മണംപിടിക്കാന്‍ കൂടുതല്‍ കഴിവുള്ള ഒരു സഖാവ് സംശയം പ്രകടിപ്പിച്ചു.

'മണ്ണെണ്ണക്ക് പിന്നെ മുല്ലപ്പൂവിന്റെ മണമാണോടാ, മോനെ?' അമ്മച്ചി ചോദിച്ചു. 'ഉഷേ, ഇനിയാ നെലവെളക്കുകൂടി ഇങ്ങോട്ടെടുത്തോളു.'

ഉഷയുടെ നേതൃത്വത്തില്‍ ഒന്നുരണ്ട് സ്ത്രീകളും പിള്ളാരും ചൂട്ടും കത്തിച്ചുപടിച്ചും കൊണ്ട് വരുന്നതുകണ്ടപ്പോള്‍ ഉദ്ദേശം പിടികിട്ടിയ നേതാവ് 'ഓടിക്കോടാ, നമ്മളെ കത്തിക്കാന്‍ വരുന്നെടാ' എന്ന് നിലവിളിച്ചുകൊണ്ട് പാഞ്ഞു; പുറകേ അനുയായികളും.

ഗേറ്റിന് വെളിയില്‍ കടന്ന സഖാക്കള്‍ നേതാവ് പറഞ്ഞത് ഏറ്റുവിളിക്കാന്‍ തുടങ്ങി, 'തോറ്റിട്ടില്ല, തോറ്റിട്ടില്ല'

'തോക്കെണ്ടടാ, ഇന്നാ ഇതും കൂടി കൊണ്ടുപൊക്കോ,' തള്ള മണ്ണെണ്ണക്കുപ്പി സഖാക്കളുടെ നേരെ വലിച്ചെറിഞ്ഞു.

(ഒരു പഴയകലകൃതി; ഫയലില്‍നിന്ന്.)

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക