Image

തൂലികത്തുമ്പില്‍ ഭാവങ്ങള്‍ വിടര്‍ത്തിയ മഹാശില്‍പ്പി അരങ്ങൊഴിഞ്ഞു

ജോബിന്‍സ് Published on 26 November, 2021
തൂലികത്തുമ്പില്‍ ഭാവങ്ങള്‍ വിടര്‍ത്തിയ  മഹാശില്‍പ്പി അരങ്ങൊഴിഞ്ഞു
മലയാളത്തിന്റെ സമൃദ്ധമായ പദ സമ്പത്തിലേയ്ക്ക് തന്റെ ഭാവനയുടെ വെളിച്ചം വീശി ആസ്വാദക മനസുകളിലേയ്ക്ക് മനോഹരഗാനങ്ങളുടെ പാല്‍പ്പുഴയൊഴുക്കിയ അപൂര്‍വ്വ പ്രതിഭയായിരുന്നു ബിച്ചു തിരുമല. സംഗീത രചയിതാക്കള്‍ ഇനിയുമുണ്ടാകുമെങ്കിലും ബിച്ചു തിരുമലയുടെ തൂലിക സമ്മാനിച്ച നിത്യഹരിത ഗാനങ്ങള്‍ മലയാളിയുടെ മനസ്സിസും ചുണ്ടുകളിലും ഇനിയും നിറഞ്ഞു നില്‍ക്കും. 

മൂവായിരത്തോളം ഗാനങ്ങളാണ് ആ അനശ്വര പ്രതിഭയുടെ മാന്ത്രിക തൂലികയില്‍ നിന്നും ജീവനെടുത്തത്. പാട്ടിന്റെ ഭാവത്തെയും സിനിമാ രംഗത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ ആവാഹിക്കുന്നതായിരുന്നു ബിച്ചുവിന്റെ ഗാനങ്ങള്‍. ഉദാഹരണം അദ്ദേഹത്തിന്റെ താരാട്ട് പാട്ടുകള്‍ തന്നെ. ഒരു കാലത്ത് കുഞ്ഞുങ്ങള്‍ ഉറങ്ങണമെങ്കിലും ബിച്ചുവിന്റെ ഗാനങ്ങള്‍ അമ്മമാരുടെ അധരങ്ങളില്‍ വിടരണമായിരുന്നു. 

മാത്യസ്‌നേഹത്തിന്റെ മഹനീയ വാത്സല്ല്യം നിറഞ്ഞു കവിയുന്ന ഒലത്തുമ്പത്തിരുന്നൂയലാടും .... എന്ന ഗാനം ഇന്നും അറിയാത്ത മലയാളികള്‍ കുറവാണ്. അതുപോലെ തന്നെ ക്യാമ്പസുകളെ പിടിച്ചുകുലുക്കിയ ഗാനമായിരുന്നു പ്രായം തമ്മില്‍ മോഹം നല്‍കി ..... എന്ന നിറം സിനിമയിലെ ഗാനം.

യുവ ഹൃദയങ്ങളിലെ പ്രണയഭാവങ്ങള്‍ തട്ടിയുണര്‍ത്തിയ ബിച്ചുവിന്റെ യുഗ്മഗാനങ്ങള്‍ ക്യാമ്പസുകളില്‍ വസന്തം തീര്‍ത്തതിനൊപ്പം സിനിമയിലെ പ്രണയരംഗങ്ങള്‍ക്ക് പൂര്‍ണ്ണതയുമേകി.

 ബിച്ചു തിരുമലയുടെ ജീവതാളം തന്നെ ഗാനങ്ങളായിരുന്നു 1994ല്‍ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുല്‍ക്കൂട് ഒരുക്കാന്‍ വീടിന്റെ സണ്‍ഷേഡില്‍ കയറി വീണ ബിച്ചുവിന്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ട്. ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താന്‍ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല. 

1942 ഫെബ്രുവരി 13 ന് ചേര്‍ത്തലയിലാണ് ജനിച്ചത്. മുത്തച്ഛനും അറിയപ്പെടുന്ന പണ്ഡിതനുമായിരുന്ന വിദ്വാന്‍ ഗോപിനാഥ പിള്ള സ്‌നേഹത്തോടെ വിളിച്ച പേരാണ് ബിച്ചു. പിന്നീട് തിരുവനന്തപുരം തിരുമലയിലേയ്ക്ക് താമസം മാറിയതോടെയാണ് ബിച്ചു തിരുമലയായത്.

കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടിയ ബിച്ചു തിരുമല സിനിമാ സംവിധാന മോഹങ്ങളുമായി ചെന്നൈയിലെത്തി. ഇതിനിടെ വീണ്ടും കവിതകളെഴുതി. ഒരു സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഗാനരചനാ രംഗത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. 

എ. ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ യോദ്ധയില്‍ ഗാനങ്ങളെഴുതിയത് ബിച്ചു തിരുമലയായിരുന്നു. പടകാളി ചണ്ഡി..ചങ്കരി പോര്‍ക്കലി ... കുനുകുനെ ചെറു കുറു നിരകള്‍....മാമ്പൂവേ.. എന്നിങ്ങനെയുള്ള യോദ്ധയിലെ മൂന്നു ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. 

മലയാള സിനിമാ ഗാനരംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് ബിച്ചു തിരുമല എന്ന അനശ്വര പ്രതിഭ അരങ്ങൊഴിയുമ്പോള്‍ സംഭവിക്കുന്നത്. ബിച്ചു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാലും ആയിരം തലമുറകള്‍ക്കപ്പുറവും മലയാളിയുടെ മനസ്സിലും ചുണ്ടിലും ബിച്ചുവിന്റെ വരികള്‍ മായാതെ നില്‍ക്കും എന്നതില്‍ സംശയമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക