ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

Published on 26 November, 2021
ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )
ചില നേരം
ചിന്തിക്കുമ്പോൾ
ചിതലാകാൻ
തോന്നുമെനിക്ക്
ചിതലരിക്കില്ലെന്നു കരുതും
'ചിലതിനെയെല്ലാം
ചിരിയോടെ തിന്നു തീർക്കാൻ
ചിതറിയതെല്ലാം
പെറുക്കി വച്ച്
ചിതൽപ്പുറ്റിൻ മാളിക തീർക്കാൻ
ചിരകാല സ്വപ്നമെല്ലാം
ചീയാതതിൽ പൂഴ്ത്തിവയ്ക്കാൻ
ചികയാനിടമില്ലാതെ വരുമ്പോൾ
ചിറകുള്ള ഈയലാകാൻ
ചിറകയ്യോ കൊഴിഞ്ഞു പോയാൽ
ചിതലുകളുടെ രാജാവായി
പുതിയൊരു സാമ്രാജ്യം തീർത്ത്
ചിരകാലമതിൽ വസിക്കാൻ

വിശപ്പാണ് കൊടും വിശപ്പ്
വിശപ്പളക്കാൻ 
യന്ത്രമുണ്ടോ?
വിശപ്പാറ്റാൻ വഴി നോക്കുന്നത്
വഞ്ചനയെന്നാരു പറയും?
ചിലരെല്ലാം
ചിരിച്ചു തള്ളും
ചിതലിന് ചില നിമിഷം പോരേ
മൺകുടിലും മണിമാളികയും
മണ്ണോട് മണ്ണ് ചേർക്കാൻ
മാനവരെക്കാളും കേമൻ
ചിന്തിക്കുകിൽ
ചിതലല്ലേ ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക