മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 26 November, 2021
മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

ബിച്ചു തിരുമലയുടെ വേർപാടിൽ കാവ്യകൈരളിയുടെ ഇരു മിഴികളും നനഞ്ഞുപോയിട്ടുണ്ടാവണം.  ഏഴുസ്വരങ്ങൾ മുകിൽ മാല കളായ് ആകാശത്തെവിടെയോ മറഞ്ഞു . ഗാനങ്ങൾ, അത് ദുഖമായാലും ഗൗരവമായാലും തമാശയായാലും ഒരേപോലെ വഴങ്ങുന്ന തൂലികയായിരുന്നു ബിച്ചു തിരുമലയുടേത് . ഓരോ ജീവിതാനുഭവങ്ങൾ ആണ് കവിതകൾ ആയി അദ്ദേഹം പൊൻ തൂലികയിൽ മഷിചേർത്തെഴുതിയത്  . 

രവീന്ദ്രൻ - കൈതപ്രം , ദേവരാജൻ മാസ്റ്റർ - വയലാർ , ശ്രീകുമാരൻ തമ്പി - എം കെ അർജ്ജുനൻ എന്നൊക്കെ പറയുന്ന പോലെ സ്ഥിരമായ ഒരു കൂട്ടുകെട്ട് ബിച്ചു തിരുമലക്ക് ഉണ്ടായിട്ടില്ല . ‘ശ്യാം ഒരുക്കുന്ന   മ്യൂസിക്കിന് അനുസരിച്ച എഴുതാൻ ബുദ്ധിമുട്ട്’ ആണെന്ന് ഒരിക്കൽ ബിച്ചു തിരുമല പറഞ്ഞു . എങ്കിലും കാണാമറയത്തിലെ ‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ’ , റൗഡിരാമുവിലെ ‘നളദമയന്തി കഥയിലെ അരയന്നം പോലെ’ , അങ്ങാടിയിലെ ‘പാവാട വേണം മേലാട വേണം’ , തൃഷ്ണയിലെ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ’ , ‘മൈനാകം കടലിൽ നിന്നുയരുന്നുവോ’ തുടങ്ങി നൂറിൽ പരം പാട്ടുകൾ ഇവരുടെ കൂട്ടുകെട്ടിൽ പിറവിയെടുത്തു . 

‘അക്കൽദാമ’ എന്ന സിനിമയിലൂടെ പ്രശസ്ത നടൻ മധുവാണ് ബിച്ചുവിന് എഴുത്തിന്റെ പാത തുറന്നുകൊടുത്തത് . അതിലെ ‘നീലാകാശവും മേഘങ്ങളും’ എന്ന ക്രിസ്തീയ ഭക്തിഗാനം ബ്രഹ്മാനന്ദൻ പാടി . സംഗീതം മറ്റാരുമായിരുന്നില്ല ശ്യാം തന്നെ . അഞ്ച് പാട്ടുകളിൽ ഒഒരെണ്ണമാണ് ബിച്ചു തിരുമല എഴുതിയത് . അത് മലയാളികൾ ഏറ്റെടുത്തു . 

നീലീശ്വരം സദാശിവൻകുഞ്ഞി

‘സിനിമയുടെ പരസ്യപ്പലകകൾ’  ആണ് പാട്ടുകളെന്നാണ് അദ്ദേഹം പറയാറുള്ളത് . അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ഗാനപരസ്യത്തിലൂടെ  എത്ര സിനിമകൾ ആണ് വൻ വിജയം നേടിയെടുത്തത് . എണ്ണാൻ ശ്രമിച്ചാൽ പരാജയപ്പെടും ‘തേനും വയമ്പും ‘എന്ന വാക്കു കേട്ടാൽ പെട്ടെന്ന് സിനിമയല്ല മറിച്ച് ആ പാട്ടാണ് മനസ്സിൽ ചേക്കേറുക   . 

ബിച്ചുവിന്റെ ഗാനത്തിന്റെ വരികൾ സിനിമയുടെ ടൈറ്റിൽ ആയിട്ടുണ്ട് . അതായത് പാട്ടിൽ നിന്ന് സിനിമയുടെ പേരുണ്ടായിട്ടുണ്ട് . തേനും വയമ്പും , അവളുടെ രാവുകൾ , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , ഉണ്ണികളേ ഒരു കഥ പറയാം ,മല്ലനും മാധേവനും തുടങ്ങി നിരവധി . ബിച്ചു തിരുമല പാട്ടെഴുതിയാൽ പടം നൂറ് ദിവസം ഓടും എന്ന് നിർമാതാക്കൾ പറയുമായിരുന്നു . 

ജീവിതാനുഭവങ്ങൾ ഉൾക്കൊണ്ട് ഗാനം എഴുതുന്ന കവിയായിരുന്നു ബിച്ചു തിരുമല . ഒരിക്കൽ ലൈറ്റ് അണഞ്ഞപ്പോൾ മൂളിക്കൊണ്ട് ഒരുകൊതുക് അദ്ദേഹത്തിന്റെ ചെവിയിൽ അസ്വസ്ഥത ഉണ്ടാക്കി . അങ്ങനെ മഹത്തായ ഒരു ഗാനമുണ്ടായതാണ് ‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം’ എന്നത് . കൊതുകിന്റെ മൂളൽ അദ്ദേഹത്തിന്  ഒരു വീണാനാദമായി മാറി . ബാലഗോപാലൻ എന്ന അനിയന്റെ അകാലമരണവും അതിന്റെ ചിന്തകളും പാട്ടിൽ പിറന്നു .   അതായിരുന്നു ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളി .... എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ’ ..
ഇതേ സിനിമാഗാനം ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്തിട്ടുണ്ട് . ഒരിക്കൽ ഒരു ആംഗലേയ കവി അദ്ദേഹത്തിനെ തേടിയെത്തി . 
“ഈ ഗാനം ഇംഗ്ലീഷിൽ പരിഭാഷ വേണം” . 

ഇരുവയും ഒരുമിച്ച് കടൽത്തീരത്തേക്ക് നടന്നു . ബിച്ചു പാടി . “ഓലത്തുമ്പത്തിരുന്നന്നൂയലാടും ചെല്ലപ്പൈങ്കിളീ” .. സായിപ്പിന്റെ മൊഴിമാറ്റം ഇങ്ങനെ ആയിരുന്നു 
“Singing and swinging in top of a pine tree o’ nightingale
When I oiling my baby will you be able to sing a song”?

.രവീന്ദ്രൻ മാസ്റ്ററിനൊപ്പം ‘ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം’ ചിട്ടപ്പെടുത്തിയത് ഒരു മത്സര ബുദ്ധിയോടെ ആയിരുന്നു . പക്ഷെ അനുപല്ലവിയിലും ചരണത്തിലും മാസ്റ്റർ എന്നെ കടത്തിവെട്ടിയെന്ന് ബിച്ചു തിരുമല ഓർക്കാറുണ്ട് . 

തരംഗിണിക്കായി ‘മാമാങ്കം പലകുറി കൊണ്ടാടി’ എഴുതി ബിച്ചു ചരിത്ര ഗായകൻ എന്ന പേരും നേടി . ‘എവിടെയോ കളഞ്ഞു പോയ കൗമാരം’ എഴുതിയപ്പോൾ ഓരോരുത്തരുടെയും നഷ്ടബോധത്തെ ഉണർത്തുകയായിരുന്നു ശ്രീ ബിച്ചു തിരുമല. .പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി കവിത ചൊല്ലി അദ്ദേഹം നമ്മെ വിട്ടുപോയി. 

‘ആരാരോ ആരിരാരോ അച്ഛന്റെ മോനാരാരോ’ എന്നെഴുതിയത് ഒരു ബന്ധു താരാട്ടു പാടുന്നത് കേട്ടതിൽ നിന്നാണ് . .’നനഞ്ഞു നേരിയ പട്ടുറുമാലിൽ  സുവർണ നൂലിലെ അക്ഷരങ്ങളിൽ’   അദ്ദേഹത്തിന്റെ മോഹങ്ങൾ പൂവണിഞ്ഞിട്ടുണ്ടാകും. എന്നാൽ ഇനിയും അദ്ദേഹത്തിലൂടെ സിനിമാഗാനശാഖക്ക് ഏറെ മോഹങ്ങൾ പൂവണിയുവാൻ ഉണ്ടായിരുന്നു .  ‘മിഴിനീർ കണമായ് താഴെ വീഴുന്ന ഓരോ വരികളും നിധി കാത്തുനിൽക്കുന്ന ജലദങ്ങൾ പോലെ ഉൾക്കൊള്ളാൻ മലയാള സിനിമ കാത്തുനിന്നു . 

മദ്യപിച്ചു പാടുന്ന വരികൾ ഏറെ എഴുതിയതും ബിച്ചു തിരുമലയുമാണ് . ‘അടിച്ചങ്ങ് പൂസായി കുടിച്ചങ്ങ് ബോറായി’ .. ‘ഭൂമി കറങ്ങുന്നുണ്ടോടാ ഉവ്വെ .. അപ്പൊ സാറ് പറഞ്ഞത് നേരാടാ .. എന്നിവ മികച്ചവയാണ് . ഇതിൽ യേശുദാസിനൊപ്പം പാടാനും ബിച്ചുവിനായി . 
യോദ്ധയിലെ ഫാസ്റ്റ് സോങ്ങ് " പടകാളി " റഹ്‌മാന്റെ സംഗീതത്തിൽ പിറന്നു .  മൈ ഡിയർ കുട്ടിച്ചാത്തനിലെ " ആലിപ്പഴം പെറുക്കാൻ " ഇളയരാജക്കൊപ്പം ചെയ്തതാണ്

എ ടി ഉമ്മർ എന്ന സംഗീത സംവിധായകനൊപ്പം അദ്ദേഹം എത്രയോ ഹിറ്റ് ഗാനങ്ങൾ ഉണ്ടാക്കി .അനുഭവം എന്ന സിനിമയിൽ എ ടി ഉമ്മർ -ബിച്ചു ടീമിന്റെ ഒരു ഗാനമുണ്ട് ‘വാകപ്പൂ മരം ചൂടും വാരിളം പൂങ്കുല ക്കുള്ളിൽ വാടകക്കൊരു മുറിയെടുത്തൂ വടക്കൻ തെന്നൽ’ .. നമ്മൾ എല്ലാം എന്നെങ്കിലും ഈ വാടക വീടൊഴിയേണ്ടിവരും . നമുക്ക് സമാധാനിച്ചേ മതിയാവൂ . 

വിട പ്രിയപ്പെട്ട ബിച്ചു തിരുമലക്ക്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക