Image

പുതിയ കുര്‍ബാനക്രമം പാലിക്കണമെന്ന് ചങ്ങനാശേരിയും തൃശൂരും താമരശേരിയും; നിലവിലെ രീതി തുടരാമെന്ന് ഫരീദാബാദ് രൂപത

Published on 27 November, 2021
 പുതിയ കുര്‍ബാനക്രമം പാലിക്കണമെന്ന് ചങ്ങനാശേരിയും തൃശൂരും താമരശേരിയും; നിലവിലെ രീതി തുടരാമെന്ന് ഫരീദാബാദ് രൂപത


കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമത്തെ ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സിനഡ് നിര്‍ദേശിച്ച പുതിയ കുര്‍ബാനക്രമം തുടരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കിയപ്പോള്‍ വത്തിക്കാനില്‍ നിന്നും പ്രത്യേക ഇളവ് വാങ്ങി നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി. 

ഇതിനു പിന്നാലെ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നാളെ മുതല്‍ നിലവില്‍ വരുമെന്ന ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. ഏകീകരിച്ച കുര്‍ബാന ക്രമവും കുര്‍ബാന അര്‍പ്പണ രീതിയും നാളെ മുതല്‍ നടപ്പില്‍ വരുത്തണമെന്ന് കാണിച്ച് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സര്‍ക്കുലര്‍ ഇറക്കി. എറണാകുളം അങ്കമാലി അതിരുപതയ്ക്ക് ഇളവ് നല്‍കിയെന്നുള്ള മാധ്യമ വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലറെന്ന് മാര്‍ താഴത്ത് വിശദീകരിക്കുന്നു. താമരശേരി രൂപാതധ്യക്ഷന്‍ റിമിജിയോസ് ഇഞ്ചനാനിയേലും സര്‍ക്കുലര്‍ ഇറക്കി.

അതേസമയം, നിലവിലെ കുര്‍ബാന അര്‍പ്പണ രീതി തന്നെ തുടരുന്നതാണ് ഉചിതമെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സര്‍ക്കുലറില്‍ വ്യക്തമാക്കി. കാനോന്‍ നിയമത്തില്‍ 1538 പ്രകാരം അതാത് രൂപതാധ്യക്ഷന് തന്നെയാണെന്ന് പൗരസ്ത്യ സഭകളുടെ കാര്യാലയം കത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ ഓരോ രുപതയുടെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നടപ്പിലാക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാതു രൂപതാദ്ധ്യക്ഷനാണ്്. അതുപ്രകാരം രൂപതയുടെ പൊതുവായ അജപാലന നന്മയെ കരുതി രൂപതാതിര്‍ത്തിക്കുള്ളിലെ എല്ലാ ഇടവകകളിിലും സന്യാസ ഭവനങ്ങളിലും നിലവിലുള്ള കുര്‍ബാന അര്‍പ്പണ രീതി (status quo) തുടരുന്നതാണ് ഉചിതമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.- ആര്‍ച്ച് ബിഷപ് സര്‍ക്കുലറില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക