Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 27 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന പേരിട്ടു. ഒമിക്രോണ്‍ എന്നാണ് പേര്. അതിവേഗ ഘടനാ മാറ്റവും തീവ്രവ്യാപനശേഷിയുമുള്ള വൈറസാണിതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത കര്‍ശനമാക്കി. കേരളത്തിലും വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
*********************************
സിറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമത്തെ ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സിനഡ് നിര്‍ദേശിച്ച പുതിയ കുര്‍ബാനക്രമം തുടരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കിയപ്പോള്‍ വത്തിക്കാനില്‍ നിന്നും പ്രത്യേക ഇളവ് വാങ്ങി നിലവിലെ രീതി തുടരുമെന്ന് എറണാകുളം - അങ്കമാലി അതിരൂപത വ്യക്തമാക്കി. ഇതിനു പിന്നാലെ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് ചങ്ങനാശേരി, തൃശൂര്‍ അതിരൂപതകളും താമരശേരി രൂപതയും വ്യക്തമാക്കി. എന്നാല്‍ നിലവിലെ കുര്‍ബാന തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ഫരിദാബാദ് രൂപത.
*********************************
കുര്‍ബാന ക്രമത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവ് ലഭിച്ചതായി വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി അറിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതു സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. പുതുക്കിയ കുര്‍ബാന ക്രമം നാെള മുതല്‍ തന്നെ സഭയില്‍ നിലവില്‍ വരുമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ കരിയിലിന്റെ കത്ത് തള്ളിയ കര്‍ദിനാള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുണ്ട്. 
********************************
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുക. ഇതിനിടെ പാര്‍ലമെന്റിലേയ്ക്കുള്ള ട്രാക്ടര്‍ റാലി മാററിവച്ചതായും എന്നാല്‍ പ്രക്ഷോഭം തുടരുമെന്നും സംയുക്ത കര്‍ഷക സംഘടനകള്‍ അറിയിച്ചു. 
**********************************
ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ 0.71 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ജനസംഖ്യയുടെ 51.91 ശതമാനം പേരും ദാരിദ്ര്യം അനുഭവിക്കുന്ന ബിഹാറാണ് പട്ടികയില്‍ മുന്നില്‍. ബിഹാറിന് പുറമെ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളാണ്.
*********************************
നാല് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള ധനസഹായം മാസങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് ആക്ഷേപം. ആരോഗ്യമന്ത്രിയും പിന്നോക്ക ക്ഷേമമന്ത്രിയും ഇന്ന് അട്ടപ്പാടി സന്ദര്‍ശിച്ചു. ശിശുമരണങ്ങളില്‍ സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
**********************************
സഹകരണ സംഘങ്ങള്‍ക്കെതിരായ നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പരസ്യക്കുറിപ്പില്‍ പറയുന്നു.
**********************************
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീമാരില്‍ നിന്നും പുരോഹിതരില്‍ നിന്നും നികുതി പിരിക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ  ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ ഉത്തരവ്. 2014 ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ക്രൈസ്തവ സഭാംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക