കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടകയില്‍ കര്‍ശന പരിശോധന

Published on 28 November, 2021
കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടകയില്‍ കര്‍ശന പരിശോധന
ബെംഗളൂരു: വിദേശരാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശനമാക്കി. കേരളത്തില്‍നിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാര്‍ഥികളെ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഹോസ്റ്റലില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ആദ്യ ആര്‍.ടി.പി.സി.ആര്‍. ഫലം ലഭിച്ചതിനുശേഷം ഏഴുദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തണം.

കേരളവുമായും മഹാരാഷ്ട്രയുമായും അതിര്‍ത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കും. അതിര്‍ത്തിജില്ലകളില്‍ മുഴുവന്‍ സമയവും പരിശോധന നടത്താന്‍ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കും. രണ്ടുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

വിദേശത്തുനിന്ന് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം, സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണം, മെഡിക്കല്‍ കോളേജുകളിലും നഴ്സിങ് കോളേജുകളിലും പരിശോധന കര്‍ശനമാക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക