മോഫിയ ആത്മഹത്യ ചെയ്തതിന് കാരണം നീതി കിട്ടില്ലെന്ന തോന്നലാണെന്ന് എഫ്‌ഐആര്‍

ജോബിന്‍സ് Published on 28 November, 2021
മോഫിയ ആത്മഹത്യ ചെയ്തതിന് കാരണം നീതി കിട്ടില്ലെന്ന തോന്നലാണെന്ന് എഫ്‌ഐആര്‍
മോഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. സിഐ സുധീര്‍ മോഫിയയോട് കയര്‍ത്തു സംസാരിച്ചെന്നും ഇതാണ് നിതീകിട്ടില്ലെന്ന തോന്നല്‍ മോഫിയയ്ക്കുണ്ടാകാന്‍ കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. ഇത് പറഞ്ഞു തീര്‍ക്കുന്നതിനായാണ് ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മോഫിയയേയും സുഹൈലിനേയും വിളിപ്പിച്ചത്. സിഐയുടെ മാധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നതിനിടെ പെട്ടെന്ന് ദേഷ്യം വന്ന മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. 

ഇതു കണ്ട് സിഐ സുധീര്‍ കയര്‍ത്തു. ഇതേ തുടര്‍ന്ന് ഒരിക്കലും നീതികിട്ടില്ലെന്ന തോന്നല്‍ മോഫിയയ്ക്കുണ്ടായി ഇതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഉച്ചയ്ക്ക് 12 നും വൈകുന്നേരം ആറിനും ഇടയിലുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. 

മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഈ കേസിന്റെ എഫ്‌ഐആറിലാണ് ഈ വിവരങ്ങളുള്ളത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക