ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ച് പള്ളികള്‍; സഭയില്‍ തര്‍ക്കം തുടരുന്നു; എന്താണ്കുര്‍ബാന വിവാദം?

Published on 28 November, 2021
 ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ച് പള്ളികള്‍; സഭയില്‍ തര്‍ക്കം തുടരുന്നു;  എന്താണ്കുര്‍ബാന വിവാദം?

കൊച്ചി: സീറോ മലബാര്‍ സഭയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കി തുടങ്ങി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചു. അതേസമയം മറ്റ് പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു. മേജര്‍ ആര്‍ച്ച് ബിഷപിന്റെ സ്ഥാനിക ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിലാണ് കുര്‍ബാന അര്‍പ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും എറണാകുളം അങ്കമാലി അതിരൂപത ജനാഭിമുഖ കുര്‍ബാന തുടരുന്ന സാഹചര്യത്തില്‍ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. 


സിനഡ് തീരുമാനത്തിനെതിരായ സര്‍ക്കുലര്‍ കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ വായിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലും ഏകീകരിച്ച കുര്‍ബാന നടന്നു. 

ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്. ഏകീകരിച്ച കുര്‍ബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പ്രതിമഷധവും നടന്നു.  തൃശൂര്‍ രൂപതയില്‍ വൈദികരുടെ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ആര്‍ച്ച് ബിഷ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തീരുമാനം മാറ്റാന്‍ തയ്യാറായില്ല. 140  ഓളം വൈദികര്‍ സിനഡ് തീരുമാനത്തെ എതിര്‍ത്ത് ഇവിടെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട് 

ഫരീദാബാദ് രൂപതയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. തര്‍ക്കത്തിനിടെ ചില പള്ളികളില്‍ കുര്‍ബാന തന്നെ നടന്നില്ല. ചില പള്ളികളില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏകീകരിച്ച കുര്‍ബാന നടത്തി. 

സിറോ മലബാര്‍ സഭയിലെ 35 രൂപതകളില്‍ മാണ്ഡ്യ ഉള്‍പ്പെടെയുള്ള ചില മിഷന്‍ രൂപതകള്‍ ഒഴിച്ചാല്‍ മിക്ക രൂപതകളിലും ഏകീകരിച്ച കുര്‍ബാന നടന്നു. 


ഇന്ന് മുതല്‍ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും നവംബര്‍ 28 മുതല്‍  ഏകീകരിച്ച കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെയാണ് സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍പ്പോയി ഇളവുവാങ്ങിയത്. തുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പഴയ രീതി തുടരണമെന്നും സര്‍ക്കുലര്‍ ഇറക്കി. തുടര്‍ന്ന് പള്ളികളില്‍ പുതുക്കിയ കുര്‍ബാന ഏകീകരണ രീതി നടപ്പാക്കാതെ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. 


സഭക്ക് പുതിയൊരു യുഗം പിറക്കുകയാണ്. പൂര്‍ണമായ ഐക്യത്തിന്റേയും സമാധാനത്തിന്റേയും യുഗമാണതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഏകീകരണ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.  ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്..

അേതസമയം, കുര്‍ബാന പുസ്തകത്തിലെ ചില മാറ്റങ്ങളില്‍ ഒരു രൂപതയും തര്‍ക്കം ഉന്നയിട്ടില്ല.


എന്താണ് കുര്‍ബാനവിവാദം?

  മൂന്നുതരം കുര്‍ബാനരീതികളാണ് സിറോ മലബാര്‍ സഭയിലുള്ളത്. 

1. ജനാഭിമുഖ കുര്‍ബാന: വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ ഈ രീതിയായിരുന്നു പാലിച്ച് പോന്നിരുന്നത്. 

2. അള്‍ത്താരാഭിമുഖ കുര്‍ബാന: വൈദികന്‍ മുഴുവന്‍സമയവും അള്‍ത്താരാഭിമുഖമായാണു നില്‍ക്കുക. ചങ്ങനാശ്ശേരി അതിരൂപതയില്‍ സ്വീകരിച്ചിരിക്കുന്ന രീതി.

3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോര്‍മുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.


1999-ലെ സിനഡാണ് ഏകീകരണ ഫോര്‍മുലയായ 50:50 നിര്‍ദേശിച്ചത്. വിവിധ രൂപതകള്‍ ഇതില്‍ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടര്‍ന്നു. അടുത്തിടെ ചേര്‍ന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുര്‍ബാന തുടരുന്ന സ്ഥലങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായത്..

എറണാകുളവും ഇരിങ്ങാലക്കുടയും ജനാഭിമുഖം തുടര്‍ന്നതെങ്ങനെ? 

ഭരണപരവും അജപാലനപരവുമായ പൊതുവിഷയത്തില്‍ ഒരു രൂപതയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ആ വിഷയത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ കാനോന്‍ നിയമത്തിലെ 1538 വകുപ്പ് ആ രൂപത അധ്യക്ഷന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ അധികാരം പരിമിതപ്പെടുത്തി എന്നാണ് കഴിഞ്ഞ സിനഡ് ഏകീകരിച്ച കുര്‍ബാന കൊണ്ടുവന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാനോന്‍ നിയമം പരിമിതപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും അത്തരമൊരു നിര്‍ദേശം പൗരസ്ത്യ കാര്യാലയത്തില്‍ നിന്നും നലകിയിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കുകയും രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍ ആന്റണി കരിയിലിന് അധികാരം നല്‍കുകയും ചെയ്യുകയായിരുന്നു. ഇതേ അധികാരം ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപത ബിഷപുമാരും ജനാഭിമുഖ കര്‍ുബാന തുടരാന്‍ അനുവാദം നല്‍കിയത്. 

എറണാകുളത്തെ സംബന്ധിച്ച് ജനാഭിമുഖ കുര്‍ബാന ഏറെ വൈകാരികമാണ്. രൂപതയുടെ ശില്പി എന്നറിയപ്പെടുന്ന കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ ആണ് ജനാഭിമുഖ കുര്‍ബാനയുടെ വക്താവ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ശില്പി കൂടിയായ ഇദ്ദേഹമാണ് 'ഓരോ രാജ്യത്തേയും സഭ അതാത് രാജ്യത്തെ പാരമ്പര്യയും സംസ്‌കാരവും കൂടി ഉള്‍ക്കൊള്ളണമെന്ന' ആശയം മുന്നോട്ടുവച്ചത്. ഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയരായ നാം ഭാരതത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണമെന്ന നിലപാടിലാണ് അദ്ദേഹം സഭയെ നയിച്ചിരുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് മേരീസ് ബസിലിക്കയാണ് അതിരൂപതയുടെയും മേജര്‍ ആര്‍ച്ച് ബിഷപിന്റെയും സ്ഥാനിക ദേവാലയം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക