ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

Published on 29 November, 2021
ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)


അമേരിക്കയിലെ മലയാളി കുടിയേറ്റ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ ആഖ്യായിക - ഒരു ആസ്വാദനംവിവാദവിഷയങ്ങള്‍ പലപ്പോഴും നമുക്ക് കരുത്തേകാറാണ് പതിവ്. എവിടെയിരുന്ന് ഏതു സാഹചര്യത്തില്‍ എഴുതിയാലും മലയാള സാഹിത്യം 'ഒന്നേയുള്ളൂ'(?) ഒരു സുപ്രഭാതത്തില്‍ ആരോ തുടങ്ങിവെച്ച വിഷയം! ശരിയാണ് ലോകസാഹിത്യം തന്നെ ഒന്നല്ലേ? പക്ഷേ വിവിധ ദേശങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ ഉണ്ടായ കൃതികള്‍ പഠനത്തിനുവേണ്ടി പ്രസ്ഥാനങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇനീം പ്രത്യേക പ്രശ്‌നങ്ങള്‍ക്ക് മറുപടിയായി സൃഷ്ടിക്കപ്പെട്ടവ വേറെയും. സാമ്പത്തിക മാറ്റങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ ജീവിതരീതിയില്‍ പ്രകടമാകുന്ന വ്യതിയാനങ്ങള്‍ എഴുത്തില്‍ വരുന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? ഉദാഹരണത്തിന് അമ്പതുകളിലെ പുരോഗമനസാഹിത്യത്തില്‍ നിന്ന് അറുപതുകളിലെ ആധുനികതയിലേക്കും പിന്നീട് സമൃദ്ധിയുടെ ആഘോഷ എഴുത്തുകളിലേക്കും വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. പക്ഷം പിടിക്കേണ്ട, മാറ്റങ്ങള്‍ നോക്കിയാല്‍ മാത്രം മതി.
    
ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ഉണ്ടായ കുടിയേറ്റം സാങ്കേതികമായി അഭൂതപൂര്‍വ്വമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നില്ല. അവസാനിക്കാത്ത യാത്രകള്‍. എത്രയോ നാളുകളായി മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് മലയോരങ്ങളിലേക്കും ഉത്തരകേരളത്തിലേക്കും അവസരങ്ങള്‍ തേടി പുറപ്പെട്ടിരുന്നവരുടെ ചരിത്രം ഇതിനോടു ചേര്‍ത്ത് വായിക്കുക.
    
അമ്പതു വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് തുടങ്ങിയ കുടിയേറ്റത്തിന്റെ ഒന്നാം ദിവസം മുതല്‍ അതിനൊപ്പം ജീവിച്ചവരില്‍ ചിലരെങ്കിലും ഇന്നും തങ്ങളുടെ രംഗങ്ങളില്‍ സജ്ജീവമാണ്. ഇപ്പോള്‍ നിയമപരമായ പരിമിതികള്‍ ഏറെയാണെങ്കിലും മനുഷ്യന്റെ യാത്രകള്‍ അവസാനിക്കാത്തതാണ്. സമൂഹം ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഗോള ബന്ധങ്ങളും പുതിയ തലങ്ങളില്‍ എത്തിയിരിക്കുന്നു.

ജോൺ  മാത്യു  
    
ഈ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഏതാനും ആഖ്യായികള്‍ നമുക്കുണ്ട്. ആരുടെയും പേരെടുത്ത് പറയാതെ ആദ്യകാല എഴുത്തുകാര്‍ക്കും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ക്കും നന്ദി. ഇതിന്റെ തുടര്‍ച്ചയായി നമുക്കു കിട്ടിയ ഏറ്റവും പുതിയ പുസ്തകമാണ് ഷാജന്‍ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം.' അഞ്ഞൂറോളം പുറങ്ങളുള്ള വലിയൊരു ആഖ്യായിക. വായിച്ചു തീര്‍ക്കാന്‍ നാളുകള്‍ എടുത്തേക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മൂന്നു ദിവസംകൊണ്ട് രസകരമായി ഇതു വായിച്ചു തീര്‍ത്തു.
 
ഒരു വലിയ യാത്രയുടെ തുടക്കം.
    
മദ്ധ്യതിരുവിതാംകൂറിലെ കോട്ടയത്തിനു വടക്ക് മോനിപ്പള്ളിക്ക് അടുത്ത് ഇടക്കോലിയെന്ന ഗ്രാമത്തില്‍ നിന്നും, അദ്ധ്വാനിച്ച് മെച്ചമായ ജീവിതം സ്വപ്നം കണ്ടുകൊണ്ട്, മലയോരങ്ങളിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ ചരിത്രം. അതേ, സ്വന്തം അദ്ധ്വാനംകൊണ്ട് സന്തോഷമായി ജീവിക്കാന്‍ തുടങ്ങിയ മത്തച്ചന്‍. കുടുംബത്തില്‍ ദുരന്തങ്ങള്‍ വന്നു ഭവിച്ചത് പൊടുന്നനെ. മൂത്ത കുട്ടി സണ്ണി ഒരു കൊലക്കുറ്റത്തില്‍ പ്രതിയായി ഒളിവില്‍ പോയി. ആ സംഭവം തന്നെ കുടുംബത്തിന്റെ സമാധാനം കെടുത്തി. മത്തച്ചന്റെ ഭാര്യ ഏലിയാമ്മ അതിനെത്തുടര്‍ന്ന് മരണപ്പെടുന്നു. എങ്കിലും മത്തച്ചന്‍ തന്റെ കുട്ടികള്‍ക്ക് തന്നാല്‍ കഴിയുംവിധം വിദ്യാഭ്യാസം നല്‍കി.
    
മകള്‍ സെലിന്‍ ഹൈസ്‌ക്കൂള്‍ പഠനം കഴിഞ്ഞു. ഇനിയുമെന്ത്? അക്കാലത്തെ വലിയ ചോദ്യം! തുടര്‍ന്ന് ഒരു അച്ചന്റെ കാരുണ്യത്താല്‍ മദ്രാസിലെ ഒരു നേഴ്‌സിംഗ് സ്‌കൂളില്‍ അവള്‍ക്ക് പ്രവേശനം തരപ്പെടുത്തി.
    
സെലിന്റെ ആ ആദ്യയാത്ര ഐതിഹാസികം തന്നെ. തകരപ്പെട്ടിയും തൂക്കി ബസ് കാത്തു നില്ക്കുന്നത്, കോട്ടയത്ത് ചെന്നപ്പോള്‍ തുല്യ ദുഃഖിതരായ മറ്റ് മൂന്ന് പെണ്‍കുട്ടികളും സെലിന് ഒപ്പം കൂടുന്നതും.
    
അന്ന് അവര്‍ അറിഞ്ഞിരുന്നോ എന്തോ വരാന്‍ പോകുന്ന ഒരു മഹത്തായ പരിവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളികളാണ് തങ്ങളെന്ന്.
    
തകരപ്പെട്ടിയും തൂക്കി, വിദൂരതയിലേക്ക് കണ്ണുംനട്ട് പ്രതീക്ഷയോടെ നില്ക്കുന്ന അന്നത്തെ പെണ്‍കുട്ടികളുടെ പ്രതിമകളല്ലേ നമ്മുടെ റെയില്‍വേ സ്റ്റേഷനുകളുടേയും വിമാനത്താവളങ്ങളുടെയും പടിവാതിലുകളെ അലങ്കരിക്കേണ്ടുന്നത്!
    
ഇനിയും അങ്ങോട്ട് സെലിനും സേതുലക്ഷ്മിയും അച്ചാമ്മയും റോസിയും. ആദ്യം റോസിയും പിന്നീട് അച്ചാമ്മയും വിവിധ സന്ദര്‍ഭങ്ങളില്‍ കൂട്ടം പിരിയുന്നെങ്കിലും ആ നിഴലുകള്‍ ഒപ്പം കൂടുന്നതുപോലെ. മദ്രാസില്‍ നിന്ന് പോണ്ടിച്ചേരിയിലേക്കും, അവിടെ നിന്നും ബാംഗ്ലൂരിലേക്കും പഠനത്തിനും പിന്നീട് ഉദ്യോഗത്തിനും സെലിനും സേതുലക്ഷ്മിയും പിരിയാത്ത സുഹൃത്തുക്കളായി മാറി താമസിച്ചു.
    
ഇതിനിടെ പലതും സംഭവിച്ചു. അമേരിക്കയിലേക്കുള്ള കുടിയേറ്റ അവസരം അവര്‍ മുതലെടുത്തു. സെലിന്‍ ജേക്കബ് മാത്യുവിനെയും സേതു വേണുക്കുട്ടന്‍ നായരെയും വിവാഹം കഴിച്ചു. ഇരുവരും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും. തുടര്‍ന്നു അവരുടെ പ്രവര്‍ത്തനരംഗം അമേരിക്കയിലെ ചിക്കാഗോ നഗരത്തിലും.
    
ഈ ചെറുലേഖനത്തില്‍ കഥ ആവര്‍ത്തിക്കുകയല്ല. കുടിയേറ്റ സമൂഹം ജീവിതം മുന്നോട്ടു നയിക്കുന്നതിന്റെ, പിടിച്ചു കയറുന്നതിന്റെ, പടികളിലൂടെ ഈ ആഖ്യായിക നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മഞ്ഞുവീണ തെരുവുകള്‍, ശീതകാലത്തിനുശേഷം വരുന്ന വസന്തത്തിന്റെ സൗരഭ്യം, അപ്പാര്‍ട്ടുമെന്റ് ജീവിതം, ആദ്യത്തെ കാറും പിന്നെ വീടും വാങ്ങാനുള്ള തത്രപ്പാടുകളും മത്സരങ്ങളും!  കഠിനാദ്ധ്വാനം ചെയ്ത് എത്ര പണം നേടിയാലും പിന്നെയും ആവശ്യങ്ങള്‍ തീരുന്നില്ല. ഒന്നും ഒന്നിനും തികയുന്നില്ല. അതിനൊരു പരിഹാരവുമായി ഒരു 'ബാങ്കവറാന്‍' എന്നും സമൂഹത്തിലുണ്ട്. 'ചിട്ടി'യെന്ന പ്രസ്ഥാനം നമ്മുടെ സമൂഹത്തെ സഹായിച്ച കഥ ഇവിടെ ഓര്‍ക്കുകയാണ്.
    
നമ്മുടെ ആഗ്രഹങ്ങളും മോഹങ്ങളും ധനത്തോടു ബന്ധപ്പെട്ടു തന്നെ. പ്രത്യേകിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ അവര്‍ക്ക് അതിനോടുള്ള പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. ഇവിടെ സാബു എന്നൊരു കഥാപാത്രമുണ്ട്. സെലിന്റെ സഹോദരീ ഭര്‍ത്താവ്. നാട്ടില്‍ പ്രഭു കുമാരനായി വളര്‍ന്നവന്‍. ധനമോഹം മൂത്തതുകൊണ്ട് നേഴ്‌സിനെ കെട്ടി അമേരിക്കയില്‍ വന്നു, പക്ഷേ, അയാള്‍ സ്വയം കരുതുന്നത് ഏതോ നരകത്തില്‍ ചെന്നുപെട്ടതുപോലെയാണ്. എന്തിനാണ് എല്ലുമുറിയെ പണിയെടുക്കുന്നത്? കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവര്‍ കൃത്യമായി തങ്ങളുടെ സമ്പാദ്യം അയാളുടെ പക്കല്‍ ഏല്‍പ്പിക്കുന്നു. 'പച്ച നോട്ടുകള്‍'! പകരം കൊടുക്കാന്‍ അപ്പന്‍ സമ്പാദിച്ച രൂപ നാട്ടിലുണ്ട്, വേണ്ടിവന്നാല്‍ ബാങ്ക് റേറ്റില്‍ ഏറെ കൊടുക്കാനും. നാട്ടില്‍ പോകുന്നവര്‍ക്കും വീടു പണിയിക്കുന്നവര്‍ക്കും ആരും അറിയാതെ കുഴല്‍പ്പണം, അല്ലെങ്കില്‍ ഇന്നത്തെ ശൈലിയില്‍ 'ക്രിപ്‌റ്റോ കറന്‍സി'!
    
കുടിയേറ്റ സമൂഹത്തിന്റെ വളര്‍ച്ചയുടെ കഥ എത്ര രസകരമായിട്ടാണ് വിവരിക്കുന്നത്. നേരത്തെ കണ്ട് മറന്ന ചില കഥാപാത്രങ്ങള്‍ നാടകീയമായി പ്രത്യക്ഷപ്പെടുന്നു. കണ്ടക്ടര്‍ കുര്യാപ്പി, മദ്രാസിലെ വറുഗീസ് ചില ഊദാഹരണങ്ങള്‍..
    
മലയാളത്തിന്റെ തനതു പഴമൊഴികള്‍ സന്ദര്‍ഭംപോലെ ഉപയോഗിച്ചിരിക്കുന്നു. ''ഒന്നുള്ളതിനെ ഉലക്കകൊണ്ട് അടിക്കണം, ചട്ടീം കലോം പോലെ തട്ടീം മുട്ടീം, മക്കളേം മാമ്പൂവും കണ്ട് മദിക്കരുത്'' എന്നിങ്ങനെ. അവസാനം ''ഉണ്ടേച്ച് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്ന്'' കേട്ടപ്പോള്‍ ചിരിടയക്കാന്‍ കഴിഞ്ഞില്ല...
    
തങ്ങളുടെ പ്രതീക്ഷപോലെ കുടിയേറ്റക്കാര്‍ പലതും നേടിയിരിക്കാം. വേണ്ടതിലധികം ധനം, വലിയ വീടുകള്‍, കാറുകള്‍ തുടങ്ങിയവ. പക്ഷേ, പലരുടേയും ജീവിതത്തില്‍ ദുരന്തങ്ങളുടെ കാര്‍മേഘങ്ങള്‍ വന്നു ഭവിക്കുന്നു. അതിലേക്കും ഈ ആഖ്യായിക വിരല്‍ ചൂണ്ടുന്നു.
    
നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നതുപോലെയാണ് ഈ ''പകര്‍ന്നാട്ടം.'' കാലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. പാരമ്പര്യങ്ങള്‍ നിലനിര്‍ത്തണോ, എത്ര ശ്രമിച്ചാലും അത് കഴിയുമോ? അതൊരു വ്യാമോഹം മാത്രം, അല്ലേ? വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍, തിളച്ചുകൊണ്ടിരിക്കുന്ന മൂശയില്‍, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഉരുകിച്ചേരുന്നതാണ് കരണീയം.. വിജയമോ പരാജയമോ ഇവിടെ വിഷയമല്ല, അതെല്ലാം ജീവിതത്തില്‍ വന്നുഭവിക്കുന്നതാണ്.
    നമ്മേക്കാള്‍ എത്രയോ നേരത്തെ കരീബിയന്‍ ദ്വീപുകളില്‍ കരാര്‍ തൊഴിലാളികളായി വന്ന ഇന്ത്യാക്കാരുടെ ചരിത്രം ഇവിടെ എടുത്തു പറയട്ടെ. അവരില്‍ നിന്ന് വിശ്വസാഹിത്യ ലോകത്തിനു കിട്ടിയ സംഭാവനയാണ് വി.എസ്. നയ്പാല്‍. കാലാകാലങ്ങളില്‍ നമ്മുടെ സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.
    
കുടിയേറ്റ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച നമ്മുടെ ആഖ്യായികള്‍ ചേര്‍ത്തുവെച്ച് വായിക്കുക. അതിനുശേഷം ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഇവിടെ സാഹിത്യസംരംഭങ്ങളില്ലെന്ന്, എഴുത്തില്ലെന്ന്, സാമൂഹിക അപഗ്രഥനങ്ങള്‍ ഇല്ലെന്ന്.
    
നമ്മുടെ സ്‌കൂളുകളില്‍, കോളേജുകളില്‍, കലാശാലകളില്‍ കൂടാതെ, മറ്റ് ആഗോളതലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'മനുഷ്യന്റെ യാത്ര' ഏറെ പ്രാധാന്യം കൊടുത്ത പഠന വിഷയം ആക്കണം. ഈ ദിശയിലേക്കുള്ള പ്രയാണത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ''പകര്‍ന്നാട്ടം'' എന്ന ഈ നോവല്‍. സമൂഹത്തിലെ മാറ്റങ്ങള്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന ഈ കൃതി നമുക്കൊരു മുതല്‍ക്കൂട്ടാണ്. പകര്‍ന്നാട്ടവും മറ്റ് കുടിയേറ്റ പശ്ചാത്തലത്തിലുള്ള ആഖ്യായികളും വായനക്കാരുടെ ശ്രദ്ധയില്‍ പെടട്ടെ. ഇവിടെയുള്ള എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ശ്രീ. ഷാജന്‍ ആനിത്തോട്ടത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയാണ്.     

പൊന്നൂസ് കോഴികുന്നേൽ 2021-11-29 18:08:28
ഈ പകർന്നാട്ടം നോവലിനെപ്പറ്റി എഴുതിയത് ഏത് ജോൺ മാത്യു?. എനിക്ക് ഒത്തിരി ജോൺ മാത്യുവിനെ അറിയാം. ജോൺ മാത്യു ഒരു പടം കൊടുത്തിരുന്നെങ്കിൽ ഏതു ജോൺ മാത്യുവാണ് എന്നറിയാമായിരുന്നു. പക്ഷേ ഒരു പടം കാണുന്നുണ്ട്. അത് ജോൺ മാത്യു ആണോ അതോ ഷാജൻ ആനിത്തോട്ടം ആണോ? ഒരു പിടിയും കിട്ടുന്നില്ല. ആകെ കൺഫ്യൂഷനായി. പിന്നെ ആസ്വാദനം വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. പകർന്നാട്ടം എന്നാ കഥയാ? ഇതിലെ ആസ്വാദനം വായിച്ചിട്ടും സംഗതി ഒന്നും പിടികിട്ടിയില്ല. പകർന്നാട്ടം. അതായത് എന്തോ പകർന്നു വെച്ചിട്ട് അതിൽ കിടന്നോ അതിൻറെ മുമ്പി കിടന്നോ നടന്നോ ആട്ടം, നിർത്തം ചെയ്യുന്നതാണോ ഇതിവൃത്തം. ഒന്നു തെളിച്ചു പറയൂ ആസ്വാദകനെ? ഒരു അവലോഹനം നിരൂപണവും കൂടെ ആകാമായിരുന്നു. ന്നു. കള്ളു പകർന്നാടുന്ന താണോ വിഷയം?
American Mollakka 2021-11-29 23:37:36
എബടെ കിത്താബിന്റെ ഫോട്ടോ? എഴുത്തുകാരിൽ ഞമ്മക്ക് പരിശയവും ബഹുമാനവുമുള്ള ഒരേ ഒരു ജോൺ മാത്യു ഹൂസ്റ്റണിലാണ്.അങ്ങേരു മറഞ്ഞിരിക്കുന്ന മനുസനല്ല. പടവും പേരും കൊടുക്കും. ഇ മലയാളി ശ്രദ്ധിക്കണം. എയ്തുകാരുടെ ബിശ്വസനീയമായ ഐഡന്റിഫിക്കേഷൻ ഇല്ലെങ്കിൽ ഒന്നും പ്രസിദ്ധീകരിക്കരുത്. പൊന്നൂസ് കോഴികുന്നേൽ ഇതൊക്കെ കണ്ടുപിടിച്ചതുകൊണ്ട് ഞമ്മളും ശ്രദ്ധിച്ചു.
SABU MATHEW 2021-12-01 20:29:25
ഈ ആഖ്യായിക എന്നു പറഞ്ഞാൽ എന്താണ് ? ലേഖനം മുഴുവൻ വായിച്ചിട്ടും ഒരു പിടുത്തവും കിട്ടിയില്ല. നോവലാണോ ? കഥയാണോ ? ലേഖനം വല്ലതുമാണോ ? "ഷാജൻറെ ആഖ്യായിക" എന്നൊക്കെ പറഞ്ഞപ്പോൾ ആദ്യം തെറ്റിദ്ധരിച്ചു പോയി !! പിന്നെ മനസിലായി അതൊരു പുസ്തകമാണെന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക