നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

മൃദുല രാമചന്ദ്രന്‍ Published on 29 November, 2021
നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)
'ഡൂഡ്‌ലിങ്' ( Doodling) എന്നു വച്ചാല്‍ നമ്മള്‍ അത്ര ശ്രദ്ധയില്ലാതെ, ഏതാണ്ട് അലക്ഷ്യമായി നടത്തുന്ന കുത്തിവരകള്‍ ആണ്.ഉദാഹരണത്തിന്, ഏതെങ്കിലും ക്ലാസോ, ലക്ച്ചറോ ഒക്കെ കേട്ടു കൊണ്ടിരിക്കുമ്പോള്‍ മുന്നിലിരിക്കുന്ന കടലാസില്‍ എന്തെങ്കിലും കോറി വരയ്ക്കുന്നത്, ഫോണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കയ്യില്‍ കിട്ടിയ പുസ്തകത്തില്‍, ദിനപത്രത്തില്‍ കുത്തി കോറുന്നത്, ആരോടെങ്കിലും വര്‍ത്തമാനം പറയുന്നതിന് ഇടയ്ക്ക് വെറുതെ വരച്ചു കൊണ്ടിരിക്കുന്നത് ഇതൊക്കെ ഡൂഡ്‌ലിംഗ് ആണ്.ഈ അശ്രദ്ധ കുത്തിക്കോറലുകളെ മനശാസ്ത്ര വിദഗ്ദ്ധര്‍ ആഴത്തില്‍ ഉള്ള പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.ഒരാളുടെ വ്യക്തിത്വത്തെയും, മാനസിക നിലയെയും ഒക്കെ ഈ അലസവരകള്‍ കാര്യമായി  വെളിപ്പെടുത്തുന്നു എന്നാണ് പറയുന്നത്.രണ്ട് ഡൂഡിലുകള്‍ ഒരിക്കലും ഒരേ പോലെ ആവില്ല.പക്ഷെ ഒരാളുടെ ഇത്തരം വരകള്‍  ഒരേ മാതൃകയും, ഘടനയും പിന്തുടരുന്നു എന്നും, അത് ആ വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് ഉറക്കെ വിളിച്ചു പറയുന്നു എന്നുമാണ് മനശാസ്ത്രം പറയുന്നത്.

ആത്മ വിശ്വാസമുള്ള, ജീവിതത്തില്‍ വിജയം വരിച്ച മനുഷ്യര്‍ കുഞ്ഞു മനുഷ്യരൂപങ്ങള്‍ ആണെത്രെ കോറി വരക്കുക.പൂക്കളെ കുത്തി വരയ്ക്കുന്നത് അധികവും, എന്ത് കൊണ്ടൊ പെണ്ണുങ്ങള്‍ ആണെന്ന്...കാര്യപ്രാപ്തിയും, സൂക്ഷ്മബുദ്ധിയും ഉള്ളവര്‍ ജ്യാമിതീയ രൂപങ്ങള്‍ ആണ് വരയ്ക്കുകയെങ്കില്‍, ശുഭാപ്തി വിശ്വാസമുള്ളവര്‍ മുകളിലേക്ക് കൂര്‍ത്തു നില്‍ക്കുന്ന തുമ്പ് ഉള്ള അമ്പ് വരയ്ക്കും.സ്വന്തം പേരും, ഒപ്പും ഒക്കെ സ്ഥിരമായി വരയ്ക്കുന്നവര്‍ തീരെ മോശമല്ലാത്ത സ്വാര്‍ഥന്മാര്‍ ആകും.കുഞ്ഞു നക്ഷത്രങ്ങള്‍ ആഗ്രഹത്തെയും, പ്രചോദനത്തെയും സൂചിപ്പിക്കുമ്പോള്‍,ചിലന്തിവല വരകള്‍ കുടുങ്ങിക്കിടക്കലുകളെയാണ് ധ്വനിപ്പിക്കുന്നത്.പറയാന്‍ അങ്ങനെ ഇനിയും കുറെ ഉണ്ട്.ചുരുക്കിപ്പറഞ്ഞാല്‍, വെറുതെ കുത്തിവരച്ചു കളഞ്ഞ കടലാസ് എടുത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ , അത് നമ്മളെ പറ്റി നമ്മളോട് എന്തൊക്കെയോ ചിലത് പറയും.

അലക്സാണ്ടര്‍ പുഷ്‌കിന്‍, ജോണ്‍ കീറ്റ്‌സ്, ഡാവിഞ്ചി, രബീന്ദ്രനാഥ ടാഗോര്‍,സാമുവല്‍ ബെക്കറ്റ് ഇവരൊക്കെ ഏറെ ആഘോഷിക്കപ്പെട്ട, പ്രശസ്തരായ കുത്തിവരക്കാര്‍ ആണ്.

കടലാസും, മഷിയും വംശനാശഭീഷണി നേരിടുന്ന കാലത്ത് നമ്മുടെ സന്തത സഹചാരികള്‍ ആയ സ്മാര്‍ട്ട് ഫോണുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാല്‍ ഡൂഡ്‌ലിങ്ങിന്റെ മറ്റൊരു വകഭേദo കാണാം.അലസമായി തിരഞ്ഞ യു ട്യൂബ് വീഡിയോകള്‍, അശ്രദ്ധയോടെ അയച്ച വാട്ട്‌സ്ആപ്പ് ഇമോജികള്‍,  ആവര്‍ത്തിക്കുന്ന ചില ചുരുക്കെഴുത്തുകള്‍..OMG, Lol, ASAP.....ഇതൊക്കെയും നമ്മളെ പറ്റി ചിലത് പറയുന്നു.

ഡൂഡില്‍ മാത്രമല്ല, പലപ്പോഴും ആശ്രദ്ധമായോ, അലസമായോ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെപ്പറ്റി ഒരു കുന്നോളം കാര്യങ്ങള്‍ പറയും.ആരും കാണില്ല, ശ്രദ്ധിക്കില്ല എന്ന ധൈര്യത്തോടും, വിശ്വാസത്തോടും കൂടി നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ആണ് യഥാര്‍ത്ഥ നമ്മള്‍ ഉള്ളത്.'മറ്റാരും നിങ്ങളെ ശ്രദ്ധിക്കില്ല എന്നും, വിലയിരുത്തില്ല എന്നും ഉറപ്പ് ഉള്ളപ്പോള്‍ നമ്മള്‍ ചെയ്യുന്നത് എന്തോ അതാണ് നമ്മുടെ യഥാര്‍ത്ഥ സ്വഭാവം' എന്ന ഒരു ചൊല്ലുണ്ടല്ലോ.

മറ്റുള്ളവര്‍ കാണുമെന്ന ഉറപ്പോടെ, അവരെ കാണിക്കാന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ എഴുപത്തി അഞ്ചു ശതമാനം നല്ല ഭംഗിയുള്ള അഭിനയമാണ്.അതില്‍ തനിമയുള്ള നമ്മള്‍ ഇത്തിരിയെ ഉള്ളൂ.നല്ല പോലെ ചെത്തി മിനുക്കി, ചിന്തേരിട്ടു ഏപ്പും,മുഴപ്പും കളഞ്ഞ വാക്കുകള്‍, സമൂഹ വ്യവസ്ഥകളെ തൃപ്തിപ്പെടുത്തുന്ന, ചലനങ്ങള്‍, ചേഷ്ടകള്‍.കൂട്ടമായി കഴിയുന്ന,ആ കൂട്ടത്തിന്റെ കയ്യടികള്‍ മോഹിക്കുന്ന ഒരു ജീവി പരിശീലിച്ചു സ്വന്തമാക്കിയ വഴക്കമുള്ള ശരീര ഭാഷ, മിഴിയനക്കങ്ങള്‍.ഈ ലോകം ഒരു മഹാനാടക വേദിയാണ് എന്നും, മനുഷ്യര്‍ അതില്‍ വേഷം കെട്ടി ആടിത്തിമര്‍ക്കുകയാണ് എന്നും എഴുതിയ മഹാമനീഷിക്ക് നമോവാകം. അത് വെള്ളം ചേര്‍ക്കാത്ത വാസ്തവം ആണ്.

ആരുമില്ലാത്ത നേരങ്ങളില്‍, തനിയെ ആയിരിക്കുന്ന നമ്മളെ തെല്ലു നേരം ഒന്ന് നോക്കി നിരീക്ഷിക്കൂ...നമുക്ക് ചിരി വരും, കുറച്ചു കഴിഞ്ഞാല്‍ ഒരു വിതുമ്പലും.

ആരും കാണില്ലെന്ന വിശ്വാസത്തോടെ എന്തൊക്കെയാണ് നമ്മുടെ മനസ് കുത്തി വരയ്ക്കുന്നത്...അരങ്ങില്‍ ആടുന്ന ജീവിതത്തില്‍ ഔദത്യത്തോടെ നിഷേധിച്ച ചില നിമിഷങ്ങളെ, നേരങ്ങളെ, സ്‌നേഹങ്ങളെ അണിയറയില്‍ മനസ് പരിലാളിക്കുന്നുണ്ട്. നേര്‍ജീവിതത്തില്‍ ഒരു നൂലിഴ വ്യത്യാസത്തിന്, നിമിഷത്തിന്റെ നൂറില്‍ ഒരംശത്തിന് വഴുതിപ്പോയ ചില ആലിംഗനങ്ങളെ,വിരല്‍ത്തുമ്പുകളെ ,ഉടല്‍ച്ചൂടുകളെ  ആരും അറിയാതെ അനുഭവിക്കുന്നുണ്ട്.ഗര്‍ഭജലം പോലെ ഊഷ്മളമായ ഓര്‍മ്മകളില്‍, അത്ര മേല്‍ ആര്‍ദ്രരായി ചുരുണ്ടു കിടക്കാറുണ്ട്.സ്വരം ഉയര്‍ത്തി വേണ്ടെന്ന് വാശിയോടെ പറഞ്ഞ എന്തിനൊക്കെ വേണ്ടി വേണം, വേണം എന്ന് മനസ് വാശി പിടിക്കുന്നുണ്ട്.എത്ര ലോലമായ കുത്തിക്കോറലുകള്‍ ആണ്, ആത്മാവിന്റെ ഓലച്ചീന്തുകളില്‍ തലങ്ങും, വിലങ്ങും പതിഞ്ഞു കിടക്കുന്നത്.അതെല്ലാം ഒന്ന് അടുക്കി, പെറുക്കി ശ്രദ്ധയോടെ ചേര്‍ത്ത് വച്ചു കൂട്ടിക്കെട്ടി നോക്കിയാല്‍ അതില്‍ ഒരു നമ്മളുണ്ട്...അത് ഒരു പക്ഷെ നമ്മളെ ഏറെ മോഹിപ്പിക്കുന്ന, നമുക്ക് തന്നെ പ്രണയം തോന്നുന്ന നമ്മള്‍ ആകാം..... ചിലപ്പോള്‍ നമ്മളെ പേടിപ്പിക്കുന്ന, നമ്മള്‍ വെറുക്കുന്ന നമ്മളും ആകാം...

ആ കുത്തിവരകളില്‍ ഉയിര്‍ക്കുന്നത് പക്ഷെ സത്യമാണ്... ഉണ്മയാണ്.... ആനന്ദമോ, അഴകോ, ജുഗുപ്‌സയോ, ജാള്യതയോ എന്തായാലും ഏറ്റുവാങ്ങുക....തത്വമസി: അത് നീ തന്നെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക