വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

Published on 30 November, 2021
വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

2021 ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞതും ചർച്ചചെയ്തതുമായ വാക്ക് ഏതാണെന്ന് അറിയാമോ? അതെ, മഹാമാരി ലോകത്തെ ആശങ്കയിൽ ആഴ്ത്തിയപ്പോൾ ആശ്വാസമായെത്തിയ 'വാക്സിനാണ്'  വാക്കുകളിലെ മിന്നും താരമായി ഈ വർഷം മെറിയം -വെബ്സ്റ്റർ  ഡിക്ഷണറി സ്ഥാപനം തിരഞ്ഞെടുത്തിരിക്കുന്നത്. 

വാക്സിൻ -മാൻഡേറ്റ്, വാക്സിൻ -ബൂസ്റ്റർ എന്നിങ്ങനെ   ശാസ്ത്രലോകത്തും രാഷ്ട്രീയരംഗത്തും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വാക്കാണിതെന്ന് ചൂണ്ടിക്കാട്ടി, എഡിറ്റർ പീറ്റർ സോകോളോസ്കിയാണ് ഇക്കാര്യം തിങ്കളാഴ്‌ച പുറത്തുവിട്ടത്. 'പാൻഡെമിക്' എന്ന പദമായിരുന്നു 2020 ൽ തിരഞ്ഞെടുക്കപ്പെട്ടത്.

2020 -മായി താരതമ്യം ചെയ്യുമ്പോൾ 'വാക്സിനെ'ക്കുറിച്ച് ഇൻറർനെറ്റിൽ പരതിയവരുടെ എണ്ണത്തിൽ  601 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2020 ഡിസംബറിലാണ് യു എസിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.

എന്നാൽ, വാക്സിൻ എന്ന പദം  കോവിഡ്  മഹാമാരിയുടെ സംഭാവനയായി ഒറ്റദിവസം കൊണ്ട് രൂപപ്പെട്ട ഒന്നല്ല.1882 മുതൽ ഈ വാക്ക് പ്രയോഗത്തിലുണ്ട്. പശുവിൽ നിന്നെടുത്ത ഒരു ദ്രാവകമായിരുന്നു അക്കാലഘട്ടത്തിൽ  പ്രതിരോധ കുത്തിവയ്പ്പായി നൽകിയിരുന്നത്. അതുകൊണ്ടുതന്നെ 'പശുവിൽ നിന്നെടുത്തത് ' എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ 'വാക്സിന'യിൽ നിന്നാണ് പ്രതിരോധ മരുന്നിന് വാക്സിൻ എന്ന പേര് ലഭിച്ചത്.

സംസ്കൃതത്തിലെ 'വാസ' എന്ന പദത്തോടുള്ള സാമ്യവും ഈ നാമധേയത്തിൽ കാരണമായി കണക്കാക്കുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക