ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

Published on 30 November, 2021
ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി
ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി. രണ്ടെണ്ണം വെടിയേറ്റ്.  വീട്ടില്‍  കിടന്നുറങ്ങിയാല്‍ പോലും ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥ എത്ര ഭീകരമാണ്?
 
അമേരിക്കയില്‍ മലയാളികള്‍ ചെറിയൊരു സമൂഹമാണ്. അവരില്‍ നിന്നാണ് മൂന്ന് പേര്‍  കിരാതരുടെ വെടിയുണ്ടക്ക് ഇരയായത്. അതിനിന്ദ്യമായ ഈ ആക്രമണങ്ങള്‍ മറ്റൊരു ക്രമസമാധാന പ്രശ്‌നമായി അധികൃതര്‍ എഴുതിത്തള്ളുമെന്നുറപ്പ്. അതിനെതിരെ പ്രതിഷേധിക്കാനുള്ള കെല്‍പ്പ് നമ്മുടെ സമൂഹത്തിനില്ല താനും.
 
കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ 15ന്  ജോലി ചെയ്തിരുന്ന 7-11 സ്റ്റോറില്‍ ആക്രമണത്തിന് വിധേയനായാണ്  വര്‍ഗീസ് ജോര്‍ജ് (72, ജോസ് മാസിലാക്കല്‍) മരിച്ചത്.  റാന്നി കീക്കോഴൂര്‍ സ്വദേശി.
 
വൈകിട്ട് കടയിലെത്തിയ ഒരു യുവാവ് ബിയര്‍ എടുത്ത് കടന്നു കളഞ്ഞു. ആരും തടസപ്പെടുത്തിയില്ല. രാത്രി 9.30ന് വീണ്ടും വന്ന് ബിയര്‍  എടുത്ത് പോകാന്‍ ശ്രമിക്കുമ്പോള്‍ ജോസുമായി തര്‍ക്കമായി. അകാരണമായി അദ്ദേഹത്തെ മര്‍ദ്ദിച്ചശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. തലക്ക് സാരമായി പ രിക്കേറ്റു വീണ ജോസ് മാസിലാക്കല്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല.
 
അക്രമി പിന്നീട്  അറസ്റ്റിലായി. 22 വയസ്സുള്ള ഹിസ്പാനിക്ക് വംശജനാണ് അറസ്റ്റിലായത്.  
പരിചയമുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗമ്യവ്യക്തിത്വമായിരുന്നു ജോസ് മാസിലാക്കല്‍.  15 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്.  നാട്ടില്‍ പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവും ആയിരുന്നു. ജനതാദള്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോപ്‌റേറ്റീവ് സൊസൈറ്റികള്‍ക്ക് നേതൃത്വം നല്‍കി.
 
ടെക്സാസില്‍ ഡാളസിന്റെ പ്രാന്തപ്രദേശമായ  മസ്‌കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോര്‍ത്ത്  ഗാലോവേ അവന്യുവില്‍  ഡോളര്‍ സ്റ്റോര്‍ നടത്തിയിരുന്ന  സാജന്‍ മാത്യൂസ് (സജി 56) കൊല്ലപ്പെട്ടത് ഒരു മാസം കഴിഞ്ഞ്  നവംബര്‍ 17-നാണ്.   വെടിവച്ച  15 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.  കക്ഷിയുടെ ഫോട്ടോയോ പേരോ പുറത്തു വിട്ടിട്ടില്ല. കാരണം ബാലനാണെന്നത്.
 
കൊലക്കേസ് ചാര്‍ജ് ചെയ്തു. 15 കാരനാകുമ്പോള്‍ ജുവനൈല്‍ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നും വ്യക്തമല്ല.  ഉച്ചക്ക് 2 മണിയോടെ ട് സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോള്‍ കാറിലേക്ക് മടങ്ങി. അക്രമി പോയോ എന്ന് കടയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അക്രമി തിരിച്ചു വന്നു   വെടിവെയ്ക്കുകയായിരുന്നു. പെട്ടെന്ന് പോലീസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി  സ്വദേശിയാണ്.
 
ഈ കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് അലബാമയിലെ മോണ്ട്‌ഗോമറിയില്‍ മറിയം സൂസന്‍ മാത്യവിന്റേത്.
 
വീട്ടില്‍ ഉറങ്ങുകയായിരുന്നു മറിയം സൂസന്‍ മാത്യു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിംഗ് തുളച്ച്   ശരീരത്തില്‍ പതിക്കുകയായിരുന്നു എന്ന് കരുതുന്നു.
 
നാലു മാസമേ ആയുള്ളൂ ഗള്‍ഫില്‍ നിന്ന് കുടുംബം  ഇവിടെ എത്തിയിട്ട്.
 
മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു  പാസായ ശേഷമാണ് ഇവിടെ എത്തിയത് 
 
വെടിയേറ്റത് രാത്രി ഏകദേശം രണ്ട് മണിയോടെയെന്നു കരുതുന്നു. എന്തോ ഒരു ശബ്ദം കേട്ട് മാതാപിതാക്കള്‍  പുത്രന്മാരുടെ മുറിയില്‍ പോയി നോക്കി. ഒന്നും കണ്ടില്ല.
 
പുത്രിയുടെ മുറിയില്‍ നിന്നാണ് ശബ്ദമെന്ന ധാരണയില്ലാത്തതിനാല്‍ അവിടെ നോക്കിയില്ലെന്നും കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. രാവിലെ പുത്രി എഴുന്നേറ്റു വരാതായപ്പോള്‍ ചെന്നു നോക്കി. സമീപത്തുള്ള ഒരു നഴ്‌സ് വന്നു സി.പി.ആര്‍. നല്‍കി. തിരിച്ചു കിടത്തുമ്പോഴാണ് രക്തം കണ്ടതും വെടിയേറ്റതാണെന്നും വ്യക്തമായത്.
 
ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള അക്രമത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഫോമാ ട്രഷറാര്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു
 
ഏഷ്യന്‍   വംശജര്‍ക്കു,   പ്രത്യേകിച്ചു  മലയാളികള്‍ ഉള്‍പ്പെടെയുള്ള   ഇന്ത്യന്‍ വംശജര്‍ക്കു  നേരെയുള്ള    അക്രമങ്ങള്‍  അടുത്ത കാലത്തായി  വര്‍ധിച്ചു വരുന്നു.  ന്യു ജേഴ്സിയില്‍, കാസിനോയില്‍ നിന്ന്  പോയ ഇന്ത്യന്‍ വംശജനെ  പിന്‍തുടര്‍ന്നു സ്വന്തം ഭവനത്തില്‍  അപായപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലില്‍   നിന്നും ഇന്ത്യന്‍ സമൂഹം ഇനിയും മോചിതരായിട്ടില്ല.  
 
സമീപകാലത്തായി    ഏഷ്യകാരനായ വൃദ്ധനെ പട്ടാപ്പകല്‍  പൊതുനിരത്തില്‍ വച്ച്  മര്ദിച്ചവശനാക്കുന്ന ഭീതിജനകമായ വീഡിയോ   മാധ്യമങ്ങളിലൂടെ  നാം കണ്ടു.
 
തുടര്‍ച്ചയായുള്ള ഈ അക്രമങ്ങള്‍ക്കും കൊല പാതകങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.  
 
ഇന്ത്യന്‍അമേരിക്കന്‍ സമൂഹം നടത്തുന്ന  ബിസിനസ്സുകള്‍ക്കു വേണ്ട സുരക്ഷിതത്വം  ഉറപ്പാക്കണം-തോമസ് ടി. ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു
 
 
JACOB 2021-11-30 19:42:42
Very sad news. I support death penalty for the killers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക