ജോലി നഷ്ടമായി രോഗവും ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് നവയുഗം തുണയായി.

Published on 30 November, 2021
ജോലി നഷ്ടമായി രോഗവും ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക്  നവയുഗം തുണയായി.
അല്‍ഹസ്സ: കോവിഡ് രോഗബാധമൂലമുണ്ടായ പ്രതിസന്ധിയില്‍ ജോലി നഷ്ടമാകുകയും, അസുഖബാധിതനായി മാറുകയും, നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ വരികയും ചെയ്തതോടെ   മാനസികമായും ശാരീരികമായും തകര്‍ന്നിരുന്ന പ്രവാസി മലയാളി   നവയുഗം സാംസ്‌ക്കാരികവേദി  ജീവകാരുണ്യവിഭാഗത്തിന്റെ  സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

 കൊല്ലം കാവല്‍പ്പുഴ സ്വദേശി നിസ്സാമുദ്ദീന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി സൗദി അറേബ്യയിലെ റിയാദില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്‌പോണ്‍സര്‍ ശമ്പളമൊന്നും കൃത്യമായി നല്കുമായിരുന്നില്ല. എങ്കിലും കുടുംബത്തെ ഓര്‍ത്തു അദ്ദേഹം ആ ജോലിയില്‍ പിടിച്ചു നിന്നു.

കോവിഡ് കാലത്ത് നിസ്സാമുദ്ദീനും ആ രോഗം പിടിപെട്ടു ആരോഗ്യം മോശമായി. അതോടെ സ്‌പോണ്‌സര്‍  യാതൊരു കാരുണ്യവും കാട്ടാതെ ജോലിയില്‍ നിന്നും പുറത്താക്കി. അതോടെയാണ്  നിസ്സാമുദ്ദീന്റെ ദുരിതങ്ങള്‍ തുടങ്ങിയത്.

വല്ലപ്പോഴും കിട്ടുന്ന അല്ലറ ചില്ലറ പണി ചെയ്തും, പലരില്‍ നിന്നും കടം വാങ്ങിയും ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു പിന്നീട്. മാസങ്ങളോളം ശമ്പളം ഇല്ലാതെയും വന്നതോടെ മാനസികമായും ശാരീരികമായും തളരുകയും അസുഖ ബാധിതനാകുകയും ചെയ്തു.  ഇക്കാമ പുതുക്കാനോ, എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയില്‍ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു.


വരുമാനം നിലച്ചതോടെ നാട്ടില്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടുതല്‍ കഷ്ടത്തിലായി. നിസാമുദ്ദീന്റെ സൗദിയിലെ അവസ്ഥ വീട്ടുകാര്‍ പറഞ്ഞപ്പോള്‍, അവരുടെ വാര്‍ഡ് കൗണ്‍സിലര്‍ ആയ  മെഹര്‍ നിസ്സ, പൊതുപ്രവര്‍ത്തകനായ മുരുകന്റെ സഹായത്തോടെ, അല്‍ഹസ്സയിലെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തനായ സിയാദ് പള്ളിമുക്കുമായി ബന്ധപ്പെട്ടു സഹായം അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം നിസാമുദ്ദീനുമായി ഫോണില്‍ സംസാരിയ്ക്കുകയും, അല്‍ഹസ്സയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ട് വരികയും ചെയ്തു. നവയുഗം ഷുഖൈയ്ഖ് യൂണീറ്റ് ജോയിന്‍ സെക്രട്ടറി ഷാജി പുള്ളിയുടെ കൂടെ നിസാമുദ്ദീന് താമസ സൗകര്യവും ഒരുക്കി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നിസാമുദ്ദീന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അവര്‍ ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറായില്ല. തുടര്‍ന്ന് സിയാദ് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നിസാമുദ്ദീന് ഔട്ട്പാസ്സ് നേടുകയും, സാമൂഹ്യപ്രവര്‍ത്തകനായ മണിമാര്‍ത്താണ്ഡത്തിന്റെ സഹായത്തോടു കൂടി  ജവാസാത്തുമായി ബന്ധപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് നേടുകയും ചെയ്തു.

നിസാമുദ്ധീന്റെ കൈയ്യില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റിനായി പൈസയില്ലാത്തതിനാല്‍, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷാജി പുള്ളി, നസീര്‍, ബീനീഷ്, സലിം എന്നിവര്‍ ടിക്കറ്റ് എടുത്തു കൊടുത്തു.  

നിയമനടപടികള്‍ പൂര്‍ത്തിയാക്കി തന്നെ സഹായിച്ച നവയുഗം ജിവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് നിസാമുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി.ജോലി നഷ്ടമായി രോഗവും ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക്  നവയുഗം തുണയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക