Image

മാര്‍പാപ്പയുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള സിനഡിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും: അല്മായ മുന്നേറ്റം

Published on 30 November, 2021
മാര്‍പാപ്പയുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള സിനഡിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും: അല്മായ മുന്നേറ്റം


കൊച്ചി:  സീറോ മലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി പോലുള്ള ചില രൂപതകളിലുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് അറുതി വരുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ അല്മായ മുന്നേറ്റം ശക്തമായി ചെറുക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം.  2021 നവംബര്‍ 28 നു തന്നെ സീറോ മലബാര്‍ സഭയിലൂടനീളം കുര്‍ബാന അര്‍പ്പണ രീതിയില്‍ ഏകീകരണം നടക്കണം എന്ന സിനഡിന്റെ ഏകപക്ഷീയമായ അടിച്ചലേപ്പിക്കലിനെതിരെയാണ് കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പൂര്‍ണമായ ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നിടങ്ങളില്‍ വൈദികരും അല്മായരും പരസ്യമായി രംഗത്തുവന്നത്. നവംബര്‍ 28 ന് ജനാഭിമുഖ കുര്‍ബാന അനുവദിച്ച് എറണാകുളത്ത് അന്ന് ഉണ്ടാകുമായിരുന്ന ഗുരുതരമായ പ്രതിസന്ധിയെ ഫ്രാന്‍സിസ് മാര്‍പാപ്പയും പൗരസ്ത്യ കാര്യാലയവും ഒഴിവാക്കിയത് ഇവിടുത്തെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഏറെ ആശ്വാസമായി. ഇപ്പോള്‍ സംജാതമായിരിക്കുന്ന സമാധാനാന്തരീക്ഷത്തെ തകര്‍ക്കാനുള്ള സിനഡിന്റെ ഏതൊരു നീക്കത്തെയും ഞങ്ങള്‍ ശക്തമായി നേരിടും.

 എറണാകുളം- അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ്പ് ആന്റണി കരിയിലാണ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ടു കണ്ട് തന്റെ രൂപതയില്‍ നവംബര്‍ 28 മുതല്‍ ഏകീകരിച്ച കുര്‍ബാന ചൊല്ലിയാല്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്ന് അറിയിച്ചത്. കാനോനിക നിയമത്തിലെ 1538 വകുപ്പു പ്രകാരം ഏതെങ്കിലും പൊതു നിയമം സ്വന്തം രൂപതയില്‍ നടപ്പിലാക്കുമ്പോള്‍ അത് അവിടെ ഗൗരവമായ അജപാലന പ്രതിസന്ധി ഉണ്ടാക്കുമെന്ന് രൂപതാദ്ധ്യക്ഷന് ബോധ്യപ്പെട്ടാല്‍ ആ നിയമത്തില്‍ നിന്ന് അദ്ദേഹത്തിന് തന്റെ രൂപതയ്ക്ക് ഒഴിവ് കൊടുക്കാം. ഈ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ആന്റണി കരിയിലിനോട് ഈ കാര്യം പൗരസ്ത്യ കാര്യാലയത്തില്‍ പറയാന്‍ ആവശ്യപ്പെട്ടത്. പൗരസ്ത്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയെനാര്‍ദോ സാന്ദ്രി ഈ അധികാരം ഉപയോഗിക്കാന്‍ മാര്‍ കരിയിലിനെ രേഖാമൂലം ചുമതലപ്പെടുത്തുകയും ചെയ്തു. 

എന്നിട്ടും മാര്‍ കരിയിയിലിന് വത്തിക്കാന്‍ നല്കിയ രേഖ താന്‍ കണ്ടിട്ടില്ലായെന്നും ഏകികരിച്ച കുര്‍ബാന നവംബര്‍ 28 നു തന്നെ എല്ലായിടത്തും നടത്തുമെന്നും സര്‍ക്കുലര്‍ അയച്ച് കര്‍ദിനാള്‍ ആലഞ്ചേരി സ്വയം അപഹാസ്യനായി. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞത്  മാര്‍ കരിയിലിന് കര്‍ദിനാള്‍ സാന്ദ്രി നല്കിയ രേഖ യദാസമയം മേജര്‍ ആര്‍ച്ചുബിഷപ്പിനു ലഭിച്ചുവെന്നാണ്. എന്നിട്ടും ഇതുവരെ ആ രേഖയെക്കുറിച്ച് തനിക്കറിയില്ലായെന്ന് കാണിച്ച് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുകയോ അതിന് ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
 
മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്രകാരം ഒഴിവ് കൊടുത്തതിന്റെ പിന്നാലെ ഡല്‍ഹിയിലെ ഫരിദാബാദ്, ഇരിങ്ങാലക്കുട രൂപതകളിലും ജനാഭിമുഖ കുര്‍ബാന തന്നെ തുടരാനുള്ള അനുമതി അവിടുത്തെ മെത്രാന്മാര്‍  നല്കി. പക്ഷേ ഇപ്പോള്‍ മാര്‍പാപ്പയേയും പൗരസ്ത്യ കാര്യലായത്തെയും വെല്ലുവിളിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് സീറോ മാലബാര്‍ മീഡിയാ കമ്മീഷന്‍  വെട്ടും തിരുത്തലുമായി നല്കിയിരിക്കുന്നത്. 

'മേജര്‍ ആര്‍ച്ചുബിഷപ്പും പെര്‍മനന്റ് സിനഡും മാര്‍പാപ്പയുടെ തീരുമാനത്തിനെതിരെ പൗരസ്ത്യതിരുസംഘത്തെ സ്വാധിനിച്ച് 2022 ജനുവരിയിലെ സിനഡില്‍ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നറിയുന്നു. അതിന്റെ ഭാഗമാണ് മീഡിയാ കമ്മീഷന്റെ പത്രകുറിപ്പില്‍ നിലവില്‍ ചില രൂപതകളില്‍ നല്കിയ കല്പനകളെക്കുറിച്ച് പൗരസ്ത്യകാര്യാലയം തന്നെ വിശദീകരണം നല്കുമെന്ന് പ്രതീക്ഷിക്കാം' എന്ന് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ രൂപതകളില്‍ കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ച് ഇനിയും കലാപം സൃഷ്ടിച്ചാല്‍ അതിന്റെ പുര്‍ണ ഉത്തരവാദിത്തം മേജര്‍ ആര്‍ച്ചുബിഷപ്പിനും സിനഡിനുമായിരിക്കും. അത്തരം നീക്കങ്ങള്‍ ഞങ്ങളെ വീണ്ടും പ്രത്യക്ഷ സമരങ്ങളിലേയ്ക്ക് തള്ളിയിടുമെന്നതില്‍ തര്‍ക്കമില്ലമെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍ കിയതായി അഡ്വ. ബിനു ജോണ്‍ (ജനറല്‍ കണ്‍വീനര്‍), റിജു കാഞ്ഞൂക്കാരന്‍ (വക്താവ്) എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക