ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

Published on 01 December, 2021
ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)
ഒരു പൂവിനുളളിൽ
അന്ധമായിപ്പോയ ,
ഇരുമിഴികൾ
ആകുന്നു നമ്മൾ.

ചാറ്റൽ മഴയുടെ
വീടിനുള്ളിലിരുന്നു
ഉമ്മയുടെ ജാലകം
തുറക്കുന്നു.

മരിച്ചു പോയൊരു
നാട്ടുപാതയുടെ
നിലാവും തുഴഞ്ഞ്
നീ വരുന്നു.

നിനക്കുമെനിക്കു
മിടയിലെ അപാരത
മൗനത്തിന്റെ തീ പൊള്ളൽ
മാത്രമാകുന്നു.

നിന്റെ മുഖം മുദ്രയിട്ട
ആലിപ്പഴങ്ങൾ
പ്രകാശവേഗങ്ങൾ കടന്ന
കൺ ചിമ്മലിൽ പെയ്യുന്നു.

കയ്പും, മധുരവും,ചവർപ്പും
നഗ്നമാക്കിയആലിംഗന
ത്തിലെ ചൊടിതുമ്പുകൾ
ചന്ദ്രോദയം കണ്ടിരിക്കുന്നു.

ഇമതെറ്റി നീ വരച്ച
നോട്ടങ്ങളെ മുന്തിരി
വള്ളികൾ തളിർത്ത
മൂന്നാം പാഠത്തിലുറക്കുന്നു.

നമ്മുടെ പേരുകൾ
കന്നി പെറ്റ കണ്ണീരിന്റെ
തൊട്ടിലിൽ കൈവിരലുറുഞ്ചി
ഉറങ്ങികിടക്കുന്നു.

ആരോ മൂളിയിട്ടപാട്ടിന്റെ
കടത്തുതോണിയിൽ നാം
നിലാവിന്റെ അഞ്ചാം
ഗീതകം തുറന്നിറങ്ങുന്നു.

എല്ലാ പ്രണയങ്ങളുടെയും
നനഞ്ഞകിടക്കയിൽ
ആത്മഹത്യയുടെ
പൊട്ടക്കിണറുണ്ട്.

ഒന്നിച്ചു കുളിയുടെ
ആയിരത്തൊന്നാം വർഷം
മറുകുകൾ എണ്ണി നാം
കുന്നിക്കുരു മരമായിരിക്കുന്നു

മഹാമാരിയുടെ
അവധിക്കളങ്ങളിൽ
കൂട്ടക്ഷരങ്ങളുടെ
 മയിൽപീലി പെറുന്ന,

നാലുമണിയൊച്ചയിൽ ,
നമ്മൾഒരുമിച്ചു തിന്നുന്ന
കടലമിഠായിയുടെ
ദേവാലയത്തിൽ
ഇനിധ്യാനികളായിരിക്കാം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക