മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

അലന്‍ ചെന്നിത്തല Published on 01 December, 2021
 മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പില്‍  മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഡിട്രോയിറ്റ്: ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കു നേരെ ഇരുപതു തവണയാണ് ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. പതിനാലും പതിനേഴും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളും പതിനാറുകാരനായ ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു അദ്ധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടികളെ നഷ്ടപ്പെട്ട മതാപിതാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മിഷിഗണ്‍ ഗവര്‍ണ്ണര്‍ വിറ്റ്‌മെര്‍ പറഞ്ഞു. അതോടൊപ്പം പരുക്കേറ്റവര്‍ക്ക് അടിയന്തിര സഹായം വേഗത്തില്‍ എത്തിക്കുകയും സംഭവസ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്ത അധികൃതരേയും ഗവര്‍ണ്ണര്‍ വിറ്റ്‌മെര്‍ അഭിനന്ദിച്ചു. അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെടിവെപ്പും അക്രമങ്ങളും കൂടിവരുന്നതിനു കാരണം തോക്കുകളുടെ ലഭ്യതയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകാന്‍ പേടിക്കേണ്ടതില്ലെന്നും ഇപ്രകാരമുള്ള അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ മിഷിഗണ്‍ നിവാസികള്‍ ഒന്നിച്ചു നിന്ന് സംരക്ഷണം നല്‍കണമെന്നും ഗവര്‍ണ്ണര്‍ വിറ്റ്‌മെര്‍ ഓര്‍മ്മിപ്പിച്ചു. ആത്മീയ നേതാക്കളുടെ നേതൃത്വത്തില്‍ വിവിധ ദേവാലയങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക