റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് ; തടവ് പത്ത് വര്‍ഷമായി കുറയ്ക്കും

ജോബിന്‍സ് Published on 01 December, 2021
റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് ; തടവ് പത്ത് വര്‍ഷമായി കുറയ്ക്കും
കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയും മുന്‍ വൈദീകനുമായ റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ്. മുമ്പ് ഇരുപത് വര്‍ഷം തടവായിരുന്നു ശിക്ഷ വിധിച്ചത്. ഇത് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. എന്നാല്‍ ബലാത്സംഗക്കേസും പോക്‌സോ കേസും നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 

നേരത്തെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കും ചേരിയുടെ ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാന്‍ രണ്ടുമാസത്തെ ജാമ്യം റോബിന്‍ വടക്കുംചേരിക്ക് നല്‍കണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിന്‍ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു. 

സര്‍ക്കാര്‍ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു. എന്നാല്‍ ഈ കേസില്‍ ജാമ്യം നല്‍കില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും തള്ളിയിരുന്നു.

2016ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജല്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. 

വിചാരണയ്ക്കിടെ തന്നെ പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു ഉഭയസമ്മത പ്രകാരമാണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക