തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി ; രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍

ജോബിന്‍സ് Published on 01 December, 2021
തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി ; രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍
തൃക്കാക്കര നഗരസഭയില്‍ ഇന്നലെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റിലായി. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഓരോരുത്തരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐയുടെ നേതാവും 
മുന്‍സിപ്പാലിറ്റിയിലെ പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്‌സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി. വിജു എന്നിവരാണ് അറസ്റ്റിലായത്. 

ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കിയ പരാതിയിലാണ്  എം ജെ ഡിക്‌സനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിപിഎം കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ആണ്  കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലത്തെ സംഘര്‍ഷത്തില്‍ ആറ് കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചെയര്‍പേഴ്‌സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളിക്ക് കാരണമായത്. ആ പൂട്ടിന്റെ ചെലവും  പണിക്കൂലിയുമായി  8000 രൂപ കൗണ്‍സില്‍ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്. പൂട്ട് തകര്‍ത്തത് ചെയര്‍പേഴ്‌സണ്‍ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്.

തന്റെ ക്യാബിന്റെ പൂട്ടിന് കേടുപാട് വരുത്തിയത് പ്രതിപക്ഷമാണെന്നും തന്നെ വേട്ടയാടുകയാണെന്നുമാണ് ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ പറയുന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക