പ്രതിഷേധത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ജോബിന്‍സ് Published on 01 December, 2021
പ്രതിഷേധത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷക പ്രക്ഷേഭത്തിനിടെ 750 കര്‍ഷകര്‍ മരിച്ചതായാണ് കര്‍ഷക നേതാക്കളും പ്രതിപക്ഷവും പറയുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ കര്‍ഷകര്‍ പ്രക്ഷോഭതതിനിടെ മരിച്ചു എന്നതിന് യാതൊരു രേഖകളും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെങ്കില്‍ ഇതിന് വേണ്ടുന്ന രേഖകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു തോമര്‍. ''കൃഷി മന്ത്രാലയത്തിന്റെ പക്കല്‍ ഇക്കാര്യത്തില്‍ ഒരു രേഖയുമില്ല, അതിനാല്‍ ധനസഹായം എന്ന ചോദ്യം ഉയരുന്നില്ല.'' നരേന്ദ്ര തോമര്‍ ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം വിവാദമായ നിയമങ്ങള്‍ തിങ്കളാഴ്ച പാര്‌ലമെന്റ് അസാധുവാക്കിയിരുന്നു. രാജ്യം അടുത്തിടെ കണ്ട ഏറ്റവും വേഗമേറിയ അസാധുവാക്കലുകളില്‍ ഒന്നായിരുന്നു ഇത്. നിയമങ്ങള്‍ അസാധുവാക്കിയെങ്കിലും  തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കുക എന്ന ആവശ്യം കൂടി അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ നിലപാട്. ഈ ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പു ലഭിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇപ്പോള്‍ കര്‍ഷക സംഘടനകള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക