ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍) Published on 01 December, 2021
ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)
വിട്ടലക്ഷേത്രവും അതിനു ശേഷം കണ്ട ലിഖിതവിഷ്ണു ക്ഷേത്രവും മനസ്സില്‍ ഉണര്‍ത്തിയ വികാരം നഷ്ടബോധം തന്നെയായിരുന്നു. 'സംരക്ഷിത സ്മാരകങ്ങള്‍' എന്ന പേരില്‍ അറിയപ്പെടേണ്ടി വരുന്ന, തകര്‍ന്നടിഞ്ഞ ചരിത്രാവശിഷ്ടങ്ങളുടെ നിസ്സഹായത എന്നെ വല്ലാതെ വേദനിപ്പിച്ചു. അവിടെയുള്ള ഓരോ കല്‍സ്തൂപങ്ങളും തൊട്ടും തലോടിയും ഞാനവരോടൊക്കെ എന്റെ സങ്കടം പങ്കു വെക്കുകയും ചെയ്തു.

രാജകുമാരിമാരുടെ വിരല്‍ തൊടുമ്പോള്‍ സപ്തസ്വരങ്ങള്‍ മുഴക്കിയിരുന്ന കല്‍മണ്ഡപങ്ങള്‍ നിശബ്ദരായി ഞങ്ങള്‍ക്കു മുന്നില്‍ വിളര്‍ത്തു നിന്നു. സന്ദര്ശകരുടെ  പരീക്ഷണക്കൊട്ടലുകളുടെ താളമില്ലായ്മകളില്‍  ശ്രുതിതെറ്റിയ സംഗീതം പൊഴിച്ചുകൊണ്ട്, നഷ്ടപ്പെട്ട സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മകളിലെന്നോണം അവ തണുത്തുറഞ്ഞുപോയിരുന്നു.

പണ്ടെപ്പോഴോ ഈശ്വരന്‍മാരായി , ആരാധ്യരായിരുന്ന കല്‍പ്രതിമകള്‍ ഗര്‍ഭഗൃഹങ്ങളിലിരുന്ന് തങ്ങളുടെ സ്വത്വം അന്വേഷിക്കുന്നതിന്റെ വേവലാതികളും എന്നെ പിന്‍തുടരാതിരുന്നില്ല. ഞങ്ങള്‍ സന്ദര്‍ശിച്ച ഒന്നുരണ്ട് ക്ഷേത്രങ്ങളിലെങ്കിലും ആരാധനകളില്ലെങ്കിലും വിഗ്രഹം ഭദ്രമായി  സംരക്ഷിച്ചിട്ടുണ്ടെന്ന പ്രതീക്ഷകള്‍ ലോക്കല്‍ ഗൈഡുകള്‍ പങ്കുവെച്ചു. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലിടം പിടിച്ചതിനാല്‍ അങ്ങിനെയൊരു ക്ഷേത്രാന്തരീക്ഷത്തിന് ഇനി സാദ്ധ്യതയേ അവശേഷിക്കുന്നില്ലെന്ന് പ്രായോഗികവാദിയായ പുതു തലമുറയിലെ ഒരു ഗൈഡ് പിന്നില്‍ നിന്ന് പിറുപിറുത്തു കൊണ്ട് പല വിഗ്രഹങ്ങളും അവിടത്തെ മ്യൂസിയത്തിലുണ്ടെന്നും മ്യൂസിയം കാണുന്നത് ഒഴിവാക്കരുതെന്നും അയാള്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു.

ഇനിയും കാണാന്‍ പോവുന്ന ഹസാരരാമ ക്ഷേത്രത്തിന്റെ മഹത്വത്തെക്കുറിച്ച് ഞാന്‍ എവിടെയൊക്കെയോ വായിച്ചിരുന്നു. കൊത്തുപണികളുടെ കൃത്യതയും സൂക്ഷ്മതയും കാരണമാവണം കാലത്തിനും, എന്തിന്, ആക്രമണങ്ങള്‍ക്ക് പോലും അവയെ പരിപൂര്‍ണ്ണമായി സ്പര്‍ശിക്കാനായിട്ടില്ല.

കാലവും പ്രകൃതിയും അസഹിഷ്ണുക്കളായ ശത്രുക്കളും പല വഴി ശ്രമിച്ചതാണ് ഈ കൊത്തുപണികളുടെ മനോഹാരിത ഇല്ലാതാക്കാന്‍. മൂക്കും മുലയും നഷ്ടപ്പെട്ട സ്ത്രീ രൂപങ്ങളും കൊമ്പും തുമ്പിക്കൈയും നഷ്ടപ്പെട്ട കരിങ്കല്‍ ആനകളും അംഗഭംഗം വന്ന വ്യാളീ രൂപങ്ങളും മനസ്സിലുണര്‍ത്തിയ സങ്കടം ചെറുതായിരുന്നില്ല.

പേരറിയാത്ത എത്രയോ കലാകാരന്‍മാരുടെ ദീര്‍ഘകാലത്തെ ആത്മസമര്‍പ്പണത്തിന്റെ അടയാളങ്ങളാണ് ഇനിയൊരിക്കലും പഴയതുപോലെയാവാത്ത വിധത്തില്‍ വാള്‍ത്തുമ്പില്‍ തകര്‍ന്നടിഞ്ഞ് കിടക്കുന്നത് എന്ന തിരിച്ചറിവാണ് എന്നില്‍ വിഷാദമായി പെയ്‌തൊഴിഞ്ഞത്.

തങ്ങളുടെ നാടിന്റെ പ്രൗഢകാലത്തെക്കുറിച്ച് അഭിമാനിക്കുന്നവരായിരുന്നു അവിടെ കണ്ട നാട്ടുകാരോരുത്തരും.
ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു നാടിന്റെ ചരിത്രം പഴയ കൊട്ടാര അവശിഷ്ടങ്ങളില്‍ നിന്നും കല്‍മണ്ഡപങ്ങളിലെ ലിഖിതങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ നേരിട്ട് കണ്ടറിഞ്ഞു.

ഹസാര രാമക്ഷേത്രത്തില്‍ ഞങ്ങളെത്തുമ്പോള്‍ സന്ദര്‍ശകരുടെ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. വിദേശീയരായ സഞ്ചാരികള്‍ കൊത്തുപണികളുടെ സൂക്ഷ്മാംശങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലാണ്.

 ആ കൂട്ടത്തില്‍ കന്നടയില്‍ സംസാരിക്കുന്ന ഒരു അര്‍ദ്ധ അമേരിക്കന്‍ കുടുംബവുമുണ്ടായിരുന്നു.  തന്റെ നാടും അതിന്റെ പാരമ്പര്യ
സംസ്‌കാരങ്ങളും കാണിക്കാനായി അമേരിക്കന്‍ സ്വദേശിയായ ഭര്‍ത്താവിനെയും മക്കളെയും കൊണ്ട് നാടുകാണാന്‍ വന്ന കന്നടിഗ വനിത  കഴിഞ്ഞ രണ്ട് സ്‌പോട്ടിലും കണ്ടതിനാലാവണം സൗഹൃദത്തിന്റെ പുഞ്ചിരി ഞങ്ങള്‍ക്ക് നേരെ നീട്ടിയെറിഞ്ഞു.

ഹസാര രാമക്ഷേത്രത്തിന്റെ ചരിത്രവും കൊത്തുപണികളുടെ സൗന്ദര്യവും സൂക്ഷ്മതയും
ഞങ്ങള്‍ക്കായും ആ സ്ത്രീ വിവരിച്ചു. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇവിടെ വന്ന ഓര്‍മ്മകളും , അപ്പ പറഞ്ഞ ചരിത്ര പുരാണ കഥകളും അവര്‍ ഓര്‍ത്തെടുത്തു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ദേവരായ രണ്ടാമന്‍ പണികഴിപ്പിച്ച ഇത് വിജയനഗര രാജാക്കന്‍മാരുടെ കുടുംബ ക്ഷേത്രമാണ്. ശ്രീരാമചരിത്രം  പുറംഭിത്തികളില്‍ ശില്പരൂപത്തില്‍ ആലേഖനം ചെയ്യപ്പെട്ടതു കൊണ്ടാണ് ഈ ക്ഷേത്രത്തിന് ഹസാരരാമക്ഷേത്രമെന്ന് പേര് വന്നത്. രാമായണകഥയിലെ രാമന്റെ   വിവിധ കാലത്തിലും ഭാവത്തിലുമുള്ള ആയിരത്തിലധികം ശില്പങ്ങളാണ് ഇവിടെ ചുവരുകളില്‍ നിറഞ്ഞ് നില്ക്കുന്നത്.

രാമചരിതം മാത്രമല്ല ഇവിടത്തെ ശില്പങ്ങള്‍ പറയുന്നത്. പുരാണ കഥകളിലെ ശ്രീകൃഷ്ണചരിത്രവും മറ്റ് ഉപദെവങ്ങളും,  ആന, കുതിര, ഒട്ടകങ്ങള്‍, നൃത്തം ചെയ്യുന്ന സ്ത്രീകള്‍ എന്നിവകളടങ്ങിയ ദസറഘോഷയാത്രയും ചുവര്‍ശില്പങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഗോവര്‍ദ്ധന പര്‍വ്വതം തലയിലേറ്റി ശാന്തനായി വേണുഗാനമുതിര്‍ക്കുന്ന ഉണ്ണിക്കണ്ണനൊപ്പം കാളിയന്റെ മേല്‍ താണ്ഡവനൃത്തമാടുന്ന കോപാകുലനായ ശ്രീകൃഷ്ണനേയും, വിവിധ ദേവീഭാവങ്ങളും നമുക്കവിടെ കാണാം.

ദൈവങ്ങളുടെയും മനുഷ്യരുടെയും  സൂക്ഷ്മ ഭാവങ്ങള്‍ പോലും ആ അനശ്വര കലാകാരന്‍മാര്‍ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.
മറ്റ് ക്ഷേത്രങ്ങളെപ്പോലെ നിറയെ കൊത്തുപണികളും വ്യാളീമുഖങ്ങളുമുള്ള കല്‍മണ്ഡപങ്ങളും മന്ദിരങ്ങളും ഇവിടെയും കാണാം.

ശാന്തഗംഭീരമായ നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഗര്‍ഭഗൃഹത്തിനു മുന്നില്‍ നിശബ്ദരായി പടിഞ്ഞിരിക്കുന്ന വിദേശ ദമ്പതികള്‍ ഞങ്ങളെയും അവിടേക്ക് ക്ഷണിച്ചു , ഈ ശില്പങ്ങള്‍ക്ക് പിന്നിലുള്ള കഥകളിലെ കൗതുകം പങ്കുവെച്ചു.

മേല്‍ക്കൂരകളിലെ സൂക്ഷ്മമായ കൊത്തുപണികളിലെ താമരകള്‍ എങ്ങിനെയാവാം കൊത്തിയിട്ടുണ്ടാവുക എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.

അത്യാംഡംബരത്തില്‍ കഴിഞ്ഞിരുന്ന ദൈവങ്ങളുടെ ഇന്നത്തെ സ്ഥിതിയോര്‍ത്ത് നെടുവീര്‍പ്പിട്ടു കൊണ്ട് ഞങ്ങളും അവിടെ നിന്നിറങ്ങി..

കണ്ടുതീര്‍ക്കാന്‍ കാഴ്ചകള്‍ ഏറെയുണ്ട്. അടുത്തത് രാജകൊട്ടാരങ്ങള്‍ക്ക് ചുറ്റുമുള്ള കാഴ്ചകളാണ്. ക്വീന്‍സ് ബാത്ത്, റോയല്‍ എന്‍ക്ലോഷര്‍ എന്നിവിടങ്ങളെ ലക്ഷ്യമാക്കി ഞങ്ങളുടെ ഓട്ടോ നീങ്ങി...

ഹംപിയിലെ കാഴ്ചകള്‍ തുടരും...

ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ 5: (സംഗീതമുണര്‍ത്തുന്ന കല്‍മണ്ഡപങ്ങളും ആയിരം രാമന്‍മാരും: മിനി വിശ്വനാഥന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക