പെരിയ ഇരട്ടക്കൊല കേസ്; അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റില്‍

Published on 01 December, 2021
പെരിയ ഇരട്ടക്കൊല കേസ്;  അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റില്‍
പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരാണ് കേസില്‍ പ്രതികള്‍. സി.പി.ഐ.എം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 

കേസില്‍ ഒന്നാം പ്രതി സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ്.

കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക