വിമാനയാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ സിഡിസി ശുപാർശ ചെയ്തു; തീരുമാനം വ്യാഴാഴ്ച

Published on 01 December, 2021
വിമാനയാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ സിഡിസി ശുപാർശ ചെയ്തു; തീരുമാനം വ്യാഴാഴ്ച

24 മണിക്കൂറിനിടയിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ  വിമാനമാർഗം അമേരിക്കയിൽ പ്രവേശനം അനുവദിക്കാവൂ എന്ന് സിഡിസി ശുപാർശ ചെയ്തു. ഒമിക്രോൺ വകഭേദത്തിനെ ചെറുക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ഈ മാറ്റം, അമേരിക്കൻ പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമാകും.

നിലവിൽ, വാക്സിനേഷൻ പൂർത്തീകരിച്ച യാത്രക്കാർ മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് നെഗറ്റീവായ ഫലം കാണിച്ചാൽ രാജ്യത്ത് എത്താം. വാക്സിൻ എടുക്കാത്തവർ അന്നേ ദിവസത്തെ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നുള്ള രേഖ ഹാജരാക്കണം.
 
 വിദേശ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ അമേരിക്കയിലെത്തുമ്പോൾ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണമെന്നും  സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും സിഡിസി ഡയറക്ടർ റോഷൽ വാലൻസ്കി നിർദ്ദേശിച്ചു.
 
ഈ നിർദ്ദേശങ്ങൾ നടപ്പാക്കണോ എന്ന് ഗവണ്മെന്റ് ഏജൻസികൾ പരിശോധിച്ചുവരികയാണെന്ന് റിപോർട്ടുണ്ട്. കൂടുതൽ കടുത്ത  നിയന്ത്രണങ്ങൾ സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കാം.
ഒമിക്രോൺ ആശങ്കയുടെ തുടക്കത്തിൽ തന്നെ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഏഴ് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള  വിദേശ യാത്രികർക്ക് വൈറ്റ് ഹൗസ് പ്രവേശനവിളക്ക് ഏർപ്പെടുത്തി.
രോഗവ്യാപന സാധ്യത കൂടുതൽ കല്പിക്കപ്പെടുന്ന 'ലെവൽ 4 ' വിഭാഗത്തിലെ 80 രാജ്യങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര നടത്തരുതെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക