വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

Published on 01 December, 2021
വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)
വയറിൻ വിശപ്പകറ്റാൻ
അലയുന്ന ലോകത്ത്
ആരാരുമറിയാതെ
പിടയുന്ന ചിതൽ തിന്നുന്ന
വിശപ്പിൻ നാദങ്ങളനേകമുണ്ട്

ഏകാന്തത
മധുരിച്ചു തുടങ്ങിയാലും
ചേർന്നിരിക്കാൻ കൂട്ടുകൂടാൻ
വിശക്കുന്നുണ്ടിന്നിൻ
മൗനങ്ങൾക്ക്

നിഷ്കളങ്കമാം ചെറുചിരിയിൽ
മതിമറയുന്ന നേരത്തും
മധുര വേദന പുൽകിടാൻ
അതിരില്ലാതെ
വിശക്കുന്ന വയറുകൾ

അമ്മയെന്ന മധുരകാവ്യം
ഉച്ചത്തിൽ ചൊല്ലിടാൻ
അടങ്ങാത്ത വിശപ്പുണ്ട്
ഇന്നിൻ തെരുവുകൾക്ക്
മുഷിഞ്ഞു ചളി പുരണ്ട
പുഞ്ചിരികൾക്ക്

പ്രണയം തുടിക്കും ഹൃദയം
രുചിച്ചു നോക്കിയാൽ കാണാം
ഉറ്റവരാൽ വീർപ്പുമുട്ടി
ഉറക്കി കിടത്തിയിട്ടും
വീർത്തു പൊട്ടാനൊരുങ്ങുന്ന
ഒന്നിച്ചിടാനുള്ള വിശപ്പ്

തികയാതെ വന്നപ്പോൾ
വിശപ്പില്ലെന്ന് സ്നേഹം പറഞ്ഞിട്ടും
ചുളിഞ്ഞ നേരത്ത്
സ്നേഹ പുഞ്ചിരിക്കായ്
വിശന്നു മൂലക്കിരിക്കുന്നവരുണ്ട്

വൈകല്യം
കൂടെപ്പിറപ്പായതിൽ പിന്നെ
അതിരുകളിലിരുന്ന്
ലോകം കാണുന്ന നേരത്ത്
സഹതാപസ്നേഹത്തിനപ്പുറം
ചാടികടക്കാൻ വിശക്കുന്നവർ

ഒരിക്കൽ വിശപ്പറിഞ്ഞാൽ
തടഞ്ഞു വെക്കില്ല,
അതിരു വരക്കില്ല
ഒളിഞ്ഞു നിൽക്കില്ല,
ഇറങ്ങി നടക്കില്ല
ഭാക്ഷണത്തിലും, സ്നേഹത്തിലും..!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക