മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

Published on 02 December, 2021
മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )
വളരെ ഹൃദയസ്പർശിയായ ഒരു ജീവിതകഥയാണ് മായയുടെ 'മായ':
 "നാലാംവിരലിൽ വിരിയുന്ന മായ!"

 ആദ്യാവസാനം ഒരേ ഇരിപ്പിൽ വായിക്കാൻതോന്നുന്ന ഒരു ജീവിതകഥയാണിത്. ശാന്തമായി ഒഴുകുന്ന ഒരു അരുവിപോലെ സുന്ദരമായ, സുഗമമായ എഴുത്ത്. മായയുടെ അസാധാരണമായ ജീവിതത്തിലെ അതിതീവ്രമായ വേദനയുടെ കഥയാണെങ്കിലും, ഇതു വായിക്കാൻ സുഖമാണ്. കണ്ണുനീരിൽ എഴുതിയതല്ല, വളരെ ലാഘവത്തോടെ ഒരു തമാശക്കഥ പറയുന്നപോലെയാണ് മായയുടെ എഴുത്ത്.

 സ്വന്തം ജീവിതത്തിലെ, ആടിപ്പാടിനടന്ന ആദ്യത്തെ പതിനഞ്ചു വർഷത്തിനുശേഷം പ്രീ യൂണിവേഴ്‌സിറ്റിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്ന മായയ്ക്ക്  ഇതിനിടയിൽ ഒരപൂർവ്വരോഗം ബാധിച്ചു. കൈവിരലുകളിൽ തുടങ്ങിയ ശക്തമായ വേദനയും നീരും പതിയെപ്പതിയെ മറ്റു ചെറുതും വലുതുമായ ശരീരത്തിലെ എല്ലാ ജോയിന്റുകളെയും ബാധിച്ച് സ്വയം നടക്കാനും ചലിക്കാനുമാകാതെ ഒരു കിടപ്പുരോഗിയായിത്തീർന്നു, മായ.
  ഇന്ന് 30 വർഷത്തിലേറെയായി ഒരു മുറിയിൽ ഒരു കിടക്കയിൽ ജീവിക്കുമ്പോഴും മായ വളരെ പ്രസന്നതയോടെയാണ് തന്റെ ജീവിതത്തെപ്പറ്റി എഴുതുന്നത്. ദീർഘകാലം കാലു നിലത്തുകുത്തുവാൻ സാധിയ്ക്കാത്ത മായ ഒരിടത്തു എഴുതുന്നു:
" 32 വർഷമായി ഭൂമിദേവിയെ ഒരു പാദസ്പർശംകൊണ്ടു ഞാൻ വേദനിപ്പിച്ചിട്ടില്ല!". പിന്നീട് ഒരിടത്തു ചോദിയ്ക്കുന്നു:  "ജീവിതംതന്നെ ഒരു വലിയ തമാശയല്ലേ.?"
   വർഷങ്ങളായനുഭവിക്കുന്ന തീവ്രമായ വേദനകളിൽനിന്നും, മനസ്സിന്റെ തളർച്ചയിൽനിന്നും തന്റെ നിസ്സഹായതകളെല്ലാം മറന്ന്, സന്തോഷമായി ചിരിക്കാനും സംസാരിക്കാനും സുന്ദരമായ കവിതകളും പുസ്തകങ്ങളും എഴുതുവാനും പുറംലോകത്തിന് ആവേശവും ഉത്തേജനവും നൽകുവാനും ഇന്ന് മായയ്ക്കാവുന്നു.
ആ ഒരു സ്ഥിതിയിലേക്ക് മായയുടെ മനസ്സ് പരിവർത്തനം ചെയ്യപ്പെടുന്നതിന് കാരണമായി മൂന്ന് കാര്യങ്ങൾ മായയുടെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.
ഈ ആകസ്മിക അനുഭവങ്ങളെപറ്റിയുള്ള മായയുടെ വിവരണം വളരെ ഹൃദ്യവും രസകരവുമാണ്!

 ഇതാണ് മായയുടെ ജീവിതകഥയുടെ കാതൽ. അതിന്റെ കാന്തശക്തിയും.
മായയുടെ പുസ്തകത്തെപറ്റി എഴുതിയിട്ടുള്ള എല്ലാ നിരൂപണങ്ങളിലും അഭിനന്ദിച്ചിട്ടുള്ള ഒരു കാര്യമാണ് സ്വന്തംവേദനയിൽനിന്നും, ദുഃഖത്തിൽനിന്നും മായ പുറംലോകത്തിന് വെളിച്ചവും പ്രചോദനവും നൽകുന്ന കാര്യം.
മായയുടെ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിയ്ക്കുണ്ടായ പ്രധാനവിചാരവും ഇതുതന്നെയായിരുന്നു. അതോടെ വളരെക്കാലമായി എന്റെ മനസ്സിൽ ഉറഞ്ഞുകിടന്ന ഒരു കവിതാശകലം ഓർമ്മയിൽക്കയറിവന്നു.
വിശ്വവിഖ്യാതനായ മഹാകവി ജി ശങ്കരക്കുറുപ്പ് (മായയുടെ നാട്ടുകാരൻ, നായത്തോട് / അങ്കമാലി,)
വളരെകാലം മുൻപ് (1955-ഇൽ!), മഹാരാജാസ്‌ കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന എന്റെ ഓട്ടോഗ്രാഫിൽ കുറിച്ച ആ അനശ്വരമായ വരികൾ:  
       "ജീവിതമെനിക്കൊരു
       ചൂളയായിരുന്നപ്പോൾ
       ഭൂവിനാ വെളിച്ചത്താൽ
       വെണ്മ ഞാനുളവാക്കി" എന്നതായിരുന്നു.
 തന്റെ ഉള്ളിൽ എരിയുന്ന തീയ് , തനിയ്ക്കുണ്ടാക്കുന്ന പൊള്ളലും വേദനയും മറന്ന് അത് പുറംലോകത്തിന് കൊടുക്കുന്ന വെളിച്ചത്തെപ്പറ്റി സന്തോഷിക്കുന്ന ഒരു നക്ഷത്രത്തെപ്പറ്റിയാണ് മഹാകവി ജി ഈ വരികളിൽ പറയുന്നത്. (കവിത : നക്ഷത്രഗീതങ്ങൾ.)
 തന്റെ നാട്ടിൽ ഉദിക്കാനിരിക്കുന്ന 'മായ'യെന്ന ഒരു കൊച്ചുനക്ഷത്രത്തെപ്പറ്റിക്കൂടിയാവാം അദ്ദേഹം ഈ ഭാവനാസാന്ദ്രമായ വരികളിൽ എഴുതിയത്!  
ജീവിതപ്രതിസന്ധികളെ തരണംചെയ്യാൻ, മനസ്സിനു കരുത്തുകൊടുക്കാൻ സ്വന്തം അനുഭവങ്ങളിലൂടെ പഠിപ്പിക്കുന്ന മായയുടെ ഈ പുസ്തകം എല്ലാവർക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്ക് പ്രചോദനവും മർഗ്ഗദർശിയും ആകുമെന്നതിന് സംശയമില്ല.  
 മായയ്ക്ക് എല്ലാ ഭാവുകങ്ങളും,സ്നേഹാശംസകളും നേരുന്നു.  
Dr T Pankaj  
( Rtd )  Principal Economist,
South Asia Region, World Bank
Washington DC

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )
Ajay Narayanan 2021-12-06 13:19:20
മായയുടെ നാലാം വിരൽ ഡോ. പങ്കജ് കരുണയോടെ തൊട്ടു. ആശംസകൾ മായ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക