മലയിന്‍ കീഴ് പോക്‌സോ കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ഡിജിപി

ജോബിന്‍സ് Published on 02 December, 2021
മലയിന്‍ കീഴ് പോക്‌സോ കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ഡിജിപി
തിരുവനന്തപുരം മലയിന്‍കീഴില്‍ പോക്‌സോ കേസ് പ്രതിക്കൊപ്പം ഇരയെ താമസിപ്പിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുമ്പോള്‍ വിഷയത്തില്‍ ഡിജിപി ഇടപെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ എസ്പിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. 

പീഡനക്കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം പോലീസ് അമ്മയേയും ആറ് വയസ്സുകാരി മകളേയും താമസിപ്പിക്കുകയായിരുന്നു. പോക്‌സോ കേസിലെ പ്രതി കണ്‍മുന്നിലുണ്ടായിട്ടും നടപടികള്‍ വൈകിപ്പിച്ച പൊലീസ്, ഇതേ പ്രതിയുടെ പരാതിയില്‍ ഇരയായ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസം ആണ് ഈ അമ്മ ജയിലില്‍ കിടന്നത്. ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേല്‍പിച്ചു.ഈ കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്. 

മാട്രിമോണിയില്‍ പരസ്യത്തിലൂടെയാണ് മുബൈ മലയാളിയായ യുവതി തിരുവനന്തപുരത്തുള്ള എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും എന്നാല്‍ വിവാഹശേഷം യുവതിയുടെ ആറ് വയസ്സുള്ള മകളെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയും ഇതില്‍ പരാതി നല്‍കാതിരിക്കാന്‍ കുട്ടിയേയും അമ്മയേയും വീട്ടുതടങ്കലിലാക്കുകയുമായിരുന്നു. 

യുവതി തന്റെ മകനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെന്നും വ്യോമസേനാ ഉദ്യോഗസ്ഥന്‍ പോലീസില്‍ പരാതി നല്‍കി. ഇതന്വേഷിക്കാന്‍ വന്നപ്പോഴാണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി പോലീസിനോട് പറയുന്നത്. എന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ പോലീസ് യുവതിയേയും കുഞ്ഞിനേയും അവിടെ നിര്‍ത്തി. 

ഇതിനുശേഷം യുവതി പുറത്തുവന്ന് മജിസ്‌ട്രേട്ടിന് മൊഴി നല്‍കുകയും മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് തെളിയുകയും ചെയ്തിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല പകരം ഇവരെ വീണ്ടും പ്രതിക്കൊപ്പം താമസിപ്പിച്ചു. 

പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ പോലീസ് ഇയാളുടെ പരാതിയില്‍ യുവതിയെ അറസ്റ്റ് ചെയ്തു. യുവതി 45 ദിവസം ജയിലില്‍ കിടന്നപ്പോള്‍ പോക്‌സോ കേസില്‍ പിന്നീട് അറസ്റ്റിലായ പ്രതി രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങുകയും ചെയ്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക